കൊച്ചി: പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രത്തിന്റെ സെറ്റില്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന് അസിസ്റ്റന്റ് ഡയറക്ടര്‍ക്കെതിരെ പരാതി ഞെട്ടലാകുന്നു. തന്റെ സെറ്റുകളില്‍ എല്ലാം ക്ലീനാണെന്ന് പൃഥ്വിരാജ് പറഞ്ഞിരുന്നു. ഈ അവകാശ വാദങ്ങള്‍ക്കിടെയാണ് പുതിയ വെളിപ്പെടുത്തല്‍. മന്‍സൂര്‍ റഷീദിനെതിരെയാണ് ജൂനിയര്‍ ആര്‍ടിസ്റ്റ് പരാതി നല്‍കിയത്. 'ബ്രോ ഡാഡി'യില്‍ റോള്‍ വാഗ്ദാനം ചെയ്തായിരുന്നു പീഡനമെന്ന് നടി ആരോപിക്കുന്നു. എന്തുകൊണ്ട് ഈ പീഡനം സെറ്റിലുള്ളവര്‍ അറിഞ്ഞില്ലെന്ന ചോദ്യം പ്രസക്തമാണ്.

2021ല്‍ ഹൈദരാബാദിലായിരുന്നു സംഭവം. മയക്കുമരുന്ന് നല്‍കി ബോധംകെടുത്തിയ ശേഷം പീഡിപ്പിച്ചെന്നാണ് ആരോപണം. ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി ആറര ലക്ഷം രൂപ തട്ടിയെടുത്തെന്നും പരാതിയില്‍ പറയുന്നു. ജൂനിയര്‍ ആര്‍ടിസ്റ്റ് പ്രത്യേക അന്വേഷണ സംഘത്തെ സമീപിച്ചിരിക്കുകയാണ്. കൊല്ലം ഓച്ചിറ സ്വദേശിയായ മന്‍സൂറിനെതിരെ നേരത്തെ ഹൈദരാബാദ് പൊലീസ് കേസെടുത്തിരുന്നുവെന്നും സൂചനകളുണ്ട്. എന്നിട്ടും പൃഥ്വിരാജിന്റെ പുതിയ സിനിമയിലും മന്‍സൂര്‍ അസിസ്റ്റന്റ് ഡയറക്ടറായി. ഇതോടെ പുതിയ സിനിമകളുടെ സെറ്റിലും പീഡനവും മയക്കുമരുന്നും വ്യാപകമാണെന്ന് വരികയാണ്.

അയ്യപ്പനും കോശിയും, ലൂസിഫര്‍, എംപുരാന്‍ തുടങ്ങിയ ചിത്രങ്ങളിലും അസിസ്റ്റന്റ് ഡയറക്ടറാണ് മന്‍സൂര്‍ റഷീദ്. പരാതിയില്‍ ഹൈദരാബാദ് പൊലീസ് കേസെടുത്തെങ്കിലും പ്രതിയെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞില്ല. 2021 ഓഗസ്റ്റ് 8ന് ഹൈദരാബാദില്‍ സിനിമയുടെ ഷൂട്ടിങ് നടക്കുമ്പോഴാണു സംഭവം. വിവാഹ സീന്‍ ഷൂട്ട് ചെയ്യുന്നതിന് അവിടെ മലയാളി അസോസിയേഷനുമായി ബന്ധപ്പെട്ടാണ് അഭിനയിക്കാന്‍ ആളെ തേടിയത്. അസോസിയേഷന്റെ നിര്‍ദേശ പ്രകാരമാണ് ഇവര്‍ അഭിനയിക്കാനെത്തിയത്. വീണ്ടും സീനില്‍ അവസരം തരാമെന്നു പറഞ്ഞ് അസിസ്റ്റന്റ് ഡയറക്ടര്‍ മന്‍സൂര്‍ റഷീദ് വരാന്‍ ആവശ്യപ്പെട്ടു.

