- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊല്‍ക്കത്തയിലെ ഡോക്ടറുടെ കൊലപാതകം: പ്രതിയെ നുണപരിശോധനയ്ക്ക് വിധേയമാക്കാന്‍ സി.ബി.ഐ; ഡയറിയിലെ പേജ് കീറിയെന്ന് കുടുംബം
കൊല്‍ക്കത്ത: ആര്‍ ജി കര്‍ മെഡിക്കല്‍ കോളേജില്‍ ജൂനിയര്‍ വനിത ഡോക്ടറെ ക്രൂരപീഡനത്തിന് ഇരയാക്കി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയെ നുണപരിശോധനയ്ക്ക് വിധേയമാക്കാന്‍ സിബിഐ. കേസില്‍ അറസ്റ്റിലായ സിവിക് വൊളണ്ടിയര്‍ സഞ്ജയ് റോയിയുടെ നുണപരിശോധന സിബിഐ ഇന്ന് നടത്തും. കഴിഞ്ഞ ദിവസമാണ് പ്രതിയുടെ നുണപരിശോധന നടത്താന്‍ കോടതി അനുവാദം നല്‍കിയത്. കേസില്‍ പ്രതിയുടെ പങ്കാളിത്തത്തെ കുറിച്ച് കൂടുതല്‍ അറിയാനാണ് നുണപരിശോധനയ്ക്ക് വിധേയമാക്കുന്നത്. കേസില്‍ സഞ്ജയ് റോയിയെ മാത്രമേ ഇതുവരെ സിബിഐ പ്രതി ചേര്‍ത്തിട്ടുള്ളു. എന്നാല്‍ പെണ്‍കുട്ടി കൂട്ട ബലാത്സംഗത്തിനിരയായിട്ടുണ്ടെന്നും […]
കൊല്‍ക്കത്ത: ആര്‍ ജി കര്‍ മെഡിക്കല്‍ കോളേജില്‍ ജൂനിയര്‍ വനിത ഡോക്ടറെ ക്രൂരപീഡനത്തിന് ഇരയാക്കി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയെ നുണപരിശോധനയ്ക്ക് വിധേയമാക്കാന്‍ സിബിഐ. കേസില്‍ അറസ്റ്റിലായ സിവിക് വൊളണ്ടിയര്‍ സഞ്ജയ് റോയിയുടെ നുണപരിശോധന സിബിഐ ഇന്ന് നടത്തും. കഴിഞ്ഞ ദിവസമാണ് പ്രതിയുടെ നുണപരിശോധന നടത്താന്‍ കോടതി അനുവാദം നല്‍കിയത്. കേസില്‍ പ്രതിയുടെ പങ്കാളിത്തത്തെ കുറിച്ച് കൂടുതല്‍ അറിയാനാണ് നുണപരിശോധനയ്ക്ക് വിധേയമാക്കുന്നത്. കേസില്‍ സഞ്ജയ് റോയിയെ മാത്രമേ ഇതുവരെ സിബിഐ പ്രതി ചേര്‍ത്തിട്ടുള്ളു. എന്നാല്‍ പെണ്‍കുട്ടി കൂട്ട ബലാത്സംഗത്തിനിരയായിട്ടുണ്ടെന്നും സംഭവത്തില്‍ ആശുപത്രിയിലെ നിരവധി പേര്‍ക്ക് പങ്കുണ്ടെന്നും കുടുംബം പറയുന്നു.
