ലണ്ടന്‍: ഭൂതകാലങ്ങളിലെ വേട്ടയാടുന്ന ഓര്‍മ്മകളാണ് പല രാജ്യങ്ങള്‍ക്കും അടിമക്കച്ചവടം എന്നത്. അതില്‍ ബ്രിട്ടന്‍ വഹിച്ച പങ്കിന് കോടിക്കണക്കിന് പൗണ്ട് നഷ്ടപരിഹാരമായി ആവശ്യപ്പെടുകയാണ് ബാര്‍ബഡോസിന്റെ നേതൃത്വത്തില്‍ ഒരുപറ്റം ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങള്‍. അടുത്തയാഴ്ച സമോവയില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് രാജ്യ തലവന്മാരുടെ യോഗത്തില്‍ ഈ ആവശ്യം ഉന്നയിക്കുവാനാണ് അവരുടെ തീരുമാനം. 56 രാജ്യങ്ങള്‍ പങ്കെടുക്കുന്ന യോഗത്തിന് മുന്നോടിയായി ചാള്‍സ് രാജാവിനെ ഈ മാസം ആദ്യം സന്ദര്‍ശിച്ചപ്പോഴാണ് ബാര്‍ബഡോസ് പ്രധാനമന്ത്രി മിയ മോട്ട്‌ലി ഇക്കാര്യം ആദ്യമായി ഉന്നയിച്ചത്.

പുതിയ ആഗോള ക്രമത്തിന്റെ ഒരു ഭാഗമാകണം അടിമത്തവും, സാമ്രാജ്യത്വ വത്കരണവുമായി ബന്ധപ്പെട്ട നഷ്ടപരിഹാരം എന്നാണ് അവര്‍ പറഞ്ഞത്. 14 രാജ്യങ്ങളിലായി ഉണ്ടായിരുന്ന അടിമത്തത്വത്തില്‍ ബ്രിട്ടന്റെ പങ്ക് കണക്കാക്കിയാല്‍ ഏതാണ്ട് 206 ബില്യന്‍ പൗണ്ട് മുതല്‍ 19 ട്രില്യന്‍ പൗണ്ട് വരെ നഷ്ടപരിഹാരമായി നല്‍കേണ്ടി9 വരും എന്നാണ് കണക്കാക്കിയിരിക്കുന്നത്. എന്നാല്‍, ന്യൂനപക്ഷ വിഭാഗങ്ങളെ നിര്‍ബന്ധിത വേലയ്ക്ക് വിധേയരാക്കപ്പെടുന്നു എന്ന് ഐക്യരാഷ്ട്രസഭ ആരോപിക്കുന്ന ചൈനയുമായി ബാര്‍ബഡോസിനുള്ള ബന്ധം പരിശോധിക്കുമ്പോള്‍, ഈ ആവശ്യം അങ്ങേയറ്റം ഒരു വിരോധാഭാസമാണെന്ന അഭിപ്രായവും ഉയര്‍ന്നു വരുന്നുണ്ട്.

ചൈനയ്ക്ക് മുന്‍പില്‍ മുട്ടുമടക്കി, ബെല്‍റ്റ് ആന്‍ഡ് റോഡ് പദ്ധതിക്ക് വേണ്ടി പണം വാങ്ങിയ രാജ്യങ്ങള്‍, വര്‍ത്തമാനകാലത്ത് അടിമത്തം ഏറ്റവുമധികം ഉപയോഗപ്പെടുത്തുന്ന രാജ്യമാണ് ചൈന എന്ന സത്യത്തിന് നേരെ കണ്ണടയ്ക്കുന്നത് വിരോധാഭാസമാണെന്നാണ് മുതിര്‍ന്ന ടോറി നേതാവ് സര്‍ ഇയാന്‍ ഡന്‍കന്‍ സ്മിത്ത് പറഞ്ഞത്. സിംഗ്ജ്യാങ് പ്രവിശ്യയില്‍ ഉയിഗൂര്‍ മുസ്ലീങ്ങളുടെ വംശഹത്യ നടത്തുന്നതും ചൈനയാണെന്നും ക്രിസ്ത്യനികളെ വിചാരണ ചെയ്യുന്നതും ചൈനയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അത്തരത്തിലുള്ള ഒരു രാജ്യവുമായി സൗഹാര്‍ദ്ദം ഉണ്ടാക്കാന്‍ നടക്കുന്ന രാജ്യങ്ങള്‍ക്ക് എങ്ങനെ ബ്രിട്ടനെ വിമര്‍ശിക്കാന്‍ കഴിയുമെന്നും അദ്ദേഹം ചോദിച്ചു.

ചൈനയുമായി അടുത്ത വ്യാപാരബന്ധമുള്ള രാജ്യമാണ് ബാര്‍ബഡോസ്. മാത്രമല്ല, ചൈനയുടെ ബെല്‍റ്റ് ആന്‍ഡ് റോഡ് സംരംഭത്തിന്റെ ഒരു ഭാഗവുമാണ്. മുന്‍പ് അടിമകളുടെ ഉടമസ്ഥാവകാശമുണ്ടായിരുന്ന രാജ്യങ്ങളില്‍ നിന്നായി ബാര്‍ബഡോസിന് 4.9 ട്രില്യന്‍ ഡോളര്‍ നഷ്ടപരിഹാരമായി ലഭിക്കാനുണ്ട് എന്നായിരുന്നു ബാര്‍ബഡോസ് പ്രധാനമന്ത്രി അവകാശപ്പെട്ടത്. അടിമത്തം അവസാനിപ്പിക്കാന്‍ കോടികള്‍ ചെലവാക്കിയ രാജ്യമാണ് ബ്രിട്ടന്‍ എന്നോര്‍മ്മിപ്പിച്ച സര്‍ ഇയാന്‍, നഷ്ടപരിഹാരം എന്ന ആവശ്യത്തെ തള്ളിക്കളയുകയുമാണ്.