ന്യൂഡല്‍ഹി: ഝാര്‍ഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ ഇന്ത്യ സഖ്യത്തിന് കനത്ത തിരിച്ചടി നല്‍കി മുന്‍ മുഖ്യമന്ത്രിയും ജെഎംഎം മുതിര്‍ന്ന നേതാവുമായ ചംപയ് സോറന്‍ ബിജെപിയിലേക്കെന്ന അഭ്യൂഹം ശക്തം. ആറ് എംഎല്‍എമാരുമായി സോറന്‍ ഡല്‍ഹിയിലെത്തി. മുതിര്‍ന്ന ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം. ബിജെപിയില്‍ ചേരുന്നതുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറിയ ചംപായി സോറന്‍, താന്‍ ഡല്‍ഹിയില്‍ എത്തിയിരിക്കുന്നത് വ്യക്തിപരമായ കാര്യങ്ങള്‍ക്കാണെന്നും പറഞ്ഞു ചംപയ് സോറനൊപ്പം ചില ജെഎംഎം നേതാക്കളും ഡല്‍ഹിയില്‍ എത്തിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം കൊല്‍ക്കത്തയില്‍ വച്ച് ബിജെപി നേതാവ് സുവേന്ദു അധികാരിയുമായി ചംപയ് സോറന്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഡല്‍ഹിയില്‍ എത്തിയ സോറന്‍, മുതിര്‍ന്ന ബിജെപി നേതാക്കളുമായും കൂടിക്കാഴ്ച നടത്തുമെന്നാണ് പുറത്തുവരുന്ന വിവരം. കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് ഹേമന്ത് സോറനെ ഇഡി അറസ്റ്റുചെയ്തതിനെ തുടര്‍ന്നാണ് ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി ചംപയ് സോറന്‍ അധികാരത്തിലേറിയത്. എന്നാല്‍ ജാമ്യം ലഭിച്ച ഹേമന്ത് സോറന്‍ തിരിച്ചെത്തിയതോടെ ചംപയ്ക്ക് മുഖ്യമന്ത്രി സ്ഥാനം തിരികെ നല്‍കേണ്ടി വന്നിരുന്നു. ഇതില്‍ ചംപയ് സോറന്‍ അസ്വസ്ഥനായിരുന്നുവെന്നാണ് സൂചന.

ഝാര്‍ഖണ്ഡില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാന്‍ അഞ്ച് മാസം മാത്രം ശേഷിക്കേയാണ് ഹേമന്ത് സോറന്‍ സര്‍ക്കാരിനും ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചക്കും വന്‍ ഭീഷണിയായി ചംപയ് സോറന്റെ നീക്കം. ജെഎംഎംഎ അസ്വസ്ഥാനായ ചംപയ് സോറനെ മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും, കേന്ദ്രമന്ത്രിയുമായ ശിവരാജ് സിംഗ് ചൗഹാനാണ് ബിജെപി പാളയത്തിലെത്തിക്കാന്‍ ശ്രമിക്കുന്നത്. ജാര്‍ഖണ്ഡില്‍ പ്രാഥമിക ചര്‍ച്ചകള്‍ നടത്തിയ ചംപയ് സോറന്‍ കൊല്‍ക്കത്തയിലെത്തി ബിജെപി നേതാവ് സുവേന്ദു അധികാരിയേയും കണ്ട ശേഷമാണ് ഡല്‍ഹിയിലെത്തിയത്.

മൂന്ന് ദിവസം അനുയായികളുമായി ഡല്‍ഹിയില്‍ തുടര്‍ന്ന് ചര്‍ച്ച നടത്താനാണ് തീരുമാനം. ഇപ്പോള്‍ എവിടെയാണോ അവിടെയാണെന്നും, നീക്കം എന്താണെന്ന് പറയാനാവില്ലെന്നുമാണ് ഡല്‍ഹി വിമാനത്താവലത്തില്‍ ചംപയ് സോറന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. കള്ളപ്പണക്കേസില്‍ ഹേമന്ത് സോറന്‍ അറസ്റ്റിലായതിന് പിന്നാലെ മുഖ്യമന്ത്രി സ്ഥാനം ജെഎംഎം ചംപയ് സോറന് നല്‍കിയിരുന്നു. ജയിലില്‍ നിന്ന് തിരിച്ചെത്തിയപ്പോള്‍ സമ്മര്‍ദ്ദം ചെലുത്തി പദവി ഹേമന്ത് സോറന്‍ തിരിച്ചെടുത്തത് ചംപയ് സോറനെ ചൊടിപ്പിച്ചിരുന്നു.

അന്ന് മുതല്‍ അസ്വസ്ഥനായിരുന്ന സോറന്‍ പാര്‍ട്ടിയില്‍ നിന്ന് അകലം പാലിക്കുകയും ബിജെപിയോടടുക്കുയുമായിരുന്നു. അതേസമയം പാര്‍ട്ടിയിലെ ജനകീയനായ ചംപയ് സോറന്റെ നീക്കത്തില്‍ ഹേമന്ത് സോറന്‍ ക്യാമ്പ് പരിഭ്രാന്തിയിലാണ്. കൂടുതല്‍ എംഎല്‍എമാര് ചംപയ് സോറനൊപ്പം നീങ്ങിയേക്കുമെന്ന് അഭ്യഹമുണ്ട്. 81 അംഗ നിയമസഭയില്‍ ജെഎംഎം ഉള്‍പ്പെടുന്ന ഇന്ത്യ സഖ്യത്തിന് 45 അംഗങ്ങളാണുള്ളത്. എന്‍ഡിഎക്ക് 30 ഉം. 26 അംഗങ്ങളാണ് ജെഎംഎമ്മിനൊപ്പമുള്ളത്.