ന്യൂഡല്‍ഹി: വയനാട് ഉരുള്‍പൊട്ടലില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ആരോപണവുമായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രി. ദുരന്തത്തിനു കാരണം ഖനനവും അനധികൃത കുടിയേറ്റവുമെന്ന് കേന്ദ്രമന്ത്രി ഭൂപേന്ദ്ര യാദവ് ആരോപിച്ചു. കേന്ദ്രം നിയോഗിച്ച കമ്മിറ്റിയെ അവഗണിക്കരുത്. സംസ്ഥാനം നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കണമെന്നും ഭൂപേന്ദ്രയാദവ് പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

പരിസ്ഥിതിലോല പ്രദേശങ്ങള്‍ക്ക് കേരള സര്‍ക്കാര്‍ അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കിയില്ല. ടൂറിസത്തിനായി പ്രത്യേക സോണുകള്‍ ഉണ്ടാക്കിയില്ല. വയനാട്ടില്‍ അനധികൃത ഖനനവും കയ്യേറ്റങ്ങളും വന്‍ തോതില്‍ അനുവദിക്കപ്പെട്ടു. ഗാഡ്ഗില്‍ റിപ്പോര്‍ട്ടുകള്‍ തള്ളിയാണ് പരിസ്ഥിതിലോല പ്രദേശങ്ങളില്‍ അനധികൃത ഖനനം നടന്നതെന്നും കേന്ദ്ര വനം വകുപ്പ് മന്ത്രി പറഞ്ഞു.

പരിസ്ഥിതിലോല പ്രദേശങ്ങളില്‍ അനധികൃത ഖനനങ്ങളും കയ്യേറ്റങ്ങളും നടത്തുന്നവര്‍ക്കെതിരെ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇതൊന്നും പാലിക്കാതെയാണ് അനധികൃത കയ്യേറ്റങ്ങള്‍ക്ക് കേരള സര്‍ക്കാര്‍ അനുമതി നല്‍കിയതെന്ന് അദ്ദേഹം തുറന്നടിച്ചു.

ഉരുള്‍പൊട്ടല്‍ സംബന്ധിച്ച് കേരള സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിരുന്നതായി കേന്ദ്രമന്ത്രി അമിത് ഷാ നേരത്തെ രാജ്യസഭയില്‍ പറഞ്ഞിരുന്നു. 7 ദിവസം മുന്‍പേ മുന്നറിയിപ്പ് നല്‍കിയിട്ടും ഉരുള്‍പൊട്ടല്‍ മേഖലയില്‍ നിന്നും ജനങ്ങളെ എന്തുകൊണ്ട് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയില്ലെന്ന് ചോദിച്ച അദ്ദേഹം മുന്നറിയിപ്പ് ലഭിച്ചതിനു ശേഷം കേരളം എന്തു ചെയ്തൂവെന്നും ചോദിച്ചിരുന്നു.

തന്റെ നേരിട്ടുള്ള നിര്‍ദേശ പ്രകാരം 9 അംഗ എന്‍.ഡി.ആര്‍.എഫ് സംഘത്തെ കേരളത്തിലേക്ക് 23ന് തന്നെ അയച്ചിരുന്നതായും വിമാന മാര്‍ഗമാണ് സംഘം കേരളത്തിലെത്തിയതെന്നും ഷാ രാജ്യസഭയില്‍ വ്യക്തമാക്കിയിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ ജാഗ്രതാ നിര്‍ദേശത്തില്‍ ചോദ്യം ഉയര്‍ന്നതിനെ തുടര്‍ന്നാണ് അമിത് ഷാ രാജ്യസഭയില്‍ ഇക്കാര്യം വ്യക്തമാക്കിയത്.

ഇതിനെതിരെ കോണ്‍ഗ്രസ് അവകാശ ലംഘന നോട്ടീസും നല്‍കിയിരുന്നു. സഭയെ അഭ്യന്തര മന്ത്രി തെറ്റിദ്ധരിപ്പിച്ചെന്നായിരുന്നു കോണ്‍ഗ്രസിന്റെ ആരോപണം. കേന്ദ്രം നല്‍കിയ മുന്നറിയിപ്പുകള്‍ കേരളം അവഗണിച്ചെന്ന് അമിത് ഷാ ആരോപിച്ചിരുന്നു. 'കേന്ദ്ര സര്‍ക്കാര്‍ മുന്‍കൂട്ടി മുന്നറിയിപ്പ് നല്‍കിയെന്ന വാദം പൊളിഞ്ഞതോടെ ആഭ്യന്തര മന്ത്രി അമിത് ഷാ രാജ്യസഭയെ തെറ്റിദ്ധരിപ്പിച്ചതാണെന്ന് തെളിഞ്ഞിരിക്കുന്നു.

ഒരു മന്ത്രിയോ അംഗമോ സഭയെ തെറ്റിദ്ധരിപ്പിക്കുന്നത് പദവിയുടെ ലംഘനവും സഭയെ അവഹേളിക്കുന്നതുമാണെന്ന് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നു' -അവകാശലംഘന നോട്ടീസില്‍ പറയുന്നു.എന്നാല്‍, അമിത് ഷാ പാര്‍ലമെന്റില്‍ നടത്തിയ പ്രസ്താവന വസ്തുതാവിരുദ്ധമാണെന്നും പ്രശ്നമുണ്ടാകുമ്പോള്‍ അത് ആരുടെയെങ്കിലും പിടലിയില്‍ വെച്ചുകെട്ടരുതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നല്‍കിയിരുന്നു.