വയനാട്: പുല്‍പ്പള്ളിയില്‍ വീട്ടിലെ കാര്‍ പോര്‍ച്ചില്‍ നിന്ന് മദ്യവും സ്‌ഫോടകവസ്തുവായ 15 ഓളം തോട്ടകളും കണ്ടെത്തിയ കേസില്‍ നിര്‍ണായക വഴിത്തിരിവ്. അറസ്റ്റിലായ പുല്‍പ്പള്ളി മരക്കടവ് കാനാട്ടുമലയില്‍ തങ്കച്ചന്‍(അഗസ്റ്റിന്‍) നിരപരാധിയാണെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. തങ്കച്ചനെ കുടുക്കാന്‍ കര്‍ണാടക ഭാഗത്ത് പോയി മദ്യം വാങ്ങിയ മരക്കടവ് പുത്തന്‍വീട് പി.എസ്. പ്രസാദ് (41) നെ പുല്‍പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ ഗൂഗിള്‍ പേ ഉപയോഗിച്ച് മദ്യം വാങ്ങിയ തെളിവും ലഭിച്ചു. മദ്യവും സ്‌ഫോടക വസ്തുക്കളും കാര്‍ ഷെഡില്‍ കൊണ്ടു വച്ച യഥാര്‍ത്ഥ പ്രതിക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കി. ഇയാളെ ഉടന്‍ അറസ്റ്റ് ചെയ്യും. ഗൂഡലോചനയില്‍കൂടുതല്‍ പേര്‍ പങ്കെടുത്തിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിച്ചു വരികയാണ്.

രാഷ്ട്രീയ ഭിന്നതയും, വ്യക്തിവിരോധവും മൂലം ബോധപൂര്‍വം നടത്തിയ ഗൂഢാലോചനയുടെ ഭാഗമായാണ് തങ്കച്ചനെ കേസില്‍ കുടുക്കാന്‍ ശ്രമം നടന്നത്. പ്രതികള്‍ മദ്യവും സ്‌ഫോടക വസ്തുക്കളും നിര്‍ത്തിയിട്ട കാറിനടിയില്‍ കൊണ്ടു വയ്ക്കുകയായിരുന്നുവെന്നാണ് കണ്ടെത്തല്‍. ആഗസ്ത് 22 നാണ് തങ്കച്ചന്‍ അറസ്റ്റിലാകുന്നത്. തങ്കച്ചന്‍ നിരപരാധിയാണെന്ന് കുടുംബം പരാതി നല്‍കിയതിനെ തുടര്‍ന്ന് പൊലീസ് കൃത്യമായ അന്വേഷണം ആരംഭിച്ചു. സി.സി.ടി.വി ദൃശ്യങ്ങളും ഫോണ്‍ രേഖകളും പരിശോധിച്ചു. പൊലീസില്‍ വിവരം നല്‍കിയവരുടെ ഉള്‍പ്പെടെയുള്ള ഫോണ്‍ രേഖകളും മറ്റു തെളിവുകളും ശേഖരിച്ച് പൊലീസ് നടത്തിയ കൃത്യമായ അന്വേഷണത്തിലാണ് യഥാര്‍ത്ഥ പ്രതികളിലേക്ക് എത്തുന്നത്. തങ്കച്ചന്റെ നിരപരാധിത്വം തെളിഞ്ഞതിനാല്‍ വെറുതെ വിടാനുള്ള അപേക്ഷ കോടതിയില്‍ സമര്‍പ്പിച്ചിരിക്കുകയാണ് പൊലീസ്.

പൊലീസ് കൃത്യമായി അന്വേഷിച്ചിരുന്നുവെങ്കില്‍ ഭര്‍ത്താവ് ജയിലില്‍ കിടക്കേണ്ടി വരില്ലായിരുന്നുവെന്ന് തങ്കച്ചന്റെ ഭാര്യ സിനി പറഞ്ഞു. ഭര്‍ത്താവ് നിരപരാധി ആണെന്ന് പൊലീസിന് അറിയാമായിരുന്നു. അകത്താക്കുമെന്നും അപായപ്പെടുത്തുമെന്നും ചിലര്‍ ഭീഷണിപ്പെടുത്തിയിരുന്നു. പിന്നാലെ നടന്ന ഗൂഡാലോചനയുടെ ഭാഗമായാണ് തങ്കച്ചനെ അറസ്റ്റ് ചെയ്തതെന്നും സിനി ആരോപിച്ചു. പുല്‍പ്പള്ളി കോണ്‍ഗ്രസിലെ വിഭാഗീയതയാണ് കേസില്‍ കുടുക്കാന്‍ കാരണം. എംഎല്‍എ ഗ്രൂപ്പും എന്‍ ഡി അപ്പച്ചന്‍ ഗ്രൂപ്പും തമ്മിലുണ്ടായ തര്‍ക്കത്തിന് പിന്നാലെയുണ്ടായ വ്യക്തിവൈരാഗ്യമാണ് ഇതിനു പിന്നില്‍. ഒരു ദിവസമെങ്കിലും അകത്താക്കുമെന്ന് തങ്കച്ചനെ ചിലര്‍ വെല്ലുവിളിച്ചിരുന്നുവെന്നും സിനി പറഞ്ഞു.

ഉറങ്ങിക്കിടന്ന തങ്കച്ചനെ വിളിച്ചുണര്‍ത്തിയാണ് പൊലീസ് പിടിച്ചുകൊണ്ടുപോയത്. എസ്പി ക്ക് നേരിട്ട് പരാതി നല്‍കിയതിന് പിന്നാലെയാണ് നീതി ലഭിച്ചതെന്നും സിനി വ്യക്തമാക്കി. കഴിഞ്ഞ 22നാണ് രാത്രി പതിനൊന്ന് മണിയോടെ തങ്കച്ചന്റെ വീട്ടില്‍ പൊലീസ് എത്തിയത്. പിന്നാലെ വീടിന്റെ പോര്‍ച്ചില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന് പുറകില്‍ നിന്നായി സ്ഫോടക വസ്തുക്കളും മദ്യവുമടക്കം കണ്ടെടുക്കുകയായിരുന്നു. അന്ന് രാത്രി തന്നെ തങ്കച്ചനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തങ്കച്ചന്‍ നിലവില്‍ വൈത്തിരി സബ് ജയിലിലാണ്.