- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്രിട്ടനിലെ കെയര്‍ വിസ കച്ചവടം മുഴുവന്‍ അടിമക്കച്ചവടമായി കേസിലേക്ക്; ആറു വര്‍ഷത്തിനിടെ 74,223 പരാതികള്‍; ഓക്‌സ്‌ഫോര്‍ഡിലെ വിസാക്കച്ചവടക്കാരിയുടെ വിചാരണയ്ക്ക് തീയതിയായി; മറുനാടന്‍ മലയാളിയിലും ബിബിസിയിലും സഹായം തേടി ഇരകളാക്കപ്പെട്ടവര്‍; സഹായം ആവശ്യമായവര്‍ക്ക് ഇപ്പോള്‍ പരാതിപ്പെടാനും അവസരം
ബ്രിട്ടനിലെ കെയര്‍ വിസ കച്ചവടം മുഴുവന്‍ അടിമക്കച്ചവടമായി കേസിലേക്ക്
കവന്‍ട്രി: ഒടുവില്‍ ആ വാര്‍ത്ത എത്തുകയാണ്. പതിനായിരക്കണക്കിന് മനുഷ്യരുടെ കണ്ണീരിനു നിയമത്തിന്റെ മുന്നില്‍ പോരാട്ടം തുടങ്ങാനുള്ള സമയമായിരിക്കുന്നു. കഴിഞ്ഞ ആറു വര്‍ഷത്തിനിടയില്‍ ബ്രിട്ടനില്‍ നടന്ന 74,223 വിസ കച്ചവട പരാതികളില്‍ അടിമക്കച്ചവടമായി കണക്കാക്കി സര്‍ക്കാര്‍ നിയമ നടപടികളിലേക്ക് നീങ്ങുന്നു എന്നതിന്റെ ആദ്യ സൂചനകള്‍ കോടതി നടപടികളില്‍ നിന്നും ലഭ്യമായി തുടങ്ങി. ലക്ഷക്കണക്കിന് ആളുകള്‍ ലോകമെമ്പാടും നിന്നും യുകെ കെയര്‍ വിസ കച്ചവടത്തിന്റെ ഇരകളായി മാറിയപ്പോള്‍ അതില്‍ വിസ ലഭിച്ചു യുകെയില്‍ എത്തിയ 74,223 പേരുടെ പരാതികളാണ് ഇപ്പോള്‍ വര്‍ഷങ്ങള്‍ നീണ്ട നിയമ പോരാട്ടത്തിലേക്ക് നീങ്ങുന്നത്. പണം നല്‍കി എന്ന പരാതി ഉന്നയിക്കുന്നവര്‍ക്ക് തെളിവ് നല്‍കാന്‍ കഴിഞ്ഞാല്‍ ആയിരക്കണക്കിന് വിസ കച്ചവടക്കാര്‍ക്ക് ജയില്‍ വാസത്തിനുള്ള അവസരമാകും വരും വര്‍ഷങ്ങളില്‍ കാത്തിരിക്കുക. ഈ ലിസ്റ്റില്‍ നൂറുകണക്കിന് മലയാളി വിസ കച്ചവടക്കാരും ഉള്‍പ്പെട്ടിട്ടുണ്ട് എന്ന് വ്യക്തമാണ്.
മറുനാടന്‍ മലയാളിക്ക് ലഭിക്കുന്ന സൂചന അനുസരിച്ചു മൂവായിരത്തിലേറെ മലയാളികള്‍ ഇതിനകം ഹോം ഓഫീസില്‍ നേരിട്ടും ചാരിറ്റി സംഘടനകള്‍ വഴിയും പരാതി നല്‍കിയിട്ടുണ്ട്. ഇതില്‍ 90 ശതമാനം പരാതികളും മലയാളി വിസ കച്ചവട ഏജന്റുമാര്‍ വഞ്ചിച്ചു എന്ന് തന്നെയാണ് വ്യക്തമാക്കിയിരിക്കുന്നത്. നോര്‍ത്ത് വെയ്ല്‍സില്‍ അഞ്ചു മലയാളികള്‍ ചേര്‍ന്ന് നടത്തിയ നഴ്സിംഗ് ഏജന്‍സിയില്‍ വിദ്യാര്‍ത്ഥി വിസക്കാരെ അടിമവേല കണക്കെ ജോലി ചെയ്യാന്‍ നിര്‍ബന്ധിച്ചെന്ന തുടക്കത്തില്‍ നിന്നുമാണ് ഇപ്പോള്‍ വിസ കച്ചവട ഏജന്‍സികളിലേക്ക് അടിമ കച്ചവടത്തിന്റെ പേരില്‍ ഉള്ള കേസുമായി ഹോം ഓഫീസും കോടതിയും എത്തുന്നത്.
