തിരുവനന്തപുരം: അമ്മയുടെ എക്സിക്യൂട്ടീവ് കമ്മറ്റിയുടെ അപ്രതീക്ഷിത കൂട്ടരാജിയില്‍ ഞെട്ടിയിരിക്കുകയാണ് മലയാള സിനിമാലോകം. പരാതികള്‍ തുടരുമ്പോഴും അതിന് മറുപടിയുമായി സംഘടന എത്തുമെന്ന് വിചാരിച്ചിടത്തു നിന്നാണ് ഏവരെയും ഞെട്ടിച്ച് കമ്മറ്റി കൂട്ടരാജിയിലേക്ക് പോയത്.രാജിവെച്ചെങ്കിലും ക്മ്മറ്റിയിലെ അംഗങ്ങളില്‍ തന്നെ രാജിസംബന്ധിച്ച് ഭിന്നിപ്പുണ്ടായെന്ന പ്രതികരണങ്ങള്‍ സംഘടനയ്ക്ക് വീണ്ടും തലവേദന സൃഷ്ടിക്കുകയാണ്.

അതിനിടയിലാണ് മലയാള സിനിമയുടെ ഐക്കണുകളായ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും മൗനം വിമര്‍ശത്തിന് ആക്കം കൂട്ടുന്നത്.പ്രതികരിക്കാതെയുള്ള കൂട്ടരാജിയിലൂടെ രണ്ടുപേരും സമര്‍ത്ഥമായി പ്രശ്നത്തില്‍ നിന്നും തടിയൂരിയെന്നാണ് പരക്കെ ഉയരുന്ന ആക്ഷേപം.സംഭവം നടന്ന ശേഷം ഇരുവരുടെയും സമൂഹമാധ്യമ അക്കൗണ്ടും നിര്‍ജ്ജൂവമായിരിക്കുകയാണ്.ഫെയ്സ്ബുക്കും ഇന്‍സ്റ്റഗ്രാമും പ്രത്യക്ഷത്തില്‍ പൂട്ടിയില്ലെങ്കിലും സ്ഥിതി സമാനമാണ്. ആശംസകളും സിനിമാ പ്രമോഷനുമൊക്കെയായി സജീവമായിരുന്ന അക്കൗണ്ടുകളില്‍ അപ്ഡേഷന്‍ വന്നിട്ട് ദിവസങ്ങള്‍ കഴിഞ്ഞു.

ഈ കഴിഞ്ഞ ഓഗസ്റ്റ് 17നാണ് ഇരുവരുടെയും അവസാന പോസ്റ്റ്.ഓഗസ്റ്റ് 19 നാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നത്.അതിനുശേഷം ഇരുവരും സാമൂഹ്യ മാധ്യമങ്ങള്‍ സിനിമ പ്രമോഷന്‍ പോലും നടത്തിയിട്ടില്ല.നിലപാട് പ്രഖ്യാപിക്കാത്തതിലും ചെറിയൊരു പ്രതികരണം പോലും നടത്താത്തതിലും കടുത്ത വിമര്‍ശനമാണ് താരങ്ങള്‍ക്ക് നേരെ ഉയരുന്നത്.ഇരുവരുടെയും സാമൂഹിക മാധ്യമങ്ങളിലെ അവസാന പോസ്റ്റുകള്‍ക്ക് താഴെയാണ് വിമര്‍ശനങ്ങള്‍ ശക്തമാകുന്നത്. 11 ദിവസമായി താരങ്ങളുടെ സാമൂഹ്യ മാധ്യമങ്ങളില്‍ ഒന്നും കാണാനില്ലെന്ന് നെറ്റിസണ്‍സ് ചൂണ്ടിക്കാട്ടി.

നിരവധി താരങ്ങള്‍ക്കെതിരെ ആരോപണങ്ങള്‍ ഉണ്ടായിട്ടും മലയാളത്തിന്റെ താര രാജക്കന്മാര്‍ അതിനെ സംബന്ധിച്ച് ഒന്നും മിണ്ടുന്നില്ലയെന്നാണ് വിമര്‍ശനം.അമ്മയിലെ കൂട്ടരാജിക്ക് ശേഷം ഗണേഷ് കുമാര്‍ പ്രതികരിച്ച് രംഗത്തവന്നിരുന്നു.മോഹന്‍ലാലും മമ്മൂട്ടിയും മാറി നിന്നാല്‍ നയിക്കാന്‍ ആര്‍ക്കും കഴിയില്ലയെന്നാണ് ഗണേഷ് കുമാര്‍ പ്രതികരിച്ചത്.സംഘടന നശിച്ചു കാണമെന്ന് ആഗ്രഹിച്ചവര്‍ക്ക് സന്തോഷിക്കാം.താന്‍ ഉള്‍പ്പെടെയുള്ളവര്‍ കയ്യില്‍ നിന്നും കാശ് എടുത്താണ് ഈ സംഘടന പടുത്തുയര്‍ത്തിയതെന്നും ഗണേഷ് കുമാര്‍ പ്രതികരിച്ചിരുന്നു.

