കൊച്ചി: കശുവണ്ടി വികസന കോര്‍പറേഷന്‍ അഴിമതി കേസില്‍ സര്‍ക്കാര്‍ ഒളിച്ചു കളി തുടരുന്നു. പ്രോസിക്യൂഷന്‍ അനുമതി നല്‍കണോ എന്നു തീരുമാനിക്കുന്നതിനു മുന്‍പ് നിയമോപദേശം തേടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതിന് പിന്നില്‍ നടപടി ക്രമങ്ങള്‍ വൈകിപ്പിക്കാനിാണ്.

നേരത്തേ സിബിഐക്കു സര്‍ക്കാര്‍ പ്രോസിക്യൂഷന്‍ അനുമതി നിഷേധിച്ചതു ഹൈക്കോടതി റദ്ദാക്കിയിരുന്നു. കേസിലെ വസ്തുതകളുടെ അടിസ്ഥാനത്തില്‍ പ്രോസിക്യൂഷന്‍ അനുവദിക്കാനുള്ള സാധ്യതയുണ്ടോ അതോ മുന്‍നിലപാടില്‍ ഉറച്ചു നില്‍ക്കണോ, ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കണോ എന്നതെല്ലാം സര്‍ക്കാര്‍ പരിശോധിക്കും. കോര്‍പറേഷന്‍ മുന്‍ ചെയര്‍മാന്‍ ആര്‍. ചന്ദ്രശേഖരന്‍, മുന്‍ എംഡി കെ.എ. രതീഷ് തുടങ്ങിയവരാണു പ്രതിസ്ഥാനത്ത്. ഐഎന്‍ടിയുസിയുടേയും കോണ്‍ഗ്രസിന്റേയും നേതാവാണ് ആര്‍ ചന്ദ്രശേഖരന്‍. പക്ഷേ മുഖ്യമന്ത്രി പിണറായി