- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡിസംബര്‍ 31ന് കരാര്‍ തീര്‍ന്നു; അതിന് ശേഷവും വൈദ്യുതി ഉത്പാദനം തുടരുന്ന കാര്‍ബോറാണ്ടം; 4.43 ലക്ഷം വൈദ്യുതി ഉത്പാദിപ്പിച്ചിട്ടും ഒരു യൂണിറ്റ് പോലും ആ കമ്പനിയ്ക്ക് സ്വന്തം ആവശ്യത്തിന് വേണ്ട; എല്ലാം ഗ്രിഡില്‍ നല്‍കി കേരളത്തിലെ ഖജനാവ് കൊള്ളയടിക്കാന്‍ ശ്രമം; ബില്‍ഡ് ഓപ്പറേറ്റ് ട്രാന്‍സ്ഫര്‍ എന്ന ബിഒടി തത്വം അട്ടിമറിച്ച് മണിയാര്‍ പദ്ധതി; ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് കാലത്ത് ആര്‍ക്കും എന്തുമാവാം?
കൊച്ചി: ഇതാണ് ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്! കരാറില്ലെങ്കിലും കേരളത്തിലെ ഡാമിലെ വെള്ളം ഉപയോഗിച്ച് വൈദ്യുതി ഉല്‍പാദിപ്പിക്കാം. ആരും ചോദിക്കില്ല. മണിയാറില്‍ സംഭവിക്കുന്നത് ഇതാണ്. മണിയാറുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ കരാറില്ലാതെ കാര്‍ബോറാണ്ടം കമ്പനി ഉത്പാദിപ്പിച്ചത് 4.43 ലക്ഷം യൂണിറ്റ് വൈദ്യുതി. പദ്ധതിയുടെ കരാര്‍കാലാവധി 2024 ഡിസംബര്‍ 31-ന് അവസാനിച്ചിരുന്നു. എന്നാല്‍, 2025 ജനുവരി 20വരെ മണിയാറില്‍ 4,43,100 യൂണിറ്റ് വൈദ്യുതി ഉത്പാദനം നടന്നു. ഇപ്പോഴും തുടരുകയാണ്. ഇനിയും തുടരും. അങ്ങനെ പുതുമാതൃക തീര്‍ക്കുകയാണ് കേരളം.
കരാര്‍ കഴിഞ്ഞതിന്റെ തൊട്ടടുത്ത ദിവസമായ ജനുവരി ഒന്നിന് 25,100 യൂണിറ്റ് വൈദ്യുതി കാര്‍ബോറാണ്ടം ഉത്പാദിപ്പിച്ചിട്ടുണ്ട്. കരാര്‍ നീട്ടി നല്‍കുന്നതില്‍ വൈദ്യുതിബോര്‍ഡ് ഇതുവരെ തീരുമാനമെടുക്കാത്ത സ്ഥിതിക്ക് ഇത് നിയമവിരുദ്ധ പ്രവൃത്തിയായാണ് ഇത്. കരാര്‍ ലംഘനത്തിന് വൈദ്യുതിബോര്‍ഡ് നോട്ടീസ് നല്‍കിയ കമ്പനി കരാറില്ലാതെ വൈദ്യുതി ഉത്പാദിപ്പിച്ചുവെങ്കിലും സര്‍ക്കാര്‍ നടപടിയൊന്നും എടുക്കില്ല. കരാര്‍ തീര്‍ന്ന അന്ന് കമ്പനി വൈദ്യുതി ഉത്പാദനം നിര്‍ത്തണം. അതാണ് നിയമപ്രകാരം ചെയ്യേണ്ടത്. അതിന് ശേഷം കരാര്‍ പുതുക്കിയാല്‍ മാത്രം വൈദ്യുതി ഉത്പാദിപ്പിക്കുയാണ് ചെയ്യേണ്ടത്. പക്ഷേ കരാര്‍ തീര്‍ന്നിട്ടും ഇവിടെ വൈദ്യുതി ഉത്പാദിപ്പിക്കുന്നു. സംസ്ഥാനത്ത് സ്വകാര്യകമ്പനിക്ക് അനുവദിച്ച ആദ്യത്തെ കാപ്റ്റീവ് പവര്‍ പ്രോജക്ട് ആണ് പത്തനംതിട്ടയിലെ മണിയാര്‍ ജലവൈദ്യുതി പദ്ധതി. 1994 മുതല്‍ 2024 വരെയുള്ള 30 വര്‍ഷമാണ് കാര്‍ബോറാണ്ടം പദ്ധതിയില്‍നിന്ന് വൈദ്യുതി ഉത്പാദിപ്പിച്ചത്. കാലാവധി കഴിഞ്ഞതോടെ പദ്ധതി തിരിച്ചു ലഭിക്കണമെന്ന് ബോര്‍ഡും ഊര്‍ജവകുപ്പും നിലപാടെടുത്തു.
