- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
പാക് ഷെല്ലാക്രമണത്തിനിടയില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന സൈനികന് വീരമൃത്യു; ബിഹാര്‍ സ്വദേശി രാം ബാബുവിന് പരിക്കേറ്റത് മെയ് ഒമ്പതിനുണ്ടായ ഷെല്ലാക്രമണത്തില്‍; ജോധ്പൂരിലേക്ക് അടുത്തിടെ പോസ്റ്റിംഗ് ലഭിച്ചിട്ടും സംഘര്‍ഷത്തില്‍ ജമ്മുകാശ്മീരില്‍ തുടരുകയായിരുന്നു
ശ്രീനഗര്‍: പാക് ഷെല്ലാക്രമണത്തിനിടയില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബിഎസ്എഫ് ജവാന് വീരമൃത്യു. ബീഹാര്‍ സ്വദേശി രാംബാബു പ്രസാദാണ് വീരമൃത്യു വരിച്ചത്. മേയ് ഒമ്പതിന് പാകിസ്ഥാന്‍ നടത്തിയ ആക്രമണത്തിനിടയിലാണ് അദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റത്. ചികിത്സയില്‍ കഴിയവേയാണ് അദ്ദേഹത്തിന്റെ വിയോഗം സംഭവിച്ചത്. രാംബാബുവിന്റെ കുടുംബം ജമ്മു കാശ്മീരില്‍ എത്തിയിട്ടുണ്ട്.
കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു അദ്ദേഹത്തിന്റെ വിവാഹം. ബാസില്‍പൂര്‍ സ്വദേശിയായ അഞ്ജലിയാണ് ഭാര്യ. ഇരുവരും ഒരു കുഞ്ഞിനായി ആഗ്രഹിച്ചിരുന്നുവെന്ന് കുടുംബം പറയുന്നു.സംഭവം നടക്കുന്ന ദിവസവും രാംബാബു ഭാര്യയുമായി ഫോണില്‍ സംസാരിച്ചിരുന്നു. ജോധ്പൂരിലേക്ക് അടുത്തിടെ പോസ്റ്റിംഗ് ലഭിച്ചിട്ടും സംഘര്‍ഷം തുടരുന്നതിനാല്‍ ജമ്മു കാശ്മീരില്‍ തന്നെ രാംബാബുവിനെ നിലനിര്‍ത്തുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. സൈനികന്റെ മൃതദേഹം ഇന്ന് ജന്മനാട്ടിലെത്തിക്കുമെന്നാണ് വിവരം.
സംസ്ഥാന ബഹുമതികളോടെയായിരിക്കും സംസ്‌കാരം നടത്തുക.ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷത്തിനിടെ ബീഹാറില്‍ നിന്നുളള മറ്റൊരു സൈനികനും വീരമൃത്യു വരിച്ചിരുന്നു. ബിഎസ്എഫ് സബ്ഇന്‍സ്പെക്ടറായ മുഹമ്മദ് ഇംതിയാസാണ് വീരമൃത്യു വരിച്ചത്. അദ്ദേഹത്തിന്റെ മൃതദേഹം സംസ്ഥാന ബഹുമതികളോടെയാണ് കഴിഞ്ഞ ദിവസം സംസ്‌കരിച്ചത്. രണ്ടുപേരുടെയും കുടുംബാംഗങ്ങള്‍ക്ക് 50 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കുമെന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍ പ്രഖ്യാപിച്ചു.രാംബാബുവിന്റെ വിയോഗത്തില്‍ മുഖ്യമന്ത്രി എക്‌സിലൂടെ പ്രതികരിച്ചു. 'രാജ്യം അദ്ദേഹത്തിന്റെ ത്യാഗത്തെ എപ്പോഴും ഓര്‍ക്കും.
ഈ സംഭവത്തില്‍ എനിക്ക് അതിയായ ദുഃഖമുണ്ട്. രക്തസാക്ഷിയുടെ കുടുംബത്തിന് ഈ സമയം സഹിക്കാന്‍ ശക്തി നല്‍കണമെന്ന് ഞാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു. രാംബാബുവിന്റെ ഏറ്റവും അടുത്ത ആശ്രിതന് സംസ്ഥാന സര്‍ക്കാര്‍ 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കും. അദ്ദേഹത്തിന്റെ അന്ത്യകര്‍മ്മങ്ങള്‍ സംസ്ഥാന ബഹുമതികളോടെ നടപ്പിലാക്കുകയും ചെയ്യും'-അദ്ദേഹം പോസ്റ്റില്‍ കുറിച്ചു.
നേരത്തെ പാക് ഷെല്‍ ആക്രമണത്തില്‍ പരിക്കേറ്റ ബിഎസ്എഫ് ജവാന്‍ ദീപക് ചിംങ്ങാഖം വീരമൃത്യു വരിച്ചതായി ബിഎസ്എഫ് അധികൃതര്‍ സ്ഥീരീകരിച്ചിരുന്നു. ജമ്മുവിലെ അന്താരാഷ്ട്ര അതിര്‍ത്തിയായ ആര്‍ എസ് പുര സെക്ടറില്‍ പാകിസ്ഥാന്‍ നടത്തിയ ഷെല്‍ ആക്രമണത്തില്‍ പരിക്കേറ്റ എട്ടു ജവാന്മാരില്‍ ഒരാളായിരുന്നു കോണ്‍സ്റ്റബിള്‍ ദീപക്.