ന്യൂഡല്‍ഹി: ബീഹാറിലെ വിജയം കേരളത്തിലും പ്രതിഫലിക്കണമെന്ന് സംസ്ഥാന ഘടകത്തിന് കേന്ദ്ര നേതാക്കളില്‍ നിന്നും നിര്‍ദ്ദേശം. തദ്ദേശ തിരഞ്ഞെടുപ്പില്‍ അടക്കം ഇത് പ്രതിഫലിക്കണമെന്നാണ് ആവശ്യം. ബംഗാളില്‍ ഭരണം പിടിക്കാന്‍ ബീഹാറിലെ തൂത്തുവാരല്‍ സഹായിക്കുമെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍. അതിന് വേണ്ടി പ്രചരണവും നടത്തും. ഇതിനൊപ്പം കേരളത്തിലും തമിഴ്‌നാട്ടിലും വോട്ടുശതമാനം വര്‍ധിപ്പിക്കാനും ഏതാനും സീറ്റുകളെങ്കിലും പോക്കറ്റിലാക്കാനും ബിജെപി ശ്രമിക്കും. മുന്നണി സംവിധാനം വിപൂലീകരിക്കും. ഒരു പ്രധാന കോണ്‍ഗ്രസ് നേതാവ് ബിജെപിയോട് അടുക്കുമെന്നും സൂചനയുണ്ട്. പുതിയ പാര്‍ട്ടിയുണ്ടാക്കി ഘടകകക്ഷിയായി എത്തുമെന്നാണ് കേരളത്തിലെ ബിജെപി നേതാക്കള്‍ അടക്കം പ്രതീക്ഷിക്കുന്നത്.

തദ്ദേശ തിരഞ്ഞെടുപ്പില്‍ കരുത്ത് കാട്ടിയാല്‍ കാര്യങ്ങള്‍ അനുകൂലമാകും. കോണ്‍ഗ്രസിനും ഇടതുപാര്‍ട്ടികള്‍ക്കും ഉണ്ടായ കനത്ത തോല്‍വിയുടെ ആഘാതം ത്രിതല പഞ്ചായത്തു തെരഞ്ഞെടുപ്പില്‍ പോലും ചെറുതായെങ്കിലും പ്രതിഫലിക്കും. കൂടുതല്‍ ക്ഷീണിച്ചത് ആരാണെന്ന് യുഡിഎഫും എല്‍ഡിഎഫും തര്‍ക്കിക്കുന്ന അവസ്ഥയുണ്ട്. കേരളത്തിലെ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ പത്തില്‍ അധികം സീറ്റുകള്‍ എന്‍ഡിഎ മുന്നണി നേടണമെന്നതാണ് കേന്ദ്ര ബിജെപിയുടെ ലക്ഷ്യം. 20 സീറ്റെങ്കിലും വേണം. ഇതിന് തദ്ദേശത്തിലെ മുന്നേറ്റം അനിവാര്യമാണെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തല്‍. കോണ്‍ഗ്രസിനെ തകര്‍ത്ത് പിന്നീട് കേരളത്തിലും പ്രധാന പാര്‍ട്ടിയായി മാറാന്‍ ഇതിലൂടെ കഴിയുമെന്നാണ് വിലയിരുത്തല്‍. ബീഹാറില്‍ കോണ്‍ഗ്രസും സിപിഎമ്മും ഒരുമിച്ചാണ് മത്സരിച്ചത്. രണ്ടു പേര്‍ക്കും സീറ്റ് കുറഞ്ഞു. 2020ലെ ബിഹാര്‍ തെരഞ്ഞെടുപ്പില്‍ 19 സീറ്റു കിട്ടിയ കോണ്‍ഗ്രസിന് ഇത്തവണ ആറ് സീറ്റിലേക്കാണു ചുരുങ്ങേണ്ടി വന്നത്. രണ്ടു സീറ്റുണ്ടായിരുന്ന സിപിഎമ്മിന് ഒന്ന് നിലനിര്‍ത്താനായി. എന്നാല്‍ രണ്ടു സീറ്റും നഷ്ടപ്പെട്ടു സിപിഐയ്ക്ക്.

