കൊച്ചി: ഹണി റോസിനെതിരായ ലൈംഗികാധിക്ഷേപ കേസില്‍ ബോബി ചെമ്മണ്ണൂരിനെ കോടതിയില്‍ ഹാജരാക്കി. വൈദ്യപരിശോധനയ്ക്ക് ശേഷമാണ് കൊച്ചി സിജെഎം കോടതിയിലെത്തിച്ചത്. ബോബിയുടെ ഫോണ്‍ കോടതിയില്‍ ഹാജരാക്കും. തെറ്റ് ചെയ്തിട്ടില്ലെന്ന് ബോബി ആവര്‍ത്തിച്ചു. ബോബി കോടതിയില്‍ ജാമ്യഹരജി നല്‍കിയിട്ടുണ്ട്.

പോലീസ് മര്‍ദ്ദിച്ചിട്ടില്ലെന്ന് ബോബി കോടതിയില്‍ വ്യക്തമാക്കി. രണ്ട് ദിവസം മുമ്പ് വീണു, കാലിനും നട്ടെല്ലിനും പരിക്കുണ്ടെന്ന് ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു. ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടെന്നും ബോബി പറഞ്ഞു. ആരോപണം വ്യാജമാണെന്ന് അഡ്വ രാമന്‍പിള്ള വാദിച്ചു. പരാതിക്കാരിയുടെ ശരീരത്തില്‍ സ്പര്‍ശിച്ചിട്ടില്ല. കൈ നീട്ടിയപ്പള്‍ അവര്‍ പിടിച്ചതാണെന്നും അഭിഭാഷകന്‍ വാദിച്ചു. വിവാദ പരാമര്‍ശത്തിന് ശേഷവും ഇരുവരും സൗഹൃദത്തില്‍ ആയിരുന്നുവെന്നും പ്രതിഭാഗം പറഞ്ഞു.

അതേസമയം ജാമ്യ ഹര്‍ജിയെ പ്രോസിക്യൂഷന്‍ എതിര്‍ത്തു. പ്രതി സ്വാധീന ശക്തിയുള്ള വ്യക്തിയാണെന്നും ഗൗരവതരമായ കുറ്റമാണ് ചെയ്തതെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. അതേസമയം ജാമ്യം ലഭിക്കില്ലെന്നാണ് പ്രതീക്ഷയെന്നും ബോബിയുടെ സമാനമായ മറ്റ് പരാമര്‍ശങ്ങള്‍ പരിശോധിക്കുമെന്നും കൊച്ചി ഡിസിപി അശ്വതി ജിജി പറഞ്ഞു.

തന്റേത് മുന്‍കൂട്ടി തീരുമാനിച്ചുള്ള അധിക്ഷേപം അല്ലെന്ന് ബോബി ചെമ്മണ്ണൂര്‍ മൊഴി നല്‍കിയിരുന്നു. വിവാദ പരാമര്‍ശം ആ വേദിയില്‍ മാത്രമായി പറഞ്ഞതാണ്. പരാമര്‍ശം വളച്ചൊടിക്കപ്പെട്ടു. നാല് മാസം മുന്‍പ് നടന്ന സംഭവത്തില്‍ ഇപ്പോള്‍ പരാതി നല്‍കിയതില്‍ പൊരുത്തക്കേടുകള്‍ ഉണ്ടെന്നും മൊഴിയില്‍ പറയുന്നു. അധിക്ഷേപ പരാമര്‍ശങ്ങളില്‍ കുറ്റബോധമില്ലെന്നായിരുന്നു നേരത്തെ ബോബി ചെമ്മണ്ണൂരിന്റെ പ്രതികരണം. നടി ഹണി റോസ് നല്‍കിയ പരാതിയിലായിരുന്നു ബോബി ചെമ്മണ്ണൂരിനെ കൊച്ചി സെന്‍ട്രല്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

ഇന്നലെയാണ് ബോബി ചെമ്മണൂര്‍ അറസ്റ്റിലായത്. രാവിലെ എട്ടിനു വയനാട് മേപ്പാടി കള്ളാടിക്കടുത്തുള്ള 'ബോചെ ആയിരമേക്കര്‍' എസ്റ്റേറ്റില്‍നിന്നു പുറത്തേക്കു വരുമ്പോള്‍ വാഹനം വളഞ്ഞ് എറണാകുളം സെന്‍ട്രല്‍ പൊലീസ് ബോബിയെ പിടികൂടുകയായിരുന്നു. രാത്രി ഏഴരയോടെ കൊച്ചിയിലെ സ്റ്റേഷനിലെത്തിച്ചു. രണ്ടു മണിക്കൂറിലേറെ ചോദ്യംചെയ്തു. തുടര്‍ന്ന് ജനറല്‍ ആശുപത്രിയില്‍ വൈദ്യപരിശോധന നടത്തി. ലൈംഗിക അധിക്ഷേപത്തിനും അതിക്രമത്തിനും ഭാരതീയ ന്യായസംഹിതയിലെ 75 (1), (4) വകുപ്പുകളും ഐടി ആക്ടിലെ 67ാം വകുപ്പും പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

ഇതിനിടെ എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ ഹണി റോസ് ഇന്നലെ മൊഴി നല്‍കിയിരുന്നു. ഇതിന്റെ പകര്‍പ്പും അന്വേഷണ സംഘം ഇന്നു കോടതിയില്‍ ആവശ്യപ്പെടും. പകര്‍പ്പ് ലഭിച്ച ശേഷം ബോബിക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തുന്ന കാര്യത്തിലും തീരുമാനമുണ്ടാകുമെന്നാണ് സൂചന. എഡിജിപി മനോജ് ഏബ്രഹാം, കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ പുട്ട വിമലാദിത്യ തുടങ്ങിയവരെക്കണ്ട് പരാതിയറിയിച്ച ഹണിറോസിന് സര്‍ക്കാരിന്റെയും പൊലീസിന്റെയും ഭാഗത്തു നിന്നുള്ള പിന്തുണ ഉറപ്പു കിട്ടിയിരുന്നു.