കൊച്ചി: സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌കജ്വര ബാധിതര്‍ വര്‍ധിക്കുമ്പോഴും രോഗകാരണമാകുന്ന അമീബ ശരീരത്തില്‍ പ്രവേശിക്കുന്നതിനെക്കുറിച്ച് ആരോഗ്യവിദഗ്ധര്‍ ആശയക്കുഴപ്പത്തില്‍. രോഗം പടരുന്നതിന്റെ കൃത്യമായ ഉറവിടം എന്തെന്നതില്‍ ആരോഗ്യവകുപ്പ് ആശയക്കുഴപ്പത്തിലാണ്. വെള്ളത്തിലുള്ള അമീബ മൂക്കിലൂടെയാണു തലച്ചോറില്‍ പ്രവേശിക്കുന്നതെന്നാണു പൊതുധാരണ. ഇതാണ് ആരോഗ്യമന്ത്രിയും വിശദീകരിച്ചത്. എന്നാല്‍, അമീബ ശരീരത്തില്‍ പ്രവേശിക്കുന്ന വഴി ഇത് മാത്രമാല്ലെന്നാണ് സൂചനകള്‍.

നൈഗ്ലേരിയയാണ് ഇങ്ങനെ തലച്ചോറില്‍ എത്തുന്നത്. എന്നാല്‍, അകാന്തമീബ, ബാലമുത്തിയ എന്നീ അമീബകള്‍ ശ്വാസകോശം, മുറിവ് എന്നിവയിലൂടെ തലച്ചോറില്‍ പ്രവേശിക്കാമെന്നു വിവിധ രാജ്യങ്ങളിലെ ഗവേഷണസ്ഥാപനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ചു തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഈയിടെ പ്രവേശിപ്പിച്ച 14 പേരില്‍ 7 പേരിലും അകാന്തമീബയുടെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു.

സാഹചര്യം ഇതായിരിക്കെ മൂക്കിലൂടെ മാത്രമാണു രോഗം ബാധിക്കുന്നതെന്ന പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നു വിദഗ്ധര്‍ പറയുന്നു. വെള്ളത്തില്‍ ഇറങ്ങുന്നവരുടെ ശരീരത്തിലെ തിരിച്ചറിയാന്‍പോലുമാകാത്ത മുറിവിലൂടെ അമീബ തലച്ചോറില്‍ എത്താന്‍ സാധ്യതയുണ്ട്. നിര്‍മാണപ്രവര്‍ത്തനം നടക്കുന്ന സ്ഥലങ്ങളിലടക്കം പൊടിയിലും അമീബയുണ്ടാകാം. ഇതു ശ്വാസകോശത്തിലെത്തി സജീവമല്ലാതെ തുടരുകയും പിന്നീടു രക്തത്തിലൂടെ തലച്ചോറില്‍ എത്തുകയും ചെയ്യും. മുങ്ങിക്കുളിച്ച് ഏതാനും ദിവസങ്ങള്‍ക്കകം രോഗം ബാധിച്ചാല്‍ കാരണം നൈഗ്ലേരിയയാണെന്നു തീര്‍ത്തു പറയാനാകില്ല. മാസങ്ങള്‍ക്കു മുന്‍പു രോഗിയുടെ ശരീരത്തില്‍ അകാന്തമീബയോ ബാലമുത്തിയയോ പ്രവേശിച്ചിട്ടുണ്ടെങ്കിലോയെന്നാണ് ഡോക്ടര്‍മാര്‍ ചോദിക്കുന്നത്.

