തൃശൂര്‍: വയനാട്ടിലെ 'ബോച്ചെ 1000 ഏക്കര്‍' എന്ന സ്ഥലത്ത് നടത്താനിരുന്ന ന്യൂ ഇയര്‍ സണ്‍ബേണ്‍ പാര്‍ട്ടി തൃശൂരിലേക്ക് മാറ്റി. ഹൈക്കോടതി ഇടപെടലോടെ വയനാട്ടിലെ ന്യൂഇയര്‍ പാര്‍ട്ടി അവതാളത്തിലായതോടെയാണ് തൃശ്ശൂരില്‍ പരിപാടി നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. തൃശൂര്‍ കോര്‍പറേഷന്റെ പിന്തുണയോടെ പുതുവര്‍ഷ പരിപാടിയായി നടത്താനാണ് തീരുമാനം.

തൃശൂര്‍ കോര്‍പറേഷന്‍ സ്റ്റേഡിയത്തിന് സമീപമാണ് വേദി. വയനാട്ടില്‍ ബോബി ചെമ്മണ്ണൂരിന്റെ പരിപാടിയ്ക്ക് കോടതി അനുമതി നിഷേധിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് തൃശൂരിലേക്ക് മാറ്റിയത്. വ്യാപാരി സംഘടനകളും കോര്‍പറേഷനും ബോബി ചെമ്മണ്ണൂരുമായി സഹകരിക്കും. ജനുവരി 31 ന് വൈകിട്ട് ആറു മണിയ്ക്ക് പരിപാടി ആരംഭിക്കുമെന്നുമാണ് സംഘാടകര്‍ അറിയിച്ചിരുന്നത്.

ബോബി ചെമ്മണ്ണൂരിന്റെ ഉടമസ്ഥതയിലുള്ള ബോച്ചെ ഭൂമിപുത്ര പ്രൈവറ്റ് ലിമിറ്റഡ് പുതുവത്സര തലേന്ന് നടത്താനിരുന്ന സണ്‍ബേണ്‍ മ്യൂസിക് ഫെസ്റ്റിവല്‍ ഹൈക്കോടതി തടഞ്ഞിരുന്നു. അതേസമയം വയനാട്ടില്‍ പരിപാടി വെച്ചതും അത് പിന്നീട് തൃശ്ശൂരിലേക്ക് മാറ്റിയതും ബോച്ചെയുടെ തന്ത്രമാണെന്ന ആക്ഷപവും ശക്തമാണ്. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തരമൊരു പരിപാടിക്ക് അനുമതി ലഭിക്കാന്‍ സാധ്യത കുറവാണെന്ന് അറിഞ്ഞിട്ടും വലിയ പബ്ലിസിറ്റി സ്റ്റണ്ടാണ് ഈ പരിപാടിയുമായി മുന്നോട്ടു പോയത്. എന്നാല്‍ കോടതി ഇടപെടല്‍ കൂടിയായപ്പോള്‍ പരിപാടിക്ക് ആവശ്യത്തിലേറെ പബ്ലിസിറ്റിയുമായി. പ്രതീക്ഷിച്ചതു പോലെ പരിപാടി ഹൈക്കോടതി ഇടപെടലില്‍ അവതാളത്തിലായി. ഇതോടയൊണ് തൃശ്ശൂരില്‍ പദ്ധതി എത്തിച്ചത്.

ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ പ്രദേശത്തിന്റെ സമീപം തോട്ടഭൂമി അനധികൃതമായി തരംമാറ്റി നിര്‍മ്മാണങ്ങള്‍ നടത്തുകയും മണ്ണെടുക്കുകയും ചെയ്തിടത്താണ് പതിനായിരക്കണക്കിന് ആളുകള്‍ പങ്കെടുക്കുന്ന ന്യൂയര്‍ പാര്‍ട്ടി നടത്തുന്നത് എന്നായിരുന്നു പരാതിക്കാര്‍ ചൂണ്ടിക്കാട്ടിയത്. ഇത് അപകടകരവും ക്രമസമാധാനത്തെ ബാധിക്കുന്നതെന്നും ചൂണ്ടി കാട്ടി പരിപാടി നിര്‍ത്തിവെയ്ക്കാന്‍ വയനാട് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനായ കളക്ടര്‍ ഉത്തരവിട്ട കാര്യം സ്‌പെഷ്യല്‍ ഗവ പ്ലീഡര്‍ കോടതിയെ അറിയിക്കുകയായിരുന്നു. പരിപാടികള്‍ നടത്താന്‍ അനുമതി ഇല്ലെന്നും ഇതിലുണ്ട്. ഇതോടെയാണ് ഹൈക്കോടതി റദ്ദാക്കിയതും.