വിസാ കച്ചവടത്തിന് ഇറങ്ങിയ അനേകം മലയാളി ഏജന്റുമാര്‍ക്ക് ഇത് സംബന്ധിച്ച സൂചനകള്‍ കിട്ടിയതിനെ തുടര്‍ന്ന് ഇതിനകം പലരും ഓസ്ട്രേലിയ, അമേരിക്ക എന്നിവിടങ്ങളിലേക്ക് കൂടു മാറിക്കഴിഞ്ഞതായി പറയപ്പെടുന്നു. ചിലയാളുകള്‍ കുടുംബത്തെ യുകെയില്‍ തുടരാന്‍ അനുവദിച്ചു കേരളത്തിലേക്കും താവളം മാറ്റിയിരിക്കുന്നു എന്നും സൂചനയുണ്ട്. കഴിഞ്ഞ മൂന്നുവര്‍ഷമായി വിസ കച്ചവടത്തിന് എതിരെ ബ്രിട്ടനില്‍ ശക്തമായ നിയമ നടപടിക്ക് സാധ്യതയുണ്ട് എന്ന ബ്രിട്ടീഷ് മലയാളിയുടെ നിരന്തരമുള്ള വാര്‍ത്തകള്‍ക്ക് ഉള്ള സാധൂകരണം കൂടിയാണ് ഇപ്പോള്‍ കേസുകള്‍ കൂട്ടത്തോടെ കോടതിലേക്ക് നീങ്ങുന്നു എന്ന വിവരം. പണം കൈപ്പറ്റിയവര്‍ക്ക് ജയില്‍ വാസവും പിഴയും സാധാരണയാണ് ഇത്തരം കേസുകളില്‍. ഇരകളാക്കപ്പെട്ടവര്‍ വിസ കച്ചവടക്കാരുടെ സ്വത്തുക്കള്‍ ജപ്തി ചെയ്തു നഷ്ടപരിഹാരം നല്‍കണം എന്ന വാദവും ഇപ്പോള്‍ ഹോം ഓഫിസിനു മുന്നില്‍ ഉയര്‍ത്തിയിട്ടുണ്ട്.
ഓക്‌സ്‌ഫോര്‍ഡിലെ അറസ്റ്റ് ഒരു സൂചന മാത്രം
കേരളത്തിലെ രാഷ്ട്രീയക്കാര്‍ വിളിച്ചു കൂവുന്ന സൂചന മാത്രം, സൂചന കണ്ടു പഠിച്ചില്ലെങ്കില്‍ എന്ന മുദ്രാവാക്യത്തെ ഓര്‍മ്മിപ്പിക്കുന്നതാണ് ഓക്‌സ്‌ഫോര്‍ഡ് പോലീസ് അറസ്റ്റ് ചെയ്ത ആഫ്രിക്കന്‍ വംശജയ്‌ക്കെതിരെയുള്ള അടിമക്കച്ചവട കേസ്. കെയര്‍ വിസ വില്‍പന നടത്തിയതും നിര്‍ബന്ധപൂര്‍വം ജോലി ചെയ്യിപ്പിച്ചതും ബ്രിട്ടീഷ് കുടിയേറ്റ നിയമത്തിന്റെ ലംഘനം ആണെന്നാണ് പോലീസ് കേസ്. ലിഡിയ മുഗംബേ എന്ന ആഫ്രിക്കന്‍ വംശജയായ സ്ത്രീയാണ് ഇപ്പോള്‍ നിയമ നടപടികള്‍ നേരിടുന്നത്. അടുത്ത വര്‍ഷം ഫെബ്രുവരി പത്തിന് ഈ കേസ് ഓക്‌സ്‌ഫോര്‍ഡ് ക്രൗണ്‍ കോടതിയില്‍ വിചാരണ നടക്കും.
