ചെങ്ങന്നൂര്‍: ചെറിയനാട് ഭാസ്‌കരകാരണവര്‍ വധക്കേസിലെ ഒന്നാംപ്രതി ഷെറിനെ ജയില്‍ മോചിതയാക്കുന്നതിനു പിന്നില്‍ ഉന്നത സ്വാധീനമുണ്ടെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ മന്ത്രി ഗണേഷ് കുമാറിനെതിരെ ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാല രംഗത്തു വന്നു കഴിഞ്ഞി. ഗണേഷ് ഇടപെട്ടാണ് ഷെറിന് മോചനത്തിനുള്ള വഴിയൊരുക്കുന്നത് എന്നതാണ് ആരോപണം. ഇതോടെ വിഷയം രാഷ്ട്രീയമായി മാറിക്കഴിഞ്ഞു. ആരോപണം ഒരു വശത്തു നടക്കുമ്പോഴും ഇതില്‍ പ്രതികരിക്കാന്‍ ഗണേഷ് തയ്യാറായിട്ടില്ല.

ഇതിനിചെ കേസിലെ മന്ത്രിതല ഇടപെടല്‍ ആരോപണവുമായി കാരണവരുടെ ബന്ധുവും കേസിലെ ഒന്നാംസാക്ഷിയുമായ അനില്‍ ഓണമ്പള്ളിയും രംഗത്തുവന്നു. ഒരു മന്ത്രിയുടെ പങ്ക് പറഞ്ഞുകേള്‍ക്കുന്നുണ്ട്. ഇതെന്തു സന്ദേശമാണു നല്‍കുന്നത്? സ്വാധീനമുണ്ടെങ്കില്‍ ഏതു കുറ്റകൃത്യത്തില്‍നിന്നും ആര്‍ക്കും രക്ഷപ്പെടാമെന്നാണോ? -അനില്‍ ചോദിച്ചു.

ഇക്കാര്യത്തിലെ തുടര്‍നടപടി കാരണവരുടെ അമേരിക്കയിലുള്ള മൂത്ത മകനുമായും മറ്റും ആലോചിച്ചു തീരുമാനിക്കും. ഗവര്‍ണര്‍ക്ക് പരാതി നല്‍കാനും ആലോചനയുണ്ട്. കേസിലെ പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന അഡ്വ. കെ.എം. രാജഗോപാലപിള്ളയുടെ അഭിപ്രായവും തേടുമെന്നും അനില്‍ പറഞ്ഞു. മന്ത്രിസഭാ യോഗത്തിന് അംഗീകാരം നല്‍കേണ്ടത് ഗവര്‍ണറാണ് എന്ന സാഹചര്യം ഉള്ളതു കൊണ്ട് ഷെറിന്റെ കാര്യത്തില്‍ ഇനി കടുത്ത നിലപാടുകള്‍ ഉണ്ടാകുമെന്നാണ് സൂചന

പത്തനാപുരം സ്വദേശിനിയായ ഷെറിനെ വിട്ടയക്കാന്‍ കഴിഞ്ഞ മന്ത്രിസഭാ യോഗമാണു തീരുമാനിച്ചത്. 2009-ല്‍ ചെങ്ങന്നൂര്‍ ചെറിയനാട്ടു നടന്ന കൊലപാതകത്തില്‍ കാരണവരുടെ മകന്റെ ഭാര്യയായ ഷെറിനെയും കാമുകനെയും മറ്റു രണ്ടു പേരെയുമാണു ശിക്ഷിച്ചത്. മൂന്നു ജീവപര്യന്തമായിരുന്നു ഷെറിനുള്ള ശിക്ഷ. ഇതില്‍ 14 വര്‍ഷം ജയിലില്‍ പൂര്‍ത്തിയാക്കി. ഇതും സ്ത്രീയും അമ്മയുമെന്നും പരിഗണിച്ചാണ് ഷെറിനെ മോചിപ്പിക്കാനുള്ള സര്‍ക്കാര്‍ നടപടി. മറ്റു പ്രതികള്‍ ജയിലില്‍ തുടരും.

എന്നാല്‍, 20 വര്‍ഷത്തിലധികമായി ജയിലില്‍ കഴിയുന്ന സ്ത്രീകളുണ്ടെന്ന് അനില്‍ മാധ്യമങ്ങളോടു പറഞ്ഞു. ഷെറിന് ഒട്ടേറെത്തവണ പരോള്‍ കിട്ടിയത് അനധികൃതമായാണെന്നും അദ്ദേഹം ആരോപിച്ചു. സ്വത്തിന്റെ ഒരുഭാഗം ഷെറിനു നല്‍കിക്കൊണ്ട് തയ്യാറാക്കിയ വില്‍പ്പത്രം ഭാസ്‌കരകാരണവര്‍ പിന്നീടു റദ്ദാക്കിയതാണ് കൊലയ്ക്കുള്ള മുഖ്യകാരണം. കൊലനടന്ന ചെറിയനാട്ടെ കാരണവേഴ്‌സ് വില്ലയില്‍ കാരണവരുടെ മകന്റെ ബന്ധുവാണ് ഇപ്പോള്‍ താമസം.