ബിഒടി അടിസ്ഥാനത്തിലായിരുന്നു ആ കരാര്‍. പദ്ധതി പ്രാവര്‍ത്തികമാക്കി വൈദ്യുതി ഉത്പാദിപ്പിച്ച് 30 കൊല്ലം ഉപയോഗിക്കുക. അതിന് ശേഷം വൈദ്യുത ബോര്‍ഡിന് പദ്ധതി കൈമാറുക-ഇതാണ് ബിഒടിയുടെ രീതി. എന്നാല്‍ ബില്‍ഡ് ഓപ്പറേറ്റ്... ഓപ്പറേറ്റ്.. ഓപ്പറേറ്റ്.. മോഡലിലേക്ക് കാര്യങ്ങള്‍ പോകുന്നുവെന്നതാണ് വസ്തുത. കരാര്‍ ഇല്ലെങ്കിലും വൈദ്യുതി ഉത്പാദിപ്പിക്കുന്ന തന്റേടം കാര്‍ബോറാണ്ടം കാട്ടുകയും ചെയ്യുന്നു. വ്യവസായ വകുപ്പ് പദ്ധതി 25 വര്‍ഷത്തേക്കുകൂടി കാര്‍ബോറാണ്ടത്തിന് നീട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ടതോടെയാണ് വിവാദം ഉടലെടുത്തത്. കരാറില്‍ കക്ഷിയായ വൈദ്യുതിബോര്‍ഡിന് എതിര്‍പ്പുണ്ടെങ്കില്‍ കാരാര്‍ നീട്ടാനാകില്ല. വൈദ്യുതിമന്ത്രി കെ. കൃഷ്ണന്‍കുട്ടി നിയമസഭയില്‍ കരാര്‍ നീട്ടിനല്‍കുന്നതിന് വിരുദ്ധമായ നിലപാട് പ്രഖ്യാപിച്ചിരുന്നു.
എന്നാല്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ കമ്പനിക്ക് അനുകൂലമായ നിലപാടാണ് എടുത്തത്. കരാര്‍ നീട്ടിനല്‍കിയാല്‍ വൈദ്യുതി രംഗവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ കോടതിയെ സമീപിക്കാനുള്ള ആലോചനയിലാണ്. ഇത് പുതിയ ചര്‍ച്ചകള്‍ക്ക് വഴിവയ്ക്കും. ഇതിനിടെയാണ് വൈദ്യുതി ബോര്‍ഡുമായി കരാറില്ലാതെ തന്നെ കാര്‍ബറോണ്ടം വൈദ്യുതി ഉത്പാദനം നടത്തുന്നത്. ഇതിന് പിന്നില്‍ ഉന്നതരുടെ പിന്തുണയുണ്ടെന്നതാണ് വസ്തുത. കഴിഞ്ഞ മൂന്നുവര്‍ഷമായി പദ്ധതിയിലെ ഒരു യൂണിറ്റ് വൈദ്യുതി പോലും കാര്‍ബോറാണ്ടം ഉപയോഗിച്ചിട്ടില്ല. കാപ്റ്റീവ് പദ്ധതിയില്‍നിന്നുള്ള വൈദ്യുതി കാര്‍ബോറാണ്ടത്തിന് ആവശ്യമില്ലെന്ന് തെളിഞ്ഞതോടെ കരാര്‍ നീട്ടേണ്ട എന്ന നിലപാടിലാണ് വൈദ്യുതിബോര്‍ഡ്.
