- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
തേഞ്ഞുതീര്‍ന്ന ടയറുകളുമായി ആ ആംബുലന്‍സ് പാഞ്ഞു; 'ചികിത്സ വൈകിപ്പിച്ച' സമരക്കാര്‍ക്കെതിരെ കേസുമെടുത്തു; സിപിഎമ്മിന്റെ പ്രതിഷേധ യോഗവും; ഒടുവില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ 'പ്രതികളാക്കിയ' ഗൂഢനീക്കം പൊളിച്ച് മരിച്ച ബിനുവിന്റെ സഹോദരിമാര്‍; പരാതി നല്‍കണമെന്ന് ആവശ്യപ്പെട്ട് ചിലര്‍ സമീപിച്ചെന്നും വെളിപ്പെടുത്തല്‍
ആംബുലന്‍സ് വിവാദത്തില്‍ പ്രതികരിച്ച് ബിനുവിന്റെ കുടുംബം
തിരുവനന്തപുരം: ആത്മഹത്യയ്ക്ക് ശ്രമിച്ച് ഗുരുതരാവസ്ഥയിലായ വിതുര മണലി സ്വദേശിയായ ആദിവാസി യുവാവ് ബിനു മരിച്ച സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ ഉയര്‍ന്ന ആരോപണം തള്ളി ബിനുവിന്റെ കുടുംബം രംഗത്ത്. കോണ്‍ഗ്രസ് - യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വാഹനം തടഞ്ഞിട്ടില്ലെന്ന് മരിച്ച ബിനുവിന്റെ സഹോദരിമാര്‍ തുറന്നു പറഞ്ഞു. ബിനുവിനെ ആംബുലന്‍സിലേക്ക് കയറ്റാന്‍ സഹായിച്ചത് യൂത്ത് കോണ്‍ഗ്രസുകാരാണ്. ഇന്നലെ വൈകിട്ട് പരാതി നല്‍കണമെന്ന് ആവശ്യപ്പെട്ട് ചിലര്‍ സമീപിച്ചിരുന്നു. എന്നാല്‍ കേസിന്റെ പിറകെ പോകാനാകില്ലെന്ന് ഞങ്ങള്‍ പറഞ്ഞു. ആരോപണത്തിന് പിന്നില്‍ രാഷ്ട്രീയമാണെന്നും കുടുംബാംഗങ്ങള്‍ ആരോപിച്ചു.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആംബുലന്‍സ് തടഞ്ഞതുമൂലം ചികിത്സ വൈകിയെന്ന സിപിഎം ആരോപണം തള്ളി ബിനുവിന്റെ സഹോദരന്‍ സുശാന്തും രംഗത്ത് വന്നു. സുശാന്തിന്റെ ഓട്ടോയിലാണ് ബിനുവിനെ ആശുപത്രിയില്‍ എത്തിച്ചത്. ആംബുലന്‍സ് വൈകിയെന്ന പേരില്‍ മുതലെടുപ്പ് വേണ്ടെന്നും സമരം മൂലം ചികിത്സ ലഭിക്കാന്‍ കാലതാമസം ഉണ്ടായിട്ടില്ലെന്നും സുശാന്ത് പറഞ്ഞു.
''ബിനുവിനെ വിതുര ആശുപത്രിയില്‍ എത്തിച്ച് ട്രിപ്പ് നല്‍കി. തുടര്‍ന്ന് 108 ആംബുലന്‍സ് വിളിക്കാന്‍ പറഞ്ഞു. ആംബുലന്‍സ് വന്നപ്പോള്‍ സമരക്കാരും വന്നു. അവരോടു കാര്യം പറഞ്ഞപ്പോള്‍ തന്നെ അവര്‍ മാറി. ഇന്‍ഷുറന്‍സ് ഇല്ലാത്ത ആംബുലന്‍സിന്റെ ടയര്‍ തേഞ്ഞു തീര്‍ന്നതാണെന്നും നിങ്ങള്‍ക്കാണ് ഉത്തരവാദിത്തമെന്നും സമരക്കാര്‍ ഡോക്ടറോടു പറഞ്ഞു. തുടര്‍ന്ന് അവര്‍ തന്നെയാണ് ബിനുവിനെ സ്ട്രെക്ച്ചറില്‍ എടുത്ത് ആംബുലന്‍സില്‍ കയറ്റി വിട്ടത്. ഇതിന്റെ പേരില്‍ തര്‍ക്കങ്ങള്‍ നടക്കുന്നതായി കേട്ടു. ഞങ്ങളെ വച്ച് മുതലെടുക്കാന്‍ ശ്രമിക്കേണ്ട. ഇക്കാര്യത്തില്‍ ഒരു പരാതിയും ഇല്ല.'' - സുശാന്ത് പറഞ്ഞു.