പ്രതിയുടെ മൊഴികളിലെ വൈരുദ്ധ്യവും ഇയാള്‍ തെറ്റിദ്ധരിപ്പിക്കാന്‍ നീക്കം നടത്തുന്നതായുള്ള സംശയവും കാരണമാണ് സി.ബി.ഐ. നുണപരിശോധനയ്ക്ക് മുതിരുന്നതെന്നാണ് റിപ്പോര്‍ട്ട്. ശനിയാഴ്ച സിബിഐ പ്രതിയുടെ മാനസികനില പരിശോധിച്ചിരുന്നു. സഞ്ജയ് റോയിക്കെതിരെ പങ്കാളിയുടെ മാതാവും രംഗത്തെത്തിയിരുന്നു. ഇയാള്‍ നല്ല മനുഷ്യനല്ലെന്നും എപ്പോഴും തന്റെ മകളെ മര്‍ദിക്കാറുണ്ടെന്നുമായിരുന്നു മാതാവിന്റെ പ്രതികരണം. മകള്‍ ഗര്‍ഭണിയിയായിരുന്നുവെന്നും മര്‍ദിച്ച് ഗര്‍ഭം അലസിപ്പിച്ചെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
അതിനിടെ, കൊല്ലപ്പെട്ട വനിതാ ഡോക്ടറുടെ കുടുംബാംഗങ്ങളില്‍നിന്ന് സി.ബി.ഐ. കഴിഞ്ഞദിവസം വിശദമായ മൊഴി രേഖപ്പെടുത്തി. ഡോക്ടറുടെ വീട്ടിലെത്തി നടത്തിയ മൊഴിയെടുക്കല്‍ ആറുമണിക്കൂറോളം നീണ്ടു. അറസ്റ്റിലായ സഞ്ജയ് റോയ് യഥാര്‍ഥ കുറ്റവാളി ആയിരിക്കില്ലെന്നായിരുന്നു ഡോക്ടറുടെ കുടുംബം സി.ബി.ഐ. സംഘത്തോട് പറഞ്ഞത്. ഇനി സഞ്ജയ് ഈ കുറ്റകൃത്യം ചെയ്തിട്ടുണ്ടെങ്കില്‍ മറ്റുപലര്‍ക്കും ഇതില്‍ പങ്കുണ്ടെന്നും കുടുംബം ആരോപിച്ചു. നേരത്തെ കല്‍ക്കട്ട ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ഡോക്ടര്‍ കൂട്ടബലാത്സംഗത്തിനിരയായെന്നും കുടുംബം ആരോപിച്ചിരുന്നു.
അന്വേഷണത്തിന്റെ ഭാഗമായി പോലീസ് നേരത്തെ ശേഖരിച്ച ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളെല്ലാം കഴിഞ്ഞദിവസം സി.ബി.ഐ. ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. കൊലപാതകം നടന്ന ഓഗസ്റ്റ് ഒന്‍പതാം തീയതിയിലെയും തലേദിവസത്തെയും സിസിടിവി ദൃശ്യങ്ങളാണ് പോലീസ് നേരത്തെ ശേഖരിച്ചിരുന്നത്. ഓഗസ്റ്റ് എട്ടാം തീയതി ഉച്ചയ്ക്ക് രണ്ടുമണിക്കും വൈകീട്ട് ആറുമണിക്കും പിന്നീട് രാത്രി 11 മണിക്കും പ്രതി ആശുപത്രി കെട്ടിടത്തിലേക്ക് പ്രവേശിക്കുന്നത് സിസിടിവി ദൃശ്യങ്ങളിലുണ്ട്. പിന്നീട് ഓഗസ്റ്റ് ഒന്‍പതാം തീയതി പുലര്‍ച്ചെ നാല് മണിക്കും പ്രതി ആശുപത്രി കെട്ടിടത്തില്‍ വന്നിരുന്നു. ഇതിനുപിന്നാലെയാണ് ഡോക്ടറെ കൊലപ്പെടുത്തിയതെന്നാണ് നിലവിലെ നിഗമനം.
