- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
2028ല്‍ ലോക്സഭാ മണ്ഡലങ്ങള്‍ ഇരട്ടിയാകുമോ? ഹാട്രിക്കിന് അപ്പുറത്തേക്ക് ഭരണതുടര്‍ച്ച കൊണ്ടു പോകാനോ സെന്‍സസ്; അടുത്ത വര്‍ഷം ജനസംഖ്യാ കണക്കെടുപ്പിന് തീരുമാനം; 18 മാസം കൊണ്ട് പൂര്‍ത്തിയാക്കും; ആപ്പു വഴി എല്ലാം ഡിജിറ്റലാക്കും; പൊതുവിതരണത്തില്‍ അടക്കം മാറ്റങ്ങള്‍ വരും; വീണ്ടും സെന്‍സസ്
ന്യൂഡല്‍ഹി: രാജ്യത്തെ ജനസംഖ്യ നിര്‍ണയിക്കാനുള്ള സെന്‍സസ് അടുത്തവര്‍ഷം ആരംഭിച്ചേക്കും. 2021-ല്‍ നടക്കേണ്ടിയിരുന്ന സെന്‍സസാണ് തുടങ്ങാന്‍ പോകുന്നത്. നാല് വര്‍ഷം വൈകി ആരംഭിക്കുന്ന കണക്കെടുപ്പ് 2026-ല്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഉന്നതവൃത്തങ്ങള്‍ പറഞ്ഞു. ഈ രാഷ്ട്രീയ പ്രാധാന്യം ഇത്തവണത്തെ സെന്‍സസിനുണ്ട്.
ഓരോ പത്ത് വര്‍ഷത്തിലുമാണ് രാജ്യത്തെ ഔദ്യോഗിക ജനസംഖ്യാ കണക്കെടുപ്പായ സെന്‍സസ് നടത്തുക. ഇന്ത്യയില്‍ 2011-ലാണ് അവസാനമായി സെന്‍സസ് നടന്നത്. 121 കോടിയിലേറെയാണ് അന്ന് രേഖപ്പെടുത്തിയ ജനസംഖ്യ. മുന്‍പത്തേക്കാള്‍ 17.7 ശതമാനത്തിന്റെ വര്‍ധനവായിരുന്നു ഇത്. പുതിയ സെന്‍സസില്‍ ജനസംഖ്യം 150 കോടിയാകുമോ എന്നതാണ് ഉയരുന്ന ചോദ്യം. ഇതനുസരിച്ച് എല്ലാ മേഖലയിലും മാറ്റങ്ങള്‍ ഉണ്ടാകും. വലിയ പദ്ധതികള്‍ കേന്ദ്രസര്‍ക്കാര്‍ അണിയറയില്‍ ഒരുക്കുന്നുണ്ട്. ഇതിനോട് പ്രതിപക്ഷം എടുക്കുന്ന നിലപാടും നിര്‍ണ്ണായകമാകും.
സെന്‍സസിന് പിന്നാലെ ലോക്സഭാ മണ്ഡലങ്ങളുടെ പുനര്‍നിര്‍ണയവുമുണ്ടാകും. ഇത് 2028-ഓടെ പൂര്‍ത്തിയാകുമെന്നും കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. സര്‍ക്കാര്‍ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കുകയോ സെന്‍സസ് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിടുകയോ ചെയ്തിട്ടില്ലെന്നതാണ് വസ്തുത. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് മണ്ഡല പുനര്‍നിര്‍ണ്ണയമാണ് ബിജെപിയുടെ ലക്ഷ്യം. സീറ്റുകള്‍ ഇരട്ടിയാക്കി അധികാരത്തില്‍ വീണ്ടുമെത്തുകയാണ് ലക്ഷ്യം. ഉത്തരേന്ത്യയില്‍ സീറ്റുകളുടെ എണ്ണം കുതിച്ചുയരാന്‍ സാധ്യത ഏറെയാണ്. ഇതിനൊപ്പം നിയമസഭാ സീറ്റുകളും കൂടും.
