തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ക്രിസ്മസ് വിരുന്നില്‍ അതിഥിയായി നടി ഭാവന എത്തിയത് സര്‍ക്കാരിന് ആശ്വാസമാകുന്നു. നടി വിരുന്നില്‍ പങ്കെടുത്തതിന്റെ ചിത്രം മന്ത്രി വി. ശിവന്‍കുട്ടിയുള്‍പ്പെടെ പങ്കുവെച്ചു. വിരുന്നില്‍ പങ്കെടുത്ത മറ്റാരുടേയും ചിത്രം മന്ത്രി പങ്കുവച്ചതുമില്ല. ഇതാണ് ഭാവനയുടെ ചടങ്ങിലെ സാന്നിധ്യത്തിന്റെ പ്രസക്തിയും.

മതനേതാക്കള്‍, സാമൂഹിക- സാംസ്‌കാരിക പ്രവര്‍ത്തകര്‍, രാഷ്ട്രീയനേതാക്കള്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ വിരുന്നില്‍ പങ്കെടുത്തു. ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ ആര്‍ലേക്കറെ ക്ഷണിച്ചിരുന്നെങ്കിലും ഗോവയിലായിരുന്നതിനാല്‍ പങ്കെടുത്തില്ല. ലോക്ഭവനില്‍ നടക്കുന്ന ഗവര്‍ണറുടെ വിരുന്നില്‍ മുഖ്യമന്ത്രി പങ്കെടുക്കും. 22-ന് ലോക്ഭവനിലെ വിരുന്ന് നടക്കും. 26-ാം കേരളാ രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്ഘാടനച്ചടങ്ങില്‍ നടി ഭാവന പങ്കെടുത്തിരുന്നു. ബംഗ്ലാദേശ് നടി അസ്മരി ഹഖിനും സംവിധായകന്‍ അനുരാഗ് കശ്യപിനും ഒപ്പമാണ് അന്ന് ഭാവന വേദിയിലെത്തിയത്. വലിയ കൈയ്യടികളും കിട്ടി. ചലച്ചിത്രമേള വേദിയില്‍ അപ്രതീക്ഷിത അതിഥിയായാണ് ഭാവന എത്തിയത്. ചലച്ചിത്ര അക്കാദമി ചെയര്‍മാനും മേളയുടെ ഡയറക്ടറുമായ രഞ്ജിത് അതിഥികളെ വേദിയിലേക്ക് ക്ഷണിക്കുമ്പോള്‍ മാത്രമാണ് ഭാവനയുടെ വരവ് പുറത്തായത്. ഈ ക്രിസ്മസ് വരുന്നിലും ഭാവന സപ്രൈസ് എന്‍ട്രിയായിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയന്റെ ക്രിസ്മസ്-പുതുവല്‍സര വിരുന്നിലെ ശ്രദ്ധാകേന്ദ്രമായിരുന്നു ഭാവന. തിരുവനന്തപുരം ഹയാത്ത് റീജന്‍സി ഹോട്ടലിലായിരുന്നു വിരുന്ന്. ഈ വിരുന്നിലേക്കാണ് ഭാവനയെ ക്ഷണിച്ചത്. സാധാരണ നിയമസഭാ ഹാളിലും കെ ടി ഡി സി ഹോട്ടലുകളിലുമാണ് ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കാറുള്ളത്. കഴിഞ്ഞ തവണ മസ്‌ക്കറ്റ് ഹോട്ടലില്‍ നടന്നത്. 2023ലാണ് ആദ്യമായി ക്രിസ്മസ് വിരുന്ന് നടത്തിയത്. രണ്ടു തവണയും കെ ടി ഡി സിയുടെ ഹോട്ടലിലായിരുന്നു. എന്തുകൊണ്ടാണ് ഇത്തവണ ഹയാത്തിലേക്ക് മാറ്റിയതെന്ന് വ്യക്തവുമല്ല. ഓണം, ബക്രീദ് ആഘോഷമെല്ലാം നിയമസഭയിലെ ശങ്കരന്‍ തമ്പി ഹാളിലാണ് നടക്കാറുള്ളത്.

ക്രിസ്മസ് വിരുന്നില്‍ അതിഥിയായി നടി ഭാവന എത്തിയത് സര്‍ക്കാര്‍ ആഘോഷമാക്കുന്നുണ്ട്. താരത്തിനൊപ്പമുള്ള ചിത്രങ്ങള്‍ വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചു. മുഖ്യമന്ത്രിയും ചിത്രത്തിലുണ്ട്. 'സര്‍ക്കാരിന്റെ ക്രിസ്മസ് വിരുന്നില്‍ ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്കും മലയാളത്തിന്റെ അഭിമാനതാരം ഭാവനയ്ക്കും ഒപ്പം' എന്ന് കുറിച്ചാണ് ശിവന്‍കുട്ടി ചിത്രം പങ്കുവച്ചത്.

വെള്ളാപ്പള്ളി നടേശന്‍, കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്‌ളിമ്മീസ് കാതോലിക്കാ ബാവ, സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി എന്നിവരും മന്ത്രിമാരും ക്ഷണിക്കപ്പെട്ട അതിഥികളും വിരുന്നില്‍ പങ്കെടുക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു.