പാരീസ്: സമൂഹമാധ്യമത്തില്‍ സമീപകാലത്തായി ട്രെന്‍ഡിങ്ങാകുന്ന ഒരു ഇനമാണ് റീലും റിയലും. തമാശരൂപത്തിലാണ് ഇത് സാധാരണയായി അവതരിപ്പിക്കപ്പെടുന്നതെങ്കിലും ഇന്ത്യന്‍ ഹോക്കിയെ സംബന്ധിച്ച് റീലും റിയലും യഥാര്‍ത്ഥത്തില്‍ സംഭവിച്ചിരിക്കുകയാണ്. സിനിമയില്‍ ഇന്ത്യന്‍ ഹോക്കി ടീമിന്റെ ഏതിരാളിയുടെ കോച്ചായി നെഗറ്റീവ് ഷെയ്ഡ് കഥാപാത്രം ചെയ്ത അതേ ആള്‍ യഥാര്‍ത്ഥ ഹോക്കിയിലും ഇന്ത്യയുടെ വില്ലനായി മാറുകയാണ്. ഈ കൗതുകസംഭവം സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പടെ വന്‍ ചര്‍ച്ചയുമായിട്ടണ്ട്..

സംഭവം ഇങ്ങനെ.. ഇന്ന് ഒളിമ്പിക്സ് ഹോക്കി സെമിയില്‍ ജര്‍മ്മനിയെ നേരിടാനൊരുങ്ങുന്ന ഇന്ത്യക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ് പ്രതിരോധത്തിലെ കരുത്തന്‍ അമിത് റോഹിദാസിന്റെ അഭാവം. ബ്രിട്ടനെതിരായ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ബ്രിട്ടിഷ് താരത്തിന്റെ മുഖത്ത് സ്റ്റിക്ക് തട്ടിച്ചതിന് റോഹിദാസിന് ചുവപ്പുകാര്‍ഡും മാര്‍ച്ചിങ് ഓര്‍ഡറും ലഭിച്ചിരുന്നു.തുടര്‍ന്ന് തെറ്റിന്റെ ഗൗരവം പരിഗണിച്ച് താരത്തെ ഒരു മത്സരത്തില്‍നിന്ന് വിലക്കാന്‍ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു.ഇതാണ് ഇപ്പോള്‍ ഇന്ത്യക്ക് പ്രതിസന്ധിയായത്.

ഇവിടം മുതലാണ് സിനിമയിലെ ശത്രു റിയലായും ഇന്ത്യയുടെ ശത്രുവായത്.'ചക് ദേ ഇന്ത്യ' എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലെ ഒരു നടന്‍ ആണ് അമിത് രോഹിദാസിന്റെ സസ്പെന്‍ഷന് ഉത്തരവിട്ടതെന്ന് പറഞ്ഞാല്‍ അത്ര പെട്ടെന്ന് ആരും വിശ്വസിച്ചെന്ന് വരില്ല. എന്നാല്‍ തെളിവ് സഹിതം രംഗത്തെത്തിയിരിക്കുകയാണ് ആരാധകര്‍. 'ചക് ദേ ഇന്ത്യ'യില്‍ ഇന്ത്യന്‍ വനിതാ ടീമിനെ ദ്രോഹിക്കുന്ന ഓസീസ് പരിശീലകന്റെ വേഷമണിഞ്ഞ ജോഷ്വ ബര്‍ട്ടാണ്, അമിത് റോഹിദാസിനെ ഒരു മത്സരത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ് പുറത്തുവിട്ടത്.രാജ്യാന്തര ഹോക്കി ഫെഡറേഷന്റെ (എഫ്ഐഎച്ച്) ഔദ്യോഗിക സംഘത്തിലെ അംഗമെന്ന നിലയിലാണ്, ജോഷ്വ ബര്‍ട്ട് ഇത്തരമൊരു ഉത്തരവ് പുറത്തുവിട്ടത്.

"ഓഗസ്റ്റ് നാലിനു നടന്ന ഇന്ത്യബ്രിട്ടന്‍ മത്സരത്തിനിടെ രാജ്യാന്തര ഹോക്കി ഫെഡറേഷന്റെ പെരുമാറ്റച്ചട്ടം ലംഘിച്ചതായി കണ്ടെത്തിയ സാഹചര്യത്തില്‍, അമിത് റോഹിദാസിനെ ഒരു മത്സരത്തില്‍നിന്ന് സസ്പെന്‍ഡ് ചെയ്യുന്നു. ഒളിംപിക്സിലെ 35ാം മത്സരത്തിന് (ഇന്ത്യജര്‍മനി സെമിഫൈനല്‍) വിലക്ക് ബാധകമാകുന്നതിനാല്‍, ആ മത്സരത്തില്‍ അമിത് റോഹിദാസിന് കളിക്കാനാകില്ല. 15 കളിക്കാരുടെ സംഘവുമായിട്ടായിരിക്കും ഇന്ത്യ ഈ മത്സരത്തില്‍ കളിക്കുക' ജോഷ്വ ബര്‍ട്ടിന്റെ പേരില്‍ പുറത്തുവിട്ട നോട്ടിസില്‍ പറയുന്നു.

ആരാണ് ജോഷ്വ ബര്‍ട്ട് ?

ഓസ്ട്രേലിയയിലെ മെല്‍ബണ്‍ സ്വദേശിയായ ജോഷ്വ കഴിഞ്ഞ പതിമൂന്ന് വര്‍ഷമായി അന്താരാഷ്ട്ര ഹോക്കി ഫെഡറേഷനുമായി സഹകരിച്ചു വരികയാണ്. അങ്ങനെയാണ് ഒളിമ്പിക്‌സ് സംഘാടകന്‍ എന്ന നിലയിലേക്ക് എത്തിയത്. നിലവില്‍ പാരീസ് ഒളിമ്പിക്‌സ് ടൂര്‍ണമെന്റ് ഡയറക്ടറായി സേവനം അനുഷ്ഠിക്കുന്ന ബര്‍ട്ട് 2016ലെ റിയോ ഒളിംപിക്സ്, 2020ലെ ടോക്കിയോ ഒളിംപിക്സ് തുടങ്ങിയവയുടെ സംഘാടക സമിതിയിലും അംഗമായിരുന്നു.

ഓസ്ട്രേലിയയിലെ വിവിധ ടീമുകളുടെ കൂടെ ഓഫീഷ്യല്‍സ് എന്ന നിലയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് സിനിമയുടെ ഭാഗമാകുന്നത്. എന്തായാലും ജോഷ്വ ബര്‍ട്ടിന് ചക് ദേ ഇന്ത്യയുമായുള്ള ബന്ധം ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വലിയ ചര്‍ച്ചാ വിഷയമാണ്.ഇന്ത്യന്‍ സിനിമകളുടെ കൂട്ടത്തില്‍ എക്കാലത്തെയും വലിയ സപോര്‍ട്സ് ഡ്രാമ ഹിറ്റായ ചക്ദേ ഇന്ത്യ ഇന്നും കായിക പ്രേമികള്‍ക്കും സിനിമാ പ്രേമികള്‍ക്കും ഒരുപോലെ ആവേശം പകരുന്ന ചിത്രം കൂടിയാണ്.