അതേസമയം കാരണവര്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട ഷെറിന് ശിക്ഷായിളവ് നല്‍കിയതിന് പിന്നില്‍ അസ്വാഭാവികതകളൊന്നുമില്ലെന്ന് കണ്ണൂര്‍ വനിതാ ജയില്‍ ഉപദേശക സമിതി അംഗം എം.വി.സരള ഇന്നലെ വ്യക്തമാക്കിയിരുന്നു. ജയിലില്‍ വച്ച് മാനസാന്തരം വന്നു. ഷെറിനില്‍ ഇപ്പോള്‍ കുറ്റവാസന ഇല്ല. ഉപദേശക സമിതിക്ക് ഇക്കാര്യത്തില്‍ ഒരു പ്രത്യേക താത്പര്യവുമുണ്ടായിട്ടില്ല.പതിനെട്ടു വര്‍ഷവും 5 മാസവും 24 ദിവസവും ഷെറിന്‍ ശിക്ഷ അനുഭവിച്ചു. ശിക്ഷായിളവ് നല്‍കുന്നതുമായി ബന്ധപ്പെട്ട് എല്ലാ രീതിയിലുളള പരിശോധനകളും നടന്നിട്ടുണ്ട്. പൊലീസ് റിപ്പോര്‍ട്ടും ഷെറിന് അനുകൂലമായിരുന്നു.

ഇതേ തുടര്‍ന്നാണ് വിടുതല്‍ നല്‍കുന്നതിന് ഉപദേശക സമിതി അനുകൂല നിലപാട് സ്വീകരിച്ചതെന്നും എം.വി.സരള പറഞ്ഞു. .ഷെറിന് ശിക്ഷയിളവ് നല്‍കിയത് മുന്‍ഗണന ലംഘിച്ചെന്ന് ആരോപണം ഉയര്‍ന്നതിന്റെ അടിസ്ഥാനത്തിനായിരുന്നു ജയില്‍ വിശദീകരണം. 20 വര്‍ഷം ശിക്ഷ അനുഭവിച്ച രോഗികളുള്‍പ്പടെ അര്‍ഹരായവരെ പിന്തള്ളിയാണ് ഷെറിന് അനുകൂലമായി ഫയല്‍ നീങ്ങിയതെന്നായിരുന്നു ആരോപണം. ശിക്ഷാ കാലയളവില്‍ വിവിധ ജയിലുകളില്‍ ഷെറിന്‍ ഉണ്ടാക്കിയ പ്രശ്‌നങ്ങള്‍ പരിഗണിച്ചില്ലെന്നും ആക്ഷേപമുണ്ടായിരുന്നു. മന്ത്രിസഭാ ശിപാര്‍ശ ഗവര്‍ണര്‍ കൂടി അംഗീകരിച്ചാല്‍ മാത്രമെ ഷെറിന് പുറത്തിറങ്ങാന്‍ സാധിക്കൂ.

വിഷയം രാഷ്ട്രീയമായി വിവാദമായതോടെയാണ് ഗണേഷ് കുമാറിനെതിരെ ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാല രംഗത്തുവന്നത്. ഇവര്‍ പത്തനാപുരം സ്വദേശിയാണ്, ഇവരെ സംബന്ധിച്ച് പരോള്‍ ലഭിച്ച് സ്റ്റേഷനില്‍ പോയി ഒപ്പിടണമെന്ന് പറയുമ്പോള്‍ അവരോടൊപ്പം എല്ലാ ദിവസവും പോകുന്നത് കെ ബി ഗണേശ് കുമാറിന്റെ സന്തത സഹചാരി പ്രദീപാണ്. ഞാന്‍ ചലഞ്ച് ചെയ്യുന്നു പ്രദീപും ഈ സ്ത്രീയും ഉള്‍പ്പെടെ എല്ലാ ദിവസവും പോയി ഒപ്പിട്ടതിന്റെയും പ്രദീപ് കൂടെ പോയതിന്റെയും സിസിടിവി ദൃശ്യങ്ങള്‍ പത്തനാപുരം സ്റ്റേഷനില്‍ പരിശോധിച്ചാല്‍ കിട്ടും, ഇല്ലെങ്കില്‍ എനിക്കെതിരെ കേസെടുക്കട്ടെ എന്നാണ് ജ്യോതികുമാരിന്റെ വെല്ലുവിളി.

