ടെക്‌സാസ്: ലോകത്ത് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ഏറ്റവും ശ്രദ്ധേയരായി മാറുന്ന ഒരു വിഭാഗം ഫുഡ് വ്ളോഗര്‍മാരാണ്. അമേരിക്കയിലെ ഹൂസ്റ്റണിലെ ടെക്സാസിലുള്ള പ്രമുഖരായ ഫുഡ് വ്ളോഗര്‍ ദമ്പതികള്‍ക്ക് ഭക്ഷണം പരീക്ഷിക്കുന്ന വേളയില്‍ ഉണ്ടായ ഒരപകടം ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായി മറുകയാണ്. കുവീസ് കുലിനറി ക്രിയേഷന്‍സിലെ നീന സാന്റിയാഗോയും പാട്രിക് ബ്ലാക്ക്വുഡും ഒരു ഭക്ഷണത്തെ കുറിച്ച് ചര്‍ച്ച നടത്തുന്ന വേളയില്‍ ഒരു എസ്.യു.വി ജനാലയിലൂടെ നേരിട്ട് അവരുടെ ഇടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

ക്യാമറക്ക് മുന്നില്‍ ഒരു ബര്‍ഗറിനെ കുറിച്ച് ചര്‍ച്ച നടത്തുന്ന വേളയിലാണ് അപകടം നടന്നത്. ഇടിയുടെ ആഘാതത്തില്‍ ഇരുവരും കസേരകളില്‍ നിന്ന് തെറിച്ചു പോകുകയായിരുന്നു. ജനാലയുടെ ഗ്ലാസുകള്‍ തകര്‍ന്ന് തരിപ്പണമായി അവിടെ ചിതറിക്കിടക്കുന്നുണ്ടായിരുന്നു. തുടര്‍ന്ന് ഇരുവരേയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയില്‍ നിന്ന് പുറത്ത് വിട്ട വീഡിയോയില്‍ പാട്രിക്ക് പറയുന്നത് ദൈവാനുഗ്രഹത്താല്‍ തങ്ങള്‍ രക്ഷപ്പെട്ടു എന്നാണ്.

ഇതുവരെ കാണാത്തതില്‍ വച്ച് ഏറ്റവും ഭയാനകമായ കാര്യമാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാട്രിക്കിന് സാരമായ പരിക്കേറ്റിട്ടില്ല. എന്നാല്‍ നീനയുടെ ആരോഗ്യ സ്ഥിതി ഇനിയും മെച്ചപ്പെട്ടിട്ടില്ല. ശരീരം വലിഞ്ഞു മുറുകിയതായും കടുത്ത തലവേദനയും താടിയെല്ലിന് വേദന ഉള്ളതായും അവര്‍ പറഞ്ഞു. അതേ സമയം ജീവന്‍ തിരികെ കിട്ടിയതില്‍ അവര്‍ സന്തോഷവും അറിയിച്ചു. ഈ മാസത്തെ രണ്ടാമത്തെ അപകടമാണ് ഇതെന്നും രണ്ട് അപകടങ്ങളില്‍ നിന്നും ഞങ്ങള്‍ രക്ഷപ്പെട്ടത് ഭാഗ്യമാണോ അതോ മോശം അനുഭവമാണോ എന്ന് തനിക്കറിയില്ല എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.


അപകടത്തിന്റെ കാരണം എന്താണെന്ന് ഇനിയും വ്യക്തമല്ല. കാര്‍ റെസ്റ്റോറന്റില്‍ ഇടിച്ചതിന് ശേഷം പോലീസ് സ്ഥലത്ത് എത്തിയിരുന്നു. സാധാരണയായി ഈ ദമ്പതികള്‍ വലിയ അളവില്‍ ഭക്ഷണം കഴിക്കുന്നത് വീഡിയോയില്‍ പകര്‍ത്തുകയും ലക്ഷക്കണക്കിന് അനുയായികള്‍ക്കായി സോഷ്യല്‍ മീഡിയയില്‍ അവ പോസ്റ്റ് ചെയ്യുകയുമാണ് പതിവ്. ഇഷ്ടപ്പെട്ട ഭക്ഷണ വിഭവങ്ങള്‍ ആസ്വദിച്ചു കൊണ്ട് ഇരിക്കുന്ന വേളയിലാണ് അപകടം നടന്നതെന്നാണ് ഇവര്‍ പറയുന്നത്.

അപകടത്തില്‍ നിന്ന് ഇഞ്ചുകളുടെ വ്യത്യാസത്തിലാണ് ഇരുവരും രക്ഷപ്പെട്ടത്. സമൂഹ മാധ്യമങ്ങളിലൂെട തങ്ങളുടെ പരിക്കുകളുടെ ചിത്രങ്ങളും ഇവര്‍ പുറത്തു വിട്ടിട്ടുണ്ട്. രുചികരമായ സാല്‍മണ്‍ സ്ലൈഡര്‍ കഴിക്കുന്ന സമയത്താണ് അപകടം നടന്നത് എന്നാണ് നീന പറയുന്നത്. പാട്രിക്കിന്റെ ഇടത് വശത്തും തന്റെ വലതുവശത്തുമാണ് ഇടിച്ചതെന്നും അവര്‍ വിശദീകരിച്ചു.