- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭാവി തലമുറ കാണേണ്ടത് ഈ മുഖമല്ല; യഥാര്‍ത്ഥ മുഖം കാട്ടി അച്യുതമേനോന്റെ മകന്റെ പോസ്റ്റ്; സിപിഐയെ വെട്ടിലാക്കാന്‍ മുന്‍ മുഖ്യമന്ത്രിയുടെ പ്രതിമാ വിവാദം
തിരുവനന്തപുരം : തിരുവനന്തപുരത്ത് സ്ഥാപിക്കാന്‍ മുന്‍ മുഖ്യമന്ത്രി സി.അച്യുതമേനോന്റെ പ്രതിമയുമായി പയ്യന്നൂരില്‍ നിന്ന് ആരംഭിച്ച പ്രയാണം തുടരുകയാണ്. അതിനിടെ പ്രതിമയിലെ രൂപസാദൃശ്യമില്ലായ്മ ചര്‍ച്ചയാവുകയാണ്. അച്യുതമേനോന്റെ മുഖവുമായി യാതൊരു സാമ്യവും ഈ പ്രതിമയ്ക്കില്ല. ഇക്കാര്യം ചര്‍ച്ചയാക്കി അച്യുതമേനോന്റെ മകന് ഡോ രാമന്‍കുട്ടിയും രംഗത്തു വന്നു. ഭാവി തലമുറ കാണേണ്ടത് അച്യുതമേനോന്റെ യഥാര്‍ത്ഥ മുഖമാണെന്നും പ്രതിമയിലെ മുഖമല്ലെന്നുമുള്ള വിമര്‍ശനമാണ് വി രാമന്‍കുട്ടി ഉയര്‍ത്തുന്നത്. ഇതോടെ സിപിഐ നേതൃത്വവും വെട്ടിലായി.
കേരളത്തെ വികസനപാതയില്‍ നയിച്ച മുഖ്യമന്ത്രിയായ അച്ചുതമേനോന് തലസ്ഥാനത്ത് ഉചിത സ്മാരകം ഇല്ലെന്ന പരാതിക്ക് പരിഹാരമായി 32 വര്‍ഷത്തിനു ശേഷമാണ് പ്രതിമ സ്ഥാപിക്കപ്പെടുന്നത്. പ്രതിമയുടെ മെഴുകുരൂപം കണ്ട മകന് ഡോ.വി.രാമന്‍കുട്ടി ചില നിര്‍ദ്ദേശങ്ങള്‍ കൂടി നല്‍കിയതായും നിര്‍മ്മാണ സമയത്ത് വാര്‍ത്തകളെത്തി. നിര്‍മ്മാണത്തിന്റെ ചുമതല വഹിച്ചിരുന്ന മന്ത്രി ജി.ആര്.അനില്‍ ആദ്യവസാനം മേല്‍നോട്ടം നല്‍കിയിരുന്നു. പഴയ ബ്ലാക്ക് വൈറ്റ് ഫോട്ടോകള്‍ ആശ്രയിച്ചാണ് ഉണ്ണി കാനായി അച്ചുതമേനോന്റെ പൂര്‍ണകായ വെങ്കലശില്പം നിര്‍മ്മിച്ചത്. പക്ഷേ പ്രതിമയ്ക്ക് മുന്‍ മുഖ്യമന്ത്രിയുടെ മുഖസാദൃശ്യമില്ലെന്നത് വസ്തുതയാണ്. ഇതാണ് അദ്ദേഹത്തിന്റെ മകനും ചര്‍ച്ചയാക്കുന്നത്.
സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രതിമ നാളെ അനാവരണം ചെയ്യും. ഒരു വര്‍ഷം കൊണ്ടാണ് കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശിയായ ഉണ്ണി കാനായി ശില്പം പൂര്‍ത്തിയാക്കിയത്. തിരുവനന്തപുരം മ്യൂസിയത്തിന് സമീപം ജാതിയില്ലാ വിളംബരത്തിന്റെ നൂറാം വാര്‍ഷികത്തിന്റെ ഭാഗമായി സ്ഥാപിച്ച ഗുരുദേവ പ്രതിമയുടെ ശില്പിയെക്കുറിച്ചുള്ള അന്വേഷണമാണ് സി.പി.ഐ ജില്ലാ സെക്രട്ടറിയായിരുന്ന ജി.ആര്.അനിലിനെ ഉണ്ണി കാനായിയില്‍ എത്തിച്ചത്. ഇതിന് അടുത്താണ് അച്യുതമേനോന്റേയും പ്രതിമ സ്ഥാപിക്കുന്നത്.
കെ.കരുണാകരന്റെ പ്രതിമയ്ക്ക് എതിര്‍വശത്തും ശ്രീനാരായണ ഗുരുവിന്റെ പ്രതിമയോടു ചേര്‍ന്നുമാണ് അച്ചുതമേനോന്റെ പ്രതിമ സ്ഥാപിക്കുന്നത്.
വെങ്കല ശില്പത്തിന് കരിങ്കല്‍ നിറമാണ് നല്‍കിയിരിക്കുന്നത്. മുറിക്കൈ ഷര്‍ട്ട്,കണ്ണട, കയ്യില്‍ വാച്ച് ധരിച്ചാണ് ശില്പം. പത്തടി ഉയരം. 900 കിലോ വെങ്കലം ഉപയോഗിച്ചു. 50 ലക്ഷം രൂപയിലേറെ ചെലവിട്ട് സി.അച്യുതമേനോന് ഫൗണ്ടേഷനാണ് പ്രതിമ നിര്‍മിക്കുന്നത്. പ്രതിമ സ്ഥാപിക്കാനുള്ള തീരുമാനം സി.പി.ഐക്കുള്ളില്‍ രാഷ്ട്രീയ ചര്‍ച്ചയ്ക്കിടയാക്കിയിരുന്നു.
ലളിത ജീവിതം നയിച്ച അച്ചുതമേനോന്റെ ആദര്‍ശത്തിന് വിരുദ്ധമാണ് പ്രതിമ നിര്‍മ്മാണമെന്നായിരുന്നു ഒരു വിഭാഗത്തിന്റെ വാദം. ഇതിനിടെയാണ് പ്രതിമയ്ക്ക് മുഖച്ഛായ ഇല്ലെന്ന വസ്തുതയും ചര്‍ച്ചകളിലേക്ക് എത്തുന്നത്.