ഞാന്‍ ഒരാളെക്കുറിച്ചേ പറയുന്നുള്ളു ഇനിയാരെങ്കിലുമുണ്ടോയെന്ന് അറിയില്ല. സിസിടിവി ദൃശ്യങ്ങള്‍ സൂക്ഷിക്കണമെന്ന് പറയാനായി എസ്പിയെ വിളിച്ചപ്പോള്‍ അദ്ദേഹം ഫോണ്‍ എടുത്തില്ല, ഇല്ലെങ്കില്‍ അദ്ദേഹത്തോട് അത് പറയുമായിരുന്നു. പരോള്‍ കാലയളവിലാണ് സ്റ്റേഷനില്‍ ഒപ്പിടേണ്ടുന്ന ദിവസം അവരെ കൊണ്ടുവന്നിട്ട് ആരോടും സംസാരിക്കാതെ റൈറ്ററുടെ അടുത്തെത്തിച്ച് ഒപ്പീടിച്ച് കൊണ്ടുപോകുന്നത് ഈ പ്രദീപായിരുന്നു. ഇല്ലെങ്കില്‍ പറയട്ടെ അല്ലായെന്ന് അല്ലെങ്കില്‍ തനിക്കെതിരെ കേസെടുക്കട്ടെയെന്നനും ചാമക്കാല വെല്ലുവിളിച്ചു

സംസ്ഥാനത്തെ ജയിലുകളിലെ ജീവപര്യന്തം തടവുകാരായ വനിതകളില്‍ ഏറ്റവും കൂടുതല്‍ പരോള്‍ ലഭിച്ചവരില്‍ ഒരാള്‍ ഷെറിനാണ്. പലപ്പോഴായി ഒരു വര്‍ഷത്തിലേറെ സമയം ഇവര്‍ പരോളിലായിരുന്നു. ശിക്ഷിക്കപ്പെട്ട് തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലിലായിരുന്നു ഷെറിന്‍. പിന്നീട് തൃശൂര്‍ വിയ്യൂര്‍ ജയിലിലേക്കും പിന്നാലെ അട്ടക്കുളങ്ങരയിലേക്കു മാറ്റി. 2 വര്‍ഷം മുന്‍പ് കണ്ണൂര്‍ വനിതാ ജയിലിലേക്ക് ഷെറിനെ മാറ്റിയിരുന്നു.

പ്രമാദമായ ഭാസ്‌കര കാരണവര്‍ കൊലക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഷെറിനെ ജയിലില്‍ നിന്നും പുറത്തിറക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചതിന് പിന്നില്‍ ഇടതു മുന്നണി നേതാവെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. ജനം ടിവിയിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ അനില്‍ നമ്പ്യാരുടെ പോസ്റ്റാണ് വൈറലായത്. ആരാണെന്ന പേര് വിളിപ്പെടുത്താതെയാണ് ചിലതെല്ലാം അനില്‍ നമ്പ്യാര്‍ കുറിച്ചത്. പരോളിലിറങ്ങുന്ന ഷെറിനെ ജയില്‍ വളപ്പില്‍ നിന്നും കൂട്ടിക്കൊണ്ടു പോയിരുന്നത് ഇടതുമുന്നണിയിലെ ഒരു പ്രമുഖ കക്ഷിയുടെ നേതാവിന്റെ വാഹനത്തിലായിരുന്നു.

(ഇദ്ദേഹത്തിന്റെ പേര് തല്‍ക്കാലം രഹസ്യമാക്കി വെക്കുന്നു). ഈ 'മാന്യന്‍' സ്ത്രീ വിഷയത്തില്‍ ഇതിന് മുമ്പ് അന്തസ്സുള്ള ഭര്‍ത്താക്കന്മാരില്‍ നിന്നും അടി വാങ്ങി കുപ്രസിദ്ധി നേടിയ ആളാണ്.ശിക്ഷായിളവിനുള്ള ഫയല്‍ ജയില്‍ ഉപദേശക സമിതിയുടെ ശുപാര്‍ശയോടെ ദ്രുതവേഗം മന്ത്രിസഭയ്ക്ക് മുന്നിലെത്തിയതും അനുകൂല തീരുമാനം എടുപ്പിച്ചതും ഈ നേതാവാണെന്നതില്‍ സംശയമില്ല-അനില്‍ നമ്പ്യാര്‍ കുറിച്ചിരുന്നു.