വെയ്ല്‍സില്‍ ശക്തമായിരുന്ന അടിമക്കച്ചവട നിരോധന നിയമപ്രകാരമുള്ള കേസുകള്‍ ഇംഗ്ലണ്ടിലും ചാര്‍ജ് ചെയ്തു തുടങ്ങി എന്നാണ് ഓക്‌സ്‌ഫോര്‍ഡ് സംഭവം സ്ഥിരീകരിക്കുന്നത്. ഹോം ഓഫിസ് മിഡ്ലാന്‍ഡ്‌സില്‍ ഏറ്റവും കൂടുതല്‍ റെയ്ഡ് നടത്തിയിരുന്ന രണ്ടു സ്ഥലങ്ങളാണ് സ്റ്റോക് ഓണ്‍ ട്രെന്റും ഓക്‌സ്‌ഫോര്‍ഡും. രണ്ടിടത്തും ഇപ്പോഴും റെയ്ഡുകള്‍ തുടരുകയാണ്. നിരവധി മലയാളികളും ഇവിടെ പോലീസ് റെയ്ഡില്‍ പിടിയിലായിട്ടുണ്ട്. ഒന്നിലേറെ പേരെ നാടുകടത്തുകയും ചെയ്തിരുന്നു. ഈ കേസുകള്‍ ഒക്കെ വൈകാതെ കോടതി നടപടികളിലേക്ക് നീങ്ങും എന്നാണ് വിചാരണയിലേക്ക് നീങ്ങുന്ന ഓക്‌സ്‌ഫോര്‍ഡ് കേസ് വെളിപ്പെടുത്തുന്നത്.
അതിവേഗ നടപടികള്‍ക്ക് തുടക്കം, കൂടുതല്‍ ജീവനക്കാരെ നിയമിക്കാന്‍ ഹോം ഓഫിസ്
കേസുകളുടെ കൂമ്പാരം ഹിമാലയം പോലെ വളര്‍ന്നു നില്‍ക്കുമ്പോള്‍ അവ കൈകാര്യം ചെയ്യാന്‍ ജീവനക്കാരില്ലാത്ത ഗതികേടിലാണ് ഹോം ഓഫിസ്. ഇതിനു പരിഹാരമാകാന്‍ ഉടന്‍ 200 ജീവനക്കാരെ നിയമിക്കാന്‍ ഹോം ഓഫിസിന് അനുവാദം നല്‍കിയിരിക്കുകയാണ് സര്‍ക്കാര്‍. ഇതേ തുടര്‍ന്ന് നാലു വര്‍ഷം വരെ ആയിട്ടും പരാതിയില്‍ അനക്കമില്ലാത്ത കേസുകള്‍ക്ക് ജീവന്‍ വയ്ക്കും എന്നാണ് അറിയാനാകുന്നത്. ആറു വര്‍ഷം മുന്‍പ് വെറും 7000 അടിമക്കച്ചവട കേസുകള്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തിരുന്ന സ്ഥാനത്ത് ഇപ്പോള്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി ശരാശരി 17,000 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.
കഴിഞ്ഞ ആറുവര്‍ഷമായി റിപ്പോര്‍ട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 74,000 മുകളിലേക്ക് കുതിച്ചുയര്‍ന്നിരിക്കുകയാണ്. ഇതാണ് പരാതി നല്‍കി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇരകള്‍ക്ക് നീതി ലഭിക്കാതെ പോകാന്‍ കാരണമാകുന്നത്. ആയിരക്കണക്കിന് മലയാളികളും ഈ ഇരകളുടെ ലിസ്റ്റില്‍ ഇടം പിടിച്ചിട്ടുണ്ട്. മടങ്ങിപോകേണ്ടി വന്നാല്‍ ആത്മഹത്യ മാത്രമാണ് മുന്നില്‍ വഴിയെന്ന് പലരും പറഞ്ഞതോടെ റെയ്ഡുകളുടെ എണ്ണം പോലും നിയന്ത്രിക്കാന്‍ ഹോം ഓഫിസില്‍ സമ്മര്‍ദ്ദം ഉണ്ടെന്നും ഹോം ഓഫിസുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്ന ഒരു ജീവനക്കാരി ബ്രിട്ടീഷ് മലയാളിയോട് വെളിപ്പെടുത്തിയിരുന്നു.
ജോലി സ്ഥലത്തു പാനിക് അറ്റാക്, ആഫ്രിക്കന്‍ വംശജയ്ക്കും മലയാളി വനിതയ്ക്കും ദുരനുഭവം
വിസ കച്ചവട ലോബിയുടെ കെണിയില്‍ അകപ്പെട്ട് എത്തിയവര്‍ക്ക് യുകെയില്‍ എത്തിയ ശേഷം സ്വയം നഷ്ടമായ അവസ്ഥയാണ് എന്ന് ഇവര്‍ വെളിപ്പെടുത്തുന്നു. ജോലി സ്ഥലത്തു പാനിക് അറ്റാക് ഉണ്ടായി ആംബുലന്‍സ് വിളിച്ചു ആശുപത്രിയില്‍ പോയ അനുഭവം ആഫ്രിക്കന്‍ വംശജയായ യുവതി ബിബിസിയോട് വെളിപ്പെടുത്തിയപ്പോള്‍ ഇതേ അനുഭവം മറുനാടന്‍ മലയാളിയോട് വെളിപ്പെടുത്തിയത് മലയാളി യുവതിയാണ്. ഇരു സംഭവങ്ങളിലും യുവതികള്‍ക്ക് ഇപ്പോള്‍ ജോലി നഷ്ടമായിരിക്കുകയാണ്.