രജിസ്ട്രാര്‍ ജനറലും ഇന്ത്യന്‍ സെന്‍സസ് കമ്മിഷണറുമായ മൃത്യുഞ്ജയ് കുമാര്‍ നാരായണിന്റെ ഡെപ്യുട്ടേഷന്‍ കാലാവധി അടുത്തിടെയാണ് കേന്ദ്രസര്‍ക്കാര്‍ നീട്ടിയത്. 2026 ഓഗസ്റ്റ് വരെയാണ് നിലവില്‍ ഇദ്ദേഹത്തിന്റെ കാലാവധി. ഈ സാഹചര്യത്തിലാണ് സെന്‍സസിലെ ചര്‍ച്ചകള്‍ സജീവമാകുന്നത്. സെന്‍സസ് ഉചിതമായ സമയത്ത് തന്നെ നടക്കുമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചിരുന്നു. അന്തിമ തീരുമാനമായാല്‍ അക്കാര്യം പ്രഖ്യാപിക്കും. നടക്കാനിരിക്കുന്ന സെന്‍സസ് മൊബൈല്‍ ആപ്പ് വഴി പൂര്‍ണമായും ഡിജിറ്റലായാണ് നടക്കുക എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പുതിയ സര്‍വേ ആരംഭിച്ചാല്‍ പൂര്‍ത്തിയാകാന്‍ ഏകദേശം 18 മാസമെടുക്കുമെന്നാണ് അധികൃതര്‍ പറയുന്നത്. സെന്‍സസ് ഫലങ്ങള്‍ 2026 മാര്‍ച്ചില്‍ പുറത്തുവിടുമെന്നാണ് റിപ്പോര്‍ട്ട്. 2023 ഏപ്രിലില്‍ ജനസംഖ്യയില്‍ ഇന്ത്യ ആദ്യമായി ചൈനയെ മറികടന്ന് ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി മാറിയെന്ന് ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. റിപ്പോര്‍ട്ട് പ്രകാരം 142 കോടിയിലധികം (1,425,775,850) ജനങ്ങളാണ് ഇന്ത്യയിലുള്ളത്.
സെന്‍സസ് നടത്തുന്നതിലുണ്ടായ കാലതാമസം സര്‍ക്കാരിന് അകത്തും പുറത്തുമുള്ള സാമ്പത്തിക വിദഗ്ധരില്‍ നിന്നുള്ള വിമര്‍ശനത്തിന് വഴിയൊരുക്കിയിരുന്നു. സെന്‍സസ് വൈകിയത് രാജ്യത്തെ സ്ഥിതിവിവരക്കണക്കുകള്‍ തയാറാക്കുന്നതിനെ പ്രതികൂലമായി ബാധിച്ചിരുന്നു. പഴയ സെന്‍സസ് അടിസ്ഥാനമാക്കിയാണ് സാമ്പത്തിക സൂചകങ്ങള്‍, പണപ്പെരുപ്പ നിരക്ക്, തൊഴില്‍ കണക്കുകള്‍ എന്നിവ തയ്യാറാക്കുന്നത്. സെന്‍സസ് നടത്താത്തത് രാജ്യത്തെ നിരവധി സര്‍വെകളെയാണ് ബാധിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഇത് നാഷണല്‍ സാമ്പിള്‍ സര്‍വേ ഓഫീസിന്റെ (എന്‍എസ്എസ്ഒ) സര്‍വേകളുടെ ഗുണനിലവാരത്തെയും ജനന മരണക്കണക്കുകള്‍, സമ്പദ്വ്യവസ്ഥ, ആരോഗ്യംഎന്നിവയടക്കമുള്ള 15 ഡാറ്റകളെയുമാണ് പ്രതികൂലമായി ബാധിച്ചതെന്നാണ് ദേശീയ മാധ്യമങ്ങളും സാമ്പത്തിക വിദഗ്ധരും ചൂണ്ടിക്കാട്ടുന്നത്. നിലവില്‍ ഇന്ത്യയില്‍ വിവരങ്ങള്‍ക്കായി 2011 ലെ, കാലഹരണപ്പെട്ട സെന്‍സസ് ഡാറ്റകളാണ് ഉപയോഗപ്പെടുത്തുന്നത്.
2021 ലെ സെന്‍സസ് നടത്താതിരുന്നതിനാല്‍ മാത്രം ഏകദേശം 10 കോടി ആളുകളാണ് പൊതുവിതരണ സംവിധാനത്തില്‍ (പിഡിഎസ്) നിന്ന് പുറത്തായത്. ഭക്ഷ്യസുരക്ഷയില്‍ മാത്രമല്ല, സെന്‍സസ് വിവരങ്ങളുടെ അഭാവം തൊഴിലുറപ്പ് പദ്ധതിയെയും ബാധിച്ചു. സംസ്ഥാനത്തെ കുടുംബങ്ങളുടെയും തൊഴിലാളികളുടെയും എണ്ണം അടിസ്ഥാനമാക്കിയാണ് ഓരോ സംസ്ഥാനത്തിനും കേന്ദ്രസര്‍ക്കാര്‍ തൊഴിലുറപ്പ് പദ്ധതിക്ക് ഫണ്ട് അനുവദിക്കുന്നത്.
പിഎം ഗരീബ് കല്യാണ്‍ അന്ന യോജന പ്രകാരം 12 കോടിയിലധികം ഇന്ത്യക്കാര്‍ക്കാണ് ഇതുമൂലം അര്‍ഹമായ ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടുന്നതെന്നും റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. കോവിഡ് 19 കാരണമാണ് സെന്‍സസ് മുടങ്ങിയതെന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം.