- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാട്ടിലുള്ള ആളുകളെ ഓണ്‍ലൈന്‍ വഴി തട്ടിപ്പിനിരയാക്കണമെന്ന് മാഫിയാ സംഘം; പറ്റില്ലെന്ന് ഐടി ജോലി പ്രതീക്ഷിച്ചെത്തിയവരും; പിന്നെ ഷോക്കടിപ്പിക്കുന്ന ഇലക്ട്രിക് ദണ്ഡും ഇരുമ്പുവടി കൊണ്ടും മര്‍ദ്ദനം; ഒടുവില്‍ സാഹസിക രക്ഷപ്പെടല്‍; കംമ്പോഡിയയില്‍ കുടുങ്ങിയ മലയാളികള്‍ നാട്ടിലേക്ക്; വടകരയ്ക്ക് ആശ്വാസം
കോഴിക്കോട്: കംമ്പോഡിയയില്‍ തടങ്കലിലാക്കി ദിവസങ്ങളോളം ക്രൂരമായി മര്‍ദിച്ച ഏഴു മലയാളി യുവാക്കള്‍ രക്ഷപ്പെട്ട് ഇന്ത്യന്‍ എംബസിയിലെത്തി. ഒരു ലക്ഷത്തോളം രൂപ ശമ്പളമുള്ള ജോലി വാഗ്ദാനംചെയ്ത് തട്ടിപ്പുസംഘം കൊണ്ടു പോയവരാണ് കുടുങ്ങിയത്. മണിയൂര്‍ പഞ്ചായത്തിലെ എടത്തുംകര ചാത്തോത്ത് അഭിനവ് സുരേഷ്, കുറുന്തോടിയിലെ പൂളക്കൂല്‍ താഴ അരുണ്‍, പിലാവുള്ളതില്‍ സെമില്‍ദേവ്, പതിയാരക്കരയിലെ ചാലുപറമ്പത്ത് അഭിനന്ദ്, എടത്തുംകര കല്ലായി മീത്തല്‍ അശ്വന്ത്, എടപ്പാള്‍ സ്വദേശി അജ്മല്‍, മംഗളൂരുവിലെ റോഷന്‍ ആന്റണി എന്നിവരാണ് എംബസിയിലെത്തിയത്. ഒക്ടോബര്‍ മൂന്നിനാണ് ഇവര്‍ ബെംഗളൂരുവില്‍നിന്ന് തായ്ലാന്‍ഡിലേക്ക് പുറപ്പെട്ടത്.
ഇവരെ നാട്ടിലേക്കെത്തിക്കാനുള്ള നടപടികള്‍ വിദേശകാര്യമന്ത്രാലയം തുടങ്ങിയതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഇവരുടെ കൂടെയുണ്ടായിരുന്ന പേരാമ്പ്ര സ്വദേശി കംമ്പോഡിയയില്‍ തുടരുന്നുണ്ട്. അനുരാഗ്, നസറുദീന്‍ ഷാ, അഥിരഥ്, മുഹമ്മദ് റാസില്‍ എന്നിവരാണ് ജോലി വാഗ്ദാനംചെയ്തത്. അനുരാഗിനെ ഇവര്‍ക്ക് പരിചയമുണ്ട്. ഒരുലക്ഷം വീതം വിസയ്ക്കായി നല്‍കി. തായ്ലാന്‍ഡിലെത്തിയ ശേഷം കംമ്പോഡിയയിലാണ് ജോലിയെന്നു പറഞ്ഞ് അവിടേക്ക് മാറ്റി. കംമ്പോഡിയന്‍ കമ്പനിക്ക് 2500 ഡോളര്‍ വീതം വാങ്ങി ഇവരെ വിറ്റതാണെന്നാണ് സൂചന.
സൈബര്‍ തട്ടിപ്പ് ഉള്‍പ്പെടെയുള്ള നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തുന്ന തട്ടിപ്പുകമ്പനിയിലാണ് ജോലിചെയ്യേണ്ടിയിരുന്നത്. കേരളത്തില്‍ മലയാളികളെ പറ്റിക്കുന്ന ഗ്രൂപ്പുകാരാണ് ഇതിന് പിന്നില്‍. വീഡിയോ കോളും മറ്റും നടത്തി സൈബര്‍ തട്ടിപ്പ് നടത്തുകയാണ് സംഘത്തിന്റെ രീതി. ഇതിന് വേണ്ടിയാണ് ഭീഷണിപ്പെടുത്തി മലയാളികളെ കൊണ്ടു പോകുന്നത്. അവിടെ എത്തിയ ശേഷം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് വഴങ്ങാത്തവരെ ക്രൂരമായി പീഡിപ്പിക്കും. ഇതു തന്നെയാണ് ഇപ്പോള്‍ എംബസിയില്‍ എത്തിയവര്‍ക്കും സംഭവിച്ചത്.
