- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡല്‍ഹിയില്‍ ബിജെപി ലക്ഷ്യമിടുന്നത് ഡബിള്‍ എഞ്ചിന്‍ സര്‍ക്കാരല്ല, ട്രിപ്പിള്‍ എഞ്ചിന്‍ സര്‍ക്കാര്‍; ഏപ്രിലില്‍ നടക്കാനിരിക്കുന്ന എം സി ഡി മേയര്‍ തിരഞ്ഞെടുപ്പില്‍ കണ്ണുവച്ച് പാര്‍ട്ടി; പുതിയ സര്‍ക്കാര്‍ രൂപീകരിച്ച ശേഷം എഎപി മേയര്‍ക്ക് എതിരെ അവിശ്വാസം കൊണ്ടുവന്നേക്കും; മേയര്‍ കസേരയും ബിജെപിക്ക് കിട്ടുമോ?
മേയര്‍ കസേരയും ബിജെപിക്ക് കിട്ടുമോ?
ന്യൂഡല്‍ഹി: 27 വര്‍ഷത്തിന് ശേഷം ഡല്‍ഹിയുടെ ഭരണം പിടിച്ചെടുത്ത ബിജെപി ഇനി കണ്ണുവയ്ക്കുന്നത് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍( എം സി ഡി) മേയര്‍ തിരഞ്ഞെടുപ്പില്‍. ഈ വര്‍ഷം, ഏപ്രിലിലാണ് മേയര്‍ തിരഞ്ഞെടുപ്പ്. അതായത് ഡബിള്‍ എഞ്ചിന്‍ സര്‍ക്കാരല്ല, ട്രിപ്പിള്‍ എഞ്ചിന്‍ സര്‍ക്കാരാണ് ബിജെപി ഡല്‍ഹിയില്‍ ലക്ഷ്യമിടുന്നത്. മുനിസിപ്പല്‍ തലത്തില്‍ കൂടി ജയിച്ചുകയറിയാല്‍ കേന്ദ്രത്തിലും, സംസ്ഥാനത്തും, കോര്‍പറേഷനിലും ഭരണം ബിജെപിയുടെ കൈവശത്തിലെത്തും.
എം സി ഡി തിരഞ്ഞെടുപ്പില്‍, സ്വാധീനം ശക്തമാക്കാന്‍ തന്നെയാണ് ബിജെപി തീരുമാനം.
കണക്കുകള്‍ ഇങ്ങനെ:
ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷനില്‍ ആകെ 250 തിരഞ്ഞെടുക്കപ്പെട്ട കൗണ്‍സിലര്‍മാരുണ്ട്. അതുകൂടാതെ, ഏഴ് ഡല്‍ഹി എംപിമാര്‍, മൂന്ന് രാജ്യസഭാ എം പിമാര്‍, 14 എം എല്‍ എമാര്‍ എന്നിവര്‍ക്ക് മേയര്‍ തിരഞ്ഞെടുപ്പില്‍ വോട്ടുണ്ട്
നിലവില്‍ ബിജെപിക്ക് 120 കൗണ്‍സിലര്‍മാരും ആം ആദ്മി പാര്‍ട്ടിക്ക് 122 പേരും ഉണ്ട്്. എന്നാല്‍, ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം, എട്ട് ബിജെപി കൗണ്‍സിലര്‍മാര്‍ എംഎല്‍എമാരായി. മൂന്ന് എഎപി കൗണ്‍സിലര്‍മാരും എം എല്‍ എമാരായി തിരഞ്ഞെടുക്കപ്പെട്ടു.