ഓക്‌സ്‌ഫോര്‍ഡിലെ യുവതിയോട് സഹപ്രവര്‍ത്തകര്‍ പോലീസില്‍ സഹായം തേടാന്‍ നിര്‍ദേശിച്ചെങ്കിലും ഭയന്ന യുവതി ഈ രംഗത് സഹായം ഒരുക്കുന്ന ചാരിറ്റി സ്ഥാപനമായ ഓക്‌സ്‌ഫോര്‍ഡ് ആന്റി സ്ളേവറി ഇനിഷേയ്റ്റീവ് എന്ന സംഘടനയെയാണ് സമീപിച്ചത്. ഇവരാണ് വിവരങ്ങള്‍ ബിബിസിക്ക് കൈമാറിയത്. ഈ വര്‍ഷം ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള സമയത്ത് ഓക്‌സ്‌ഫോര്‍ഡില്‍ വിവിധ സ്ഥലങ്ങളില്‍ നിന്നായി 71 അടിമക്കച്ചവട ഇരകള്‍ തങ്ങളുടെ സഹായം തേടിയതായി ഓക്‌സ്‌ഫോര്‍ഡ് ആന്റി സ്ലെവാരി ഇനിഷിയേറ്റീവ് കോ ഓഡിനേറ്റര്‍ നിക്കോള ബെല്‍ വെളിപ്പെടുത്തുന്നു.
മറുനാടന്‍ മലയാളിയില്‍ സഹായം തേടിയ യുവതി ഏറെ വൈകി എന്നതിനാല്‍ എത്രമാത്രം നിയമ സഹായം ഉറപ്പാക്കാനാകും എന്ന് വ്യക്തമല്ല. എങ്കിലും ഇമിഗ്രേഷന്‍ രംഗത്ത് പ്രവര്‍ത്തന പരിചയമുള്ള അഭിഭാഷകന്റെ സഹായം ഈ യുവതിക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഫലമുണ്ടായില്ലെങ്കില്‍ ഹോം ഓഫിസില്‍ ഇരയായി കീഴടങ്ങി വിസ കച്ചവട ലോബിയുടെ കണ്ണി മുറിയ്ക്കുക എന്ന കാര്യമാണ് ഈ യുവതിക്ക് മുന്‍പില്‍ ബാക്കിയുള്ളത്. ബിര്‍മിങാമിന് അടുത്തുള്ള ഒരു പട്ടണത്തിലെ കെയര്‍ ഹോമിലാണ് ഇവര്‍ ജോലി ചെയ്തിരുന്നത്. അസുഖബാധിതയായി എന്ന കാരണത്താലാണ് ഇവരുടെ സിഒഎസ് കാന്‍സല്‍ ചെയ്തത് എന്ന് പറയപ്പെടുന്നു.
ഇതിനെതിരെ തൊഴില്‍ ഉടമക്ക് ലീഗല്‍ നോട്ടീസ് അയക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ ആലോചനയില്‍. ഇക്കഴിഞ്ഞ ജൂണിലാണ് ഈ യുവതിയെ അകാരണമായി ജോലിയില്‍ നിന്നും പിരിച്ചു വിട്ടതെന്ന് അവര്‍ പറയുന്നു. ലണ്ടനിലുള്ള ചെറുപ്പക്കാരനായ ഏജന്റിനെതിരെയാണ് ഇവരുടെ പരാതി. ഇയാള്‍ക്കെതിരെ വേറെയും അനേകം ആളുകള്‍ പരാതി ഉയര്‍ത്തുന്നുണ്ട്.
വിസകച്ചവടത്തിന് ഇരകളായി എന്ന് വെളിപ്പെടുത്താന്‍ തയ്യാറുള്ളവര്‍ക്ക് സഹായ വാഗ്ദാനത്തിനു താഴെ കാണുന്ന നമ്പറില്‍ ബന്ധപ്പെടുക
Helpline: 0800 0121 700, https://www.modernslaveryhelpline.org/