വിസമ്മതിച്ചതോടെ സുരക്ഷാജീവനക്കാര്‍ ഷോക്കടിപ്പിക്കുന്ന ഇലക്ട്രിക് ദണ്ഡു കൊണ്ടും ഇരുമ്പുവടി കൊണ്ടും മര്‍ദിച്ചു. ഒരാളുടെ എല്ലുപൊട്ടി. ഒളിപ്പിച്ചുവെച്ച ഒരു ഫോണ്‍ വഴി കാനഡയിലുള്ള മലയാളിസുഹൃത്ത് സിദ്ധാര്‍ഥിനെ ബന്ധപ്പെട്ടാണ് രക്ഷപ്പെടുന്നതിനും വിവരം പുറത്തറിയിക്കുന്നതിനുമുള്ള ഏര്‍പ്പാടുചെയ്തത്. കഴിഞ്ഞദിവസം മറ്റൊരു കേന്ദ്രത്തിലേക്ക് ഇവരെ മാറ്റുന്നതിനിടെ ടാക്സി ഡ്രൈവറുടെ സഹായത്തോടെ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ആദ്യശ്രമം വിഫലമായി.
രണ്ടാം ശ്രമം വിജയിച്ച് ഇന്ത്യന്‍ എംബസിയിലെത്തി. വടകര സ്വദേശികളായ യുവാക്കള്‍ക്ക് നാട്ടിലേക്ക് മടങ്ങാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതായാണ് വിവരം. ഒക്ടോബര്‍ 3നാണ് എട്ട് യുവാക്കള്‍ തട്ടിപ്പിനിരയായി കംബോഡിയയിലെത്തുന്നത്. ഐടി ജോലി വാഗ്ദാനം ചെയ്താണ് മലയാളി യുവാക്കളെ വിദേശത്തോക്ക് കൊണ്ടുപോയത്. മനുഷ്യക്കടത്ത് സംഘം യുവാക്കളെ മാനസികമായും ശാരീരികമായും ഉപദ്രവിച്ചിരുന്നു. സംഘത്തിന്റെ പിടിയില്‍ നിന്നും സാഹസികമായി രക്ഷപെട്ട ഇവര്‍ ഇന്ത്യന്‍ എംബസിയുടെ അഭയകേന്ദ്രത്തില്‍ താമസിക്കുകയായിരുന്നു. ഒരാള്‍ തട്ടിപ്പ് സംഘത്തിന്റെ പിടിയിലാണ്.
നാട്ടിലുള്ള ആളുകളെ ഓണ്‍ലൈന്‍ വഴി തട്ടിപ്പിനിരയാക്കണമെന്ന് സംഘം ഇവരോട് ആവശ്യപ്പെട്ടു. അതിന് പരിശീലനം നല്‍കിയെങ്കിലും തട്ടിപ്പ് നടത്താന്‍ യുവാക്കള്‍ തയാറാവാതിരുന്നപ്പോള്‍ സംഘം യുവാക്കളെ മര്‍ദിക്കുകയായിരുന്നു. യുവാക്കള്‍ വിദേശത്ത് കുടുങ്ങിയതായി ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. എം.എല്‍.എ.മാരായ കെ.കെ. രമ, കെ.പി. കുഞ്ഞമ്മദുകുട്ടി എന്നിവരും വിഷയം സംസ്ഥാനസര്‍ക്കാരിന്റെയും നോര്‍ക്കയുടെയും മറ്റും ശ്രദ്ധയില്‍പ്പെടുത്തി. ഷാഫി പറമ്പില്‍ എം.പി. എംബസിയുമായി ബന്ധപ്പെട്ട് വിഷയം ഉദ്യോഗസ്ഥരുമായി സംസാരിച്ചു. എംബസിയില്‍ സുരക്ഷിതരാണെന്നറിയിച്ച് മകന്‍ വീഡിയോ കോള്‍ ചെയ്തിരുന്നെന്ന് അഭിനവിന്റെ പിതാവ് സുരേഷ് പറഞ്ഞു.