വിതുര മണലി കല്ലന്‍കുടി തടത്തരികത്ത് വീട്ടില്‍ ബിനു മരിച്ച സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസിനെതിരെ നടപടി ആവശ്യപ്പെട്ട് ഇടതു സംഘടനകള്‍ രംഗത്തെത്തിയിരുന്നു. കേസെടുക്കാത്തതില്‍ പ്രതിഷേധിച്ച് സിപിഎം വിതുര ജംക്ഷനില്‍ യോഗവും നടത്തിയിരുന്നു.
ആദിവാസി യുവാവ് ചികിത്സ കിട്ടാതെ മരിച്ച സംഭവത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പൊലീസ് എഫ്‌ഐആറിട്ടിരുന്നു. ഡിസിസി ജനറല്‍ സെക്രട്ടറി ലാല്‍ റോഷിയെ ഒന്നാംപ്രതിയാക്കിയാണ് പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഗുരുതരാവസ്ഥയിലായ ആദിവാസി യുവാവ് ബിനുവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ട് പോകാന്‍ ആംബുലന്‍സുലേക്ക് മാറ്റുന്നതിനിടയാണ് കോണ്‍ഗ്രസ് വാഹനം തടഞ്ഞതെന്നാണ് കേസ്.
വിതുര സര്‍ക്കാര്‍ ആശുപത്രി ഇന്‍ ചാര്‍ജ് പത്മ കേസരിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ഗുരുതരാവസ്ഥയിലുള്ള രോഗിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ആശുപത്രി ജീവനക്കാരുടെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തി, വാഹനം തടഞ്ഞുവച്ചു എന്നീ ഗുരുതര കുറ്റങ്ങളാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ എഫ്‌ഐആറിലുള്ളത്. ആംബുലന്‍സ് തടഞ്ഞിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ വിശദീകരിക്കുന്നതിനിടയാണ് പോലീസ് എഫ്‌ഐആര്‍ പുറത്തുവന്നത്.
അതേസമയം, രോഗിയുമായി പോയ ആംബുലന്‍സ് തടയുക എന്നത് ശരിയായ നിലപാടല്ലെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.. തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് കുറച്ചുപേര്‍ കൊടിയും എടുത്ത് സമരത്തിന് വരുന്നതാണ് ഇപ്പോഴത്തെ കാഴ്ച. സമരം ചെയ്യണ്ട എന്നതല്ല മരണവീട്ടില്‍ മന്ത്രിമാര്‍ പോകുന്നത് തടയാമോ എന്നതാണ് ചോദ്യമെന്നും മന്ത്രി പറഞ്ഞു.
ശനിയാഴ്ചയാണ് പരാതിക്ക് ഇടയായ സംഭവം. ബിനുവിനെ വിതുര ആശുപത്രിയിലേക്കു കൊണ്ടുവന്നപ്പോള്‍ അവിടെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം നടക്കുകയായിരുന്നു. ടയറുകള്‍ തേഞ്ഞു തീര്‍ന്ന്, ഇന്‍ഷുറന്‍സ് പോലുമില്ലാത്ത ആംബുലന്‍സിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം. ഈ സമയം ഗുരുതരാവസ്ഥയിലുള്ള രോഗിയെ ആംബുലന്‍സില്‍ കയറ്റാന്‍ പ്രതിഷേധക്കാര്‍ വിസമ്മതിച്ചെന്നാണ് ആശുപത്രി അധികൃതരുടെ വാദം. 20 മിനിറ്റിലേറെ വൈകിയാണ് രോഗിയെ കൊണ്ടുപോയതെന്ന് സിപിഎമ്മും ആരോപിച്ചു. രോഗി ആശുപത്രിയിലുള്ളത് അറിഞ്ഞില്ലെന്നും അറിഞ്ഞയുടന്‍ മറ്റൊരു വാഹനത്തിനു ശ്രമിച്ചിട്ടു നടക്കാത്തതിനാല്‍ ഇതേ ആംബുലന്‍സില്‍ കയറ്റിവിട്ടെന്നുമാണ് യൂത്ത് കോണ്‍ഗ്രസ് വിശദീകരണം.