കിണറും ശുചിമുറിയുടെ ടാങ്കും അടുത്തടുത്ത് ഉണ്ടാകുന്നതും വിവിധ മാലിന്യങ്ങള്‍ തുറന്നുവിടുന്നതുമാണ് അമീബയുടെ വളര്‍ച്ചയ്ക്ക് അനുകൂല സാഹചര്യം ഒരുക്കുന്നതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. വലിയ അകലമില്ലെങ്കില്‍ ശുചിമുറി ടാങ്കിലെ മാലിന്യത്തിലുള്ള ബാക്ടീരിയകള്‍ കിണറ്റിലേക്ക് എത്തുമെന്നം ഡോക്ടര്‍മാര്‍ മുന്നറിയിപ്പു നല്‍കുന്നു.

അതിനവിടെ അമീബിക് മസ്തിഷ്‌കജ്വരം വ്യാപിക്കുമ്പോള്‍ സമരങ്ങളില്‍ പൊലീസ് ജലപീരങ്കി പ്രയോഗിക്കുന്നത് താത്കാലികമായെങ്കിലും നിര്‍ത്തിവെക്കണമെന്ന ആവശ്യവും ശക്തമാകുന്നുണ്ട്. പീരങ്കിയില്‍ ഉപയോഗിക്കുന്ന വെള്ളത്തില്‍ നിന്നു രോഗബാധയ്ക്കുള്ള സാധ്യത കൂടുതലാണെന്ന് ആരോഗ്യവിദഗ്ധരും ചൂണ്ടിക്കാട്ടുന്നു. ജലപീരങ്കിയില്‍ ഉപയോഗിക്കുന്ന വെളളത്തിന്റെ ശുദ്ധി ഉറപ്പാക്കാന്‍ നടപടി ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷനും ഡിജിപിക്കും പരാതി നല്‍കിയിരിക്കയാണ് കൊച്ചി യൂത്ത് കോണ്‍ഗ്രസ് ജില്ലാ നേതാവ് സല്‍മാന്‍.

കഴിഞ്ഞ കുറച്ച് ആഴ്ചകളായി വിവിധ പ്രശ്‌നങ്ങള്‍ ഉന്നയിച്ച് സംസ്ഥാനത്തുടനീളം നിരവധി സംഘടനകളുടെ പ്രതിഷേധപ്രകടനം നടക്കുന്നുണ്ട്. സമരക്കാര്‍ അതിരുകടക്കുമ്പോള്‍ ജലപീരങ്കിയാണ് പൊലീസിന്റെ പ്രാധാന പ്രതിരോധ മാര്‍ഗം. ശക്തമായി വെള്ളം ചീറ്റുമ്പോള്‍ മൂക്കില്‍ ക്കൂടി ഇത് കയറാനുള്ള സാധ്യത കൂടുതലാണ്. പൊലീസ് ക്യാമ്പുകളിലെ കുളങ്ങളില്‍ നിന്നും കിണറുകളില്‍ നിന്നുമാണ് പീരങ്കിയിലേക്ക് സാധാരണ വെള്ളം നിറയ്ക്കുക. അമീബിക് മസ്തിഷ്‌ക ജ്വരം വ്യാപകമാകുമ്പോള്‍ സമരക്കാരെ നേരിടാന്‍ ചെളിവെള്ളം നിറയ്ക്കുന്നത് ഒഴിവാക്കണമെന്നാണ് സംഘടനകളുടെ ആവശ്യം.

ജലപീരങ്കിയില്‍ ഉപയോഗിക്കുന്ന വെളളത്തിന്റെ ശുദ്ധി ഉറപ്പാക്കാന്‍ നടപടി ആവശ്യപ്പെട്ട് കൊച്ചിയിലെ യൂത്ത് കോണ്‍ഗ്രസ് ജില്ലാ നേതാവ് സല്‍മാന്‍ മനുഷ്യാവകാശ കമ്മീഷനും ഡിജിപിക്കും പരാതി നല്‍കി. സമരം ചെയ്യുന്നവരുടെ മനുഷ്യാവകാശം സംരക്ഷിക്കാനാണ് തന്റെ ഇടപെടലെന്നാണ് സല്‍മാന്‍ പറയുന്നത്.