ഇതനുസരിച്ചു സ്വന്തം നിലയില്‍, ഷൂട്ടിങ് സംഘം താമസിക്കുന്നിടത്തു തന്നെ മുറിയെടുത്തു. മന്‍സൂര്‍ റഷീദ് മുറിയിലെത്തി കുടിക്കാന്‍ കോള കൊടുത്തുവെന്നും ഇതിനു ശേഷം തനിക്കു ബോധം നഷ്ടപ്പെട്ടുവെന്നും പിന്നീട് ബോധം വന്നപ്പോള്‍ താന്‍ പീഡിപ്പിക്കപ്പെട്ടുവെന്നു ബോധ്യമായി എന്നുമായിരുന്നു പരാതി. സുഹൃത്തുക്കളെയും ബന്ധുക്കളെയും വിവരമറിയിച്ചു വീട്ടിലേക്കു പോയി. പിന്നീടു രാവിലെ ഇവരുടെ നഗ്‌നചിത്രം ഈ അസിസ്റ്റന്റ് ഡയറക്ടര്‍ നടിക്ക് അയച്ചു കൊടുത്തു പണം ആവശ്യപ്പെട്ടു. പൊലീസില്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് ഹൈദരാബാദില്‍ ഗച്ചിബൗളി സ്റ്റേഷനില്‍ ബലാല്‍സംഗത്തിനു കേസെടുത്തു. പിന്നീടും ഈ ചിത്രം കാണിച്ച് പലപ്പോഴായി പണം വാങ്ങിയെന്നാണു പരാതി.

അറസ്റ്റ് ചെയ്യാന്‍ പൊലീസ് കൊല്ലം കടയ്ക്കലിലെ പ്രതിയുടെ വീട്ടിലെത്തിയെങ്കിലും ഒളിവില്‍ പോയെന്നും രാഷ്ട്രീയ സഹായം പ്രതിക്ക് കിട്ടിയെന്നും പരാതിക്കാരി പറയുന്നു. പിന്നീടും പ്രമുഖരുടെ സിനിമകളില്‍ ഇയാള്‍ പങ്കെടുക്കുന്നുവെന്നു ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും സാംസ്‌കാരിക മന്ത്രിക്കും പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്നും പരാതിക്കാരി വെളിപ്പെടുത്തുന്നു. അതായത് എല്ലാം എല്ലാവര്‍ക്കും അറിയാമെന്നാണ് പരാതി വിശദീകരിക്കുന്നത്. പൃഥ്വിരാജിന്റെ ബ്രോ ഡാഡിയില്‍ നായകന്‍ മോഹന്‍ലാലായിരുന്നു. ഒടിടിയിലായിരുന്നു റിലീസ്. കോവിഡ് കാല ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ടായിരുന്നു.

ബലാല്‍സംഗം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് തെലുങ്കാന പോലീസ് കേസെടുത്തിരിക്കുന്നത്. മന്‍സൂര്‍ റഷീദ് നല്കിയ സ്‌റ്റ്രൈറ്റ് പാനിയം കുടിച്ച ശേഷം യുവ നടി ഉറക്കം ഉണര്‍ന്നത് 7 മണിക്കൂറുകള്‍ക്ക് ശേഷമാണ്. ഉടന്‍ തന്നെ നടി സെറ്റില്‍ നിന്നും വീട്ടിലേക്ക് മടങ്ങി. വീട്ടില്‍ എത്തിയ ശേഷം പ്രതി മന്‍സൂര്‍ റഷീദ് അശ്ലീല ചിത്രങ്ങള്‍ യുവ നടിക്ക് വാടസ്പ്പ് ചെയ്ത് പണം ആവശ്യപ്പെട്ടു. ഇത്തരത്ത്‌ല് പല തവണകളായി യുവ നടിയില്‍ നിന്നും 6.5 ലക്ഷം രൂപയും പ്രതി മന്‍സൂര്‍ റഷീദ് വാങ്ങിച്ചു.

സെറ്റില്‍ നടന്ന ദുരനുഭവം യുവ നടി തന്റെ ഭര്‍ത്താവിനെ അറിയിച്ചിരുന്നില്ല. കുടുംബം തകരാതിരിക്കാനായിരുന്നു നടി പ്രതിക്ക് പണം നല്കിയത്. എന്നാല്‍ പിന്നീട് പ്രതി മനുസൂര്‍ റഷീദ് കൂടുതല്‍ പണം ആവശ്യപ്പെടല്‍ തുടങ്ങിയതോടെ വിവരം യുവ നടി ഭര്‍ത്താവുമായി പങ്കുവയ്‌ക്കേണ്ടി വന്നു. എന്നാല്‍ ഇതറിഞ്ഞ ഭര്‍ത്താവകാട്ടെ യുവ നടിയായ ഭാര്യയേ സഹായിക്കാന്‍ കൂട്ടാക്കിയില്ല. ഭാര്യയേ ഉപേക്ഷിച്ച് ബന്ധവും അവസാനിപ്പിക്കുകയായിരുന്നു. തുടര്‍ന്നായിരുന്നു യുവ നടി നിയമ നടപടിയിലേക്ക് കടന്നത്