മണിയാര്‍ വൈദ്യുതി ഉപയോഗിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി 2022-ല്‍തന്നെ കാര്‍ബോറാണ്ടത്തിന് വൈദ്യുതിബോര്‍ഡ് നോട്ടീസ് നല്‍കിയിരുന്നു. കാരാര്‍കാലാവധിക്കുശേഷം ഉത്പാദിപ്പിച്ച വൈദ്യുതിയും ഗ്രിഡിലേക്ക് നല്‍കുകയാണ് കമ്പനി ചെയ്തിരിക്കുന്നത്. ഇതിന് പണം വൈദ്യുതി ബോര്‍ഡ് നല്‍കില്ല. കരാര്‍ സംബന്ധിച്ച് രണ്ടുവര്‍ഷം മുന്നേ സി.എ.ജി. ഓഡിറ്റില്‍ പരാമര്‍ശം വന്നതിനെത്തുടര്‍ന്ന് കാര്‍ബോറാണ്ടത്തിന് വൈദ്യുതിക്ക് പണം നല്‍കുന്നതില്‍ തീരുമാനമെടുത്തിട്ടില്ലെന്നും മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. കെ.എസ്.ഇ.ബിയുടെ എതിര്‍പ്പവഗണിച്ച് മണിയാര്‍ ജലവൈദ്യുതി പദ്ധതി സ്വകാര്യ കമ്പനിയുടെ നിയന്ത്രണത്തില്‍ നിലനിര്‍ത്താനാണ് സര്‍ക്കാറിന്റെ തീരുമാനം എന്നാണ് സൂചന. കരാര്‍ 25 വര്‍ഷത്തേക്ക് നീട്ടുന്നത് സംബന്ധിച്ച ഫയലില്‍ കാര്‍ബൊറാണ്ടം യൂനിവേഴ്‌സല്‍ കമ്പനിക്ക് അനുകൂല തീരുമാനം ഉടന്‍ ഉണ്ടാകും.
അതിനിടെ കെ എസ് ഇ ബിയും തിരിച്ചടിയ്ക്ക് ശ്രമിക്കുകയാണ്. കാര്‍ബൊറാണ്ടം കമ്പനി മണിയാര്‍ ജലവൈദ്യുത പദ്ധതിയില്‍ നിന്ന് ഉല്‍പാദിപ്പിക്കുന്ന വൈദ്യുതിക്ക് പണം ഈടാക്കാനൂള്ള കെഎസ്ഇബി തീരുമാനം ഇതിന്റെ ഭാഗമാണ്. കര്‍ബൊറാണ്ടം കമ്പനിയില്‍ നിന്ന് 12 മെഗാവാട്ട് വൈദ്യുതിക്കാണ് പണം ഈടാക്കുക. വൈദ്യുതി ബോര്‍ഡ് സ്പെഷ്യല്‍ റവന്യു വിഭാഗത്തിന് വകുപ്പ് ഇത് സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കി. ഡിസംബര്‍ 31 ന് ബോര്‍ഡമായുള്ള കരാര്‍ കഴിഞ്ഞ പശ്ചാത്തലത്തിലാണ് തീരുമാനം. മുഖ്യമന്ത്രിയും വ്യവസായ മന്ത്രിയും കരാര്‍ 25 വര്‍ഷത്തേക്ക് നീട്ടി നല്‍കാന്‍ ശ്രമിക്കുന്നതിനിടയിലാണ് കെഎസ്ഇബി ഈ തീരുമാനമെടുത്തത്. കാര്‍ബൊറാണ്ടം കമ്പനിയുടെ കരാര്‍ നീട്ടിയതായി തങ്ങള്‍ക്ക് അറിവ് ലഭിച്ചിട്ടില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് കെഎസ്ഇബി ഈ തീരുമാനത്തിലേക്ക് പോയത്. വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെ നിര്‍ദ്ദേശ പ്രകാരമാണ് കെ എസ് ഇ ബിയുടെ നീക്കം. ഈ സാഹചര്യത്തെ മുഖ്യമന്ത്രിയുടെ ഓഫീസ് ഗൗരവത്തില്‍ എടുക്കും.
അതിനിടെ നിയമസഭയില്‍ കരാര്‍ നീട്ടുന്നതിനെ മുഖ്യമന്ത്രി അനുകൂലിച്ചിട്ടുണ്ട്. കാര്‍ബൊറാണ്ടം ഉല്‍പ്പാദിപ്പിക്കുന്നതില്‍ അവരുടെ ഉപയോഗം കഴിഞ്ഞ് മിച്ചം വരുന്ന വൈദ്യുതി കെഎസ്ഇബിക്ക് നല്‍കട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു. കാര്‍ബോറാണ്ടം കേരളത്തില്‍ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണെന്നും അവര്‍ക്ക് ആവശ്യമായ വൈദ്യുതി ഉത്പാദിപ്പിക്കട്ടെയെന്നും മിച്ച വൈദ്യുതി ഉണ്ടെങ്കില്‍ കെഎസ്ഇബിക്ക് നല്‍കട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത് ഈസ് ഓഫ് ഡൂയിങ് ബിസിനസിന്റെ കാലം ആണെന്നും തര്‍ക്കത്തിന്റെ കാര്യം ഇല്ലെന്നും കൂടിയാലോചനയിലൂടെ പ്രശ്‌നം പരിഹരിക്കാമെന്നും മറുപടി വിശദീകരിച്ചിരുന്നു.