ബിജെപി കൗണ്‍സിലര്‍മാരില്‍ മുണ്ട്കയിലെ ഗജേന്ദ്ര ദ്രാല്‍, ഷാലിമാര്‍ ബാഗിലെ രേഖ ഗുപ്ത, വാസിര്‍പൂരിലെ പൂനം ശര്‍മ്മ, നജഫ്ഗഡിലെ നീലം പെഹല്‍വന്‍, രാജേന്ദ്ര നഗറിലെ ഉമംഗ് ബജാജ്, സംഗം വിഹാറിലെ ചന്ദന്‍ ചൗധരി, പട്പര്‍ഗഞ്ചിലെ രവിന്ദര്‍ സിങ് നേഗി, ഗ്രേറ്റര്‍ കൈലാഷിലെ ശിഖ റായ് എന്നിവരാണ് നിയമസഭാംഗങ്ങളായത്. നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട ബിജെപി കൗണ്‍സിലര്‍ രാജ്കുമാര്‍ ഭാട്ടിയയും നിയമസഭാ തിരഞ്ഞെടുപ്പില്‍ ജയിച്ചു. നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട കൗണ്‍സിലര്‍മാര്‍ക്ക് മേയര്‍ തിരഞ്ഞെടുപ്പില്‍ വോട്ടവകാശം ഉണ്ടാവില്ല. മുന്‍ കൗണ്‍സിലര്‍ കമല്‍ജിത്ത് ശെഹ്രാവത്ത് വെസ്റ്റ് ഡല്‍ഹിയിലെ എം പിയായതും ബിജെപിക്ക് നേട്ടമാണ്.
ബിജെപിക്ക് മുന്‍കൈ?
ഡല്‍ഹി തിരഞ്ഞെടുപ്പ് ഫലത്തോടെ, മുനിസിപ്പല്‍ കോര്‍പറേഷനിലെ 12 കൗണ്‍സില്‍ സീറ്റുകള്‍ ഒഴിഞ്ഞുകിടക്കും. ഇതോടെ, ഉപതിരഞ്ഞെടുപ്പ് അനിവാര്യമാകും. പുതിയ സീറ്റ് നില പ്രകാരം ബിജെപിക്ക് 112 കൗണ്‍സിലര്‍മാരും എഎപിക്ക് 119 കൗണ്‍സിലര്‍മാരും ഉണ്ട്.
കഴിഞ്ഞ മേയര്‍ തിരഞ്ഞെടുപ്പ് 2024 നവംബറിലാണ് നടന്നത്. എഎപിയുടെ മഹേഷ് ഖിച്ചി ബിജെപിയുടെ കിഷന്‍ ലാലിനെ മൂന്നുവോട്ടിന്റെ നേരിയ ഭൂരിപക്ഷത്തിനാണ് കീഴടക്കിയത്. പോള്‍ ചെയ്യപ്പെട്ട 263 വോട്ടില്‍ മഹേഷ് ഖിച്ചിക്ക് 133 വോട്ടും കിഷന്‍ലാലിന് 130 വോട്ടും കിട്ടി. രണ്ടുവോട്ട് അസാധുവായി.
ആ സമയത്ത് ബിജെപിക്ക് 113 കൗണ്‍സിലര്‍മാരെ കൂടാതെ ഒരു എം എല്‍ എയുടെയും ഏഴ് എംപിമാരുടെയും പിന്തുണയോടെ വോട്ടിങ് കരുത്ത് 121 ആയിരുന്നു. അതേസമയം, എഎപിക്ക് 125 കൗണ്‍സിലര്‍മാരും 13 എം എല്‍ എമാരും,, 3 രാജ്യസഭ എം പിമാരും അടക്കം 141 വോട്ടിന്റെ കരുത്തുണ്ടായിരുന്നു. എട്ട് കൗണ്‍സിലര്‍മാര്‍ മാത്രം ഉള്ള കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുകയും ചെയ്തു.
നിലവില്‍ ബിജെപിക്ക് 14 എം എല്‍ എമാരും വോട്ടുചെയ്യാന്‍ യോഗ്യതയുള്ള ഏഴ് എംപിമാരും ഉള്ളത് കൊണ്ട്, വരുന്ന ഏപ്രിലിലെ മേയര്‍ തിരഞ്ഞെടുപ്പില്‍ കസേര സ്വന്തമാക്കാന്‍ സാധ്യതയേറെ. ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരിച്ച ശേഷം എഎപി മേയര്‍ക്ക് എതിരെ ബിജെപി അവിശ്വാസ പ്രമേയം കൊണ്ടുവന്നേക്കും.