നിരവധി താരങ്ങളാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് ശേഷം പ്രതികരണവുമായി എത്തിയത്.പൃഥ്വിരാജ്,ഷമ്മി തിലകന്‍, ജയന്‍ ചേര്‍ത്തല, രേവതി, പ്രേംകുമാര്‍, മണിയന്‍പിള്ള രാജു, രചന നാരായണന്‍കുട്ടി,ഇന്ദ്രന്‍സ്, ജോമോള്‍, ടൊവിനോ തുടങ്ങി നിരവധി താരങ്ങള്‍ നേരിട്ടും സാമൂഹ്യ മാധ്യമങ്ങളിലൂടെയും തങ്ങളുടെ നിലപാട് വ്യക്തമാക്കിയിരുന്നു.എന്നിട്ടുപോലും വല്ല്യേട്ടന്മാര്‍ മിണ്ടാത്തതാണ് വ്യാപക വിമര്‍ശനത്തിന് വഴിവെക്കുന്നത്.

അതേസമയം അമ്മയുടെ കഴിഞ്ഞ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ യോഗത്തില്‍ ശരിക്കും എന്താണ് നടന്നതെന്ന് വെളിപ്പെടുത്തലുമായി വിനു മോഹന്‍ രംഗത്തെത്തി.ഓണ്‍ലൈന്‍ യോഗം നടന്നതിന് ശേഷമായിരുന്നു താര സംഘടന ഭരണസമിതി രാജിവയ്ക്കാന്‍ തീരുമാനിച്ചത്.ഒരിക്കലും ഭിന്നത ഉണ്ടായിട്ടില്ല.തങ്ങളുടെ ആശങ്കകള്‍ പങ്കുവെച്ചിരുന്നു എന്നും വിനു മോഹന്‍ പറയുന്നു .

ഒപ്പമുള്ളവരില്‍ സാമ്പത്തികപരമായും ആരോഗ്യകരമായും ബുദ്ധിമുട്ടുകളുള്ളവരുണ്ടെന്നും പറയുന്നു വിനു മോഹന്‍. കൃത്യമായി അവര്‍ക്ക് കൈനീട്ടം നല്‍കേണ്ടതുണ്ട്. ഇന്‍ഷൂറന്‍സ് ഒക്കെ നമ്മള്‍ നല്‍കാറുണ്ട്. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഇനി തടസ്സങ്ങള്‍ എന്തെങ്കിലും ഉണ്ടാകുമോ എന്ന ഒരു ആശങ്കയുണ്ട്. ഇത്രയും ആള്‍ക്കാരെ നമ്മള്‍ പ്രതിനിധീകരിക്കുന്നതാണ്. ഇത്രയും ആള്‍ക്കാരോട് മറുപടി പറയേണ്ടതുണ്ട്. ആ ആശങ്ക എനിക്ക് ഉണ്ടായിരുന്നു. ഫോണില്‍ അത് ഞാന്‍ സംസാരിച്ചു. പിന്നെ നമ്മുടെ ഓണ്‍ലൈന്‍ മീറ്റിംഗുണ്ടായിരുന്നു.

ഇക്കാര്യങ്ങള്‍ ആ മീറ്റിംഗിലും സംസാരിച്ചു. കൃത്യമായി മറുപടി ലഭിക്കുകയും ചെയ്തു. എന്തിനാണ് രാജിയെന്ന തോന്നല്‍ ഞങ്ങള്‍ക്ക് ആദ്യം ഉണ്ടായിരുന്നു. അതുകൊണ്ടാണ് പെട്ടെന്ന് ഓണ്‍ലൈന്‍ മീറ്റിംഗുണ്ടായത്. എല്ലാവരും അഭിപ്രായങ്ങള്‍ സംസാരിക്കുകയും ചെയ്തിട്ടുണ്ട്. ആ സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഞങ്ങള്‍ താനടക്കം അവിടെ ഒരു ഭൂരിപക്ഷ തീരുമാനത്തിന്റെ ഭാഗമായി ഒപ്പം നില്‍ക്കുകയായിരുന്നു.

പക്ഷേ ഞങ്ങളുടെ ആശങ്കകള്‍ കൃത്യമായി പറയുകയും ചെയ്തുവെന്നും വിനു മോഹന്‍ വ്യക്തമാക്കുന്നു.ഇന്നും ഓഫീസില്‍ ജോലി ചെയ്യുന്നുണ്ട്. നമ്മുടെ അടുത്ത ജനറല്‍ ബോഡി വരെ അതൊക്കെ നടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.