സിപിഐഎംഎല്ലിന്റെ 12 സീറ്റുകള്‍ അടക്കം കഴിഞ്ഞ തവണ 16 സീറ്റുണ്ടായിരുന്ന ഇടതുപാര്‍ട്ടികള്‍ക്കെല്ലാം കൂടി വെറും മൂന്നു സീറ്റാണു കിട്ടിയത്. ഇത് ഇടതിനും നാണക്കേടാണ്. ബിഹാറില്‍ 101 സീറ്റുകള്‍ വീതമാണ് ബിജെപിയും ജെഡിയുവും തമ്മില്‍ വീതിച്ചെടുത്തത്. ഇതില്‍ ബിജെപി 89 ഇടങ്ങളില്‍ വിജയിച്ച് ഏറ്റവും വലിയ ഒറ്റക്കക്ഷിയായപ്പോള്‍, നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജെഡിയു 85 സീറ്റുകളിലും വിജയിച്ചു. രണ്ട് ശക്തികളുടെയും ബലത്തില്‍ എന്‍ഡിഎ മുന്നണി 202 സീറ്റുകളില്‍ വിജയിച്ചു. ഏകദേശം 90 ശതമാനത്തിനടുത്താണ് ബിജെപിയുടെ സ്ട്രൈക്ക് റേറ്റ്. മത്സരിച്ച 101 സീറ്റുകളില്‍ 12 സീറ്റുകളില്‍ മാത്രമാണ് പരാജയം രുചിച്ചത്. ബിജെപിയെ സംബന്ധിച്ച്, ബിഹാറില്‍ സ്വപ്നസമാനമായ നേട്ടമാണിത്.

ബിജെപിയുടെ ചരിത്രത്തിലെത്തന്നെ ഏറ്റവും മികച്ച വിജയങ്ങളിലൊന്നാണിത്. 20 കൊല്ലം മുഖ്യമന്ത്രിയായിരുന്ന നിതീഷ് കുമാറിന്റെ പാര്‍ട്ടിയെപ്പോലും പിന്തള്ളി ഇത്രമേല്‍ സീറ്റുകള്‍ പിടിക്കാന്‍ കഴിഞ്ഞത്തു, സംസ്ഥാനത്തെ പാര്‍ട്ടിയുടെ വര്‍ധിച്ചുവരുന്ന രാഷ്ട്രീയ സ്വാധീനമാണ് ഊട്ടിയുറപ്പിക്കുന്നത്. സമീപകാലത്തെ എന്‍ഡിഎയുടെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നുമാണിത്. ഈ ഫലം സംസ്ഥാനത്തിന്റെ രാഷ്ട്രീയ ഭൂപടം തന്നെ മാറ്റിവരയ്ക്കാന്‍ പോന്നതാണ്. 88.12 ശതമാനമാണ് ബിഹാറില്‍ ബിജെപിയുടെ സ്ട്രൈക്ക് റേറ്റ്. 84.16 ശതമാനമാണ് ജനതാദള്‍ യുണൈറ്റഡിന്റേത്. ബിജെപിയുടെ ചരിത്രത്തിലെത്തന്നെ ഏറ്റവും വലിയ സ്ട്രൈക്ക് റേറ്റുകളിലൊന്നാണിത്.

2022 ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ 182-ല്‍ 156 സീറ്റുകളില്‍ വിജയിച്ചതാണ് ഒരു സംസ്ഥാന തിരഞ്ഞെടുപ്പില്‍ സീറ്റുകളുടെ എണ്ണത്തിലെ ബിജെപിയുടെ ഏറ്റവും വലിയ വിജയം. 85.7 ആണ് സ്ട്രൈക്ക് റേറ്റ്. എന്നാല്‍ ഈ സ്ട്രൈക്ക് റേറ്റ് മറികടക്കാന്‍ ബിഹാര്‍ തിരഞ്ഞെടുപ്പിലൂടെ കഴിഞ്ഞു.