ഹൈദരാബാദ്: തെലങ്കാനയിൽ വീണ്ടും ബസിന് തീപിടിച്ച് വൻ അപകടം. സ്വകാര്യ എസി സ്ലീപ്പർ ബസ് യാത്രക്കാർ ഉറങ്ങിക്കിടന്ന വേളയിൽ തീപിടിച്ച് പൂർണമായും കത്തിനശിച്ചു. ദേശീയപാത 65-ൽ നൽഗൊണ്ട ജില്ലയിലുണ്ടായ ഈ ദാരുണമായ സംഭവത്തിൽ, ഡ്രൈവറും കണ്ടക്ടറും സമയോചിതമായി ഇടപെട്ട് ബസിലുണ്ടായിരുന്ന 29 യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതരാക്കി. ഹൈദരാബാദിൽ നിന്ന് നെല്ലൂരിലേക്ക് പുറപ്പെട്ട 'വിഹാരി ട്രാവൽസ്' എന്ന ബസിനാണ് പുലർച്ചെ 1.30 ഓടെ തീപിടിച്ചത്.

അഗ്നിബാധ അതിവേഗം പടർന്നുപിടിച്ചതോടെ യാത്രക്കാർ അപകടത്തിലായി. എന്നാൽ, വിവരം ലഭിച്ചയുടൻ ചിറ്റ്യാല പോലീസ് സംഘം ഫയർഫോഴ്സ് ടീമിനൊപ്പം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. നിമിഷങ്ങളുടെ വ്യത്യാസത്തിൽ ഡ്രൈവറും കണ്ടക്ടറും ചേർന്ന് എല്ലാ യാത്രക്കാരെയും ബസ്സിനുള്ളിൽ നിന്ന് പുറത്തിറക്കാൻ സാധിച്ചതാണ് വലിയ ദുരന്തം ഒഴിവാക്കിയത്. തീ നിയന്ത്രണവിധേയമാക്കിയതായും അപകടകാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.

ഏതാനും ദിവസങ്ങൾക്ക് മുൻപ് ആന്ധ്രാപ്രദേശിലെ കർണൂലിൽ സമാനമായ രീതിയിൽ നടന്ന അപകടത്തിൽ 20 പേർ മരണപ്പെട്ടിരുന്നു. ഹൈദരാബാദിൽ നിന്ന് ബംഗളൂരുവിലേക്ക് പോകുകയായിരുന്ന കാവേരി ട്രാവൽസ് എന്ന സ്വകാര്യ വോൾവോ ബസ്സാണ് അന്ന് അപകടത്തിൽപ്പെട്ടത്. കർണൂൽ പട്ടണത്തിൽ നിന്ന് 20 കിലോമീറ്റർ അകലെയായി, അതിവേഗത്തിൽ പാഞ്ഞെത്തിയ ബൈക്ക് ബസ്സിലേക്ക് ഇടിച്ചുകയറിയാണ് തീപിടിത്തമുണ്ടായത്.

ബൈക്ക് ഇന്ധന ടാങ്കിൽ ഇടിച്ചുകയറിയതോടെയാണ് വലിയ ശബ്ദത്തോടെ തീ ആളിപ്പടർന്നത്. അപകടസമയത്ത് മിക്ക യാത്രക്കാരും ഉറങ്ങിക്കിടക്കുകയായിരുന്നു. ഷോർട്ട് സർക്യൂട്ട് കാരണം ബസ്സിന്റെ വാതിൽ അടഞ്ഞുകിടന്നതും രക്ഷാപ്രവർത്തനത്തിന് തടസ്സമായി. ഈ ദുരന്തത്തിൽ രണ്ട് ഡ്രൈവർമാർ ഉൾപ്പെടെ 42 പേരാണ് യാത്ര ചെയ്തിരുന്നത്.

പുതിയ സംഭവത്തിൽ, തീപിടിത്തമുണ്ടായതിന്റെ കാരണം സംബന്ധിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എങ്കിലും, ജീവനക്കാരുടെ സമയോചിതമായ ഇടപെടൽ 29 ജീവനുകൾ രക്ഷിച്ചുവെന്നത് ആശ്വാസകരമായ കാര്യമാണ്.