അതിനിടെ, കൊല്ലപ്പെടുന്നതിന് മുന്‍പ് ഡോക്ടറുടെ മാനസികാവസ്ഥ എങ്ങനെയായിരുന്നുവെന്ന് കണ്ടെത്താനുള്ള ശ്രമങ്ങളും സി.ബി.ഐ. ആരംഭിച്ചിട്ടുണ്ട്. ഇതിനായി ഡോക്ടറുടെ സ്വകാര്യ ഡയറി, ഫോണ്‍വിളി വിവരങ്ങള്‍, ഫോണ്‍സന്ദേശങ്ങള്‍ തുടങ്ങിയവ പരിശോധിച്ചാണ് സി.ബി.ഐ. സംഘം 'സൈക്കോളജിക്കല്‍ ഓട്ടോപ്സി' നടത്തുന്നത്. ഇതിനായി ഡോക്ടറുടെ കുടുംബം സ്വകാര്യ ഡയറി അടക്കമുള്ള വിവരങ്ങള്‍ കഴിഞ്ഞദിവസം സി.ബി.ഐ.ക്ക് കൈമാറി. അതേസമയം, നേരത്തെ പോലീസ് സംഘം ഡയറിയിലെ ചില പേജുകള്‍ കീറിയെടുത്തെന്ന് കുടുംബം ആരോപിച്ചിട്ടുണ്ട്.
അതേ സമയം കൊല്‍ക്കത്തയിലെ ആര്‍.ജി. കര്‍ ആശുപത്രിയില്‍ ഡോക്ടറെ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ സുപ്രീംകോടതി സ്വമേധയാ രജിസ്റ്റര്‍ചെയ്ത കേസ് ചൊവ്വാഴ്ച പരിഗണിക്കും. സി.ബി.ഐ. ഏറ്റെടുത്ത അന്വേഷണത്തിന് സുപ്രീംകോടതി മേല്‍നോട്ടം വഹിച്ചേക്കും. ഇതിനായി പ്രത്യേകസമിതിയെ നിയോഗിക്കാനും സാധ്യതയുണ്ട്. സി.ബി.ഐ.യില്‍നിന്ന് അന്വേഷണപുരോഗതിയുടെ റിപ്പോര്‍ട്ട് തേടിയേക്കും.
ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡും ജസ്റ്റിസുമാരായ ജെ.ബി. പര്‍ദിവാല, മനോജ് മിശ്ര എന്നിവരുമടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. മണിപ്പൂരിലെ സംഘര്‍ഷം ഉള്‍പ്പെടെ പലവിഷയങ്ങളിലും അന്വേഷണമേല്‍നോട്ടത്തിന് സുപ്രീംകോടതി സമിതിയെ നിയോഗിച്ചിരുന്നു. ഈ മാസം 13-നാണ് കേസന്വേഷണം കല്‍ക്കട്ട ഹൈക്കോടതി സി.ബി.ഐ.ക്ക് വിട്ടത്.
ക്രൂരമായാണ് ഡോക്ടറെ കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. തലയിലും മുഖത്തും സ്വകാര്യഭാഗങ്ങളിലുമടക്കം 14 മറിവുകളുണ്ട്. എല്ലാ മുറിവുകളും മരണത്തിന് മുമ്പ് ഉണ്ടായതാണ്. കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയത്. ശ്വാസകോശത്തില്‍ രക്തം കട്ടപിടിച്ചിരുന്നു. ജനനേന്ദ്രിയത്തില്‍ നിന്ന് സ്രവവും കണ്ടെത്തി.
കടുത്ത ലൈംഗിക അതിക്രമത്തിന് ഇരയായെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ആഗസ്ത് ഒന്‍പതിനാണ് ആശുപത്രിയിലെ സെമിനാര്‍ ഹാളില്‍ ഡോക്ടറെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ കൊല്‍ക്കത്ത പൊലീസിലെ സിവിക് വൊളന്റിയറും തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ സഞ്ജയ് റോയിയെ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ പ്രതിയെ സംരക്ഷിക്കാനും കേസ് അട്ടിമറിക്കാനുമുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നതെന്നു കാണിച്ച് ഡോക്ടര്‍മാര്‍ പ്രതിഷേധം ശക്തമാക്കിയിരുന്നു. രൂക്ഷ വിമര്‍ശം ഉന്നയിച്ച കൊല്‍ക്കട്ട ഹൈക്കോടതി കേസ് സിബിഐക്ക് വിട്ടിരുന്നു