പരിപാടി നടത്താന്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ അനുവദിച്ചിട്ടുണ്ട് എന്ന വാദം കോടതി അംഗീകരിച്ചില്ല. അത് ഇത്തരമൊരു വന്‍ പരിപാടി നടത്താനുള്ള അനുമതി അല്ലെന്നും നിയമാനുസൃത അനുമതികള്‍ ആവശ്യമാണെന്നും കോടതി പറഞ്ഞു. ഒരു ദുരന്തത്തില്‍ നിന്നും മറ്റൊരു ദുരന്തത്തിലേക്ക് കൂപ്പുകുത്തുകയാണെന്ന് കോടതി അഭിപ്രായപ്പെട്ടു. സമഗ്രമായ റിപ്പോര്‍ട്ട് നല്‍കാന്‍ അഡ്വക്കേറ്റ് ജനറലിനോട് നിര്‍ദേശിച്ച കോടതി സംഭവത്തെക്കുറിച്ചുള്ള വിശദമായ വിവരങ്ങള്‍ ആരാഞ്ഞു. ''ഞങ്ങള്‍ക്ക് ഈ പരിപാടിയുടെ വിശദാംശങ്ങള്‍ ആവശ്യമാണ്, അനുമതി ലഭിച്ചിട്ടുണ്ടോ, ഏതാണ് ഏറ്റവും സാധ്യത, ആരാണ് അനുമതി നല്‍കിയത്, പ്രതീക്ഷിക്കുന്ന ജനക്കൂട്ടം എന്താണ്, അവര്‍ എങ്ങനെയാണ് ആള്‍ക്കൂട്ടം നിയന്ത്രിക്കാന്‍ പദ്ധതിയിടുന്നത്, പുതുവര്‍ഷത്തിലെ പ്രോഗ്രാം എന്നിവ,'' കോടതി വ്യക്തമാക്കി.

ബോച്ചെ ഭൂമിപുത്ര പ്രൈവറ്റ് ലിമിറ്റഡ് സംഘടിപ്പിക്കുന്ന ഫെസ്റ്റിവല്‍ അനധികൃത നിര്‍മാണങ്ങള്‍ ആരോപിച്ച് പ്രദേശവാസികള്‍ കൊടികുത്തി വച്ച വസ്തുവിലാണ് നടക്കുന്നത്. പരിപാടി നടക്കുന്ന സ്ഥലത്തിന്റെ സുരക്ഷയും നിയമസാധുതയും സംബന്ധിച്ച് ആശങ്ക ഉന്നയിച്ച് രണ്ട് മുതിര്‍ന്ന പൗരന്മാര്‍ നേരത്തെ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിക്കും ജില്ലാ കളക്ടര്‍ക്കും പരാതി നല്‍കിയിരുന്നു.

സംഗീതോത്സവം വയനാട്ടിലേക്ക് വന്‍ ജനക്കൂട്ടത്തെ ആകര്‍ഷിക്കുമെന്ന് ബോബി ചെമ്മണൂര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പരിപാടിയുടെ പ്രൊമോഷണല്‍ പോസ്റ്റുകള്‍ സൂചിപ്പിച്ചു. പരാതിക്കാര്‍ പറയുന്നതനുസരിച്ച്, 10,000-ത്തിലധികം ടിക്കറ്റുകള്‍ ഇതിനകം വിറ്റുകഴിഞ്ഞിരുന്നു. ഇത്രയും വിപുലമായ വയനാട്ടില്‍ സംഘടിപ്പിച്ച പരപാടി ഇതോടെ തൃശ്ശൂരിലേക്ക് മാറ്റും. എന്നാല്‍, വയനാട്ടിലെ വൈബ് തൃശ്ശൂരില്‍ കിട്ടില്ലെന്നാണ് പദ്ധതിക്ക് ടിക്കറ്റെടുത്തവര്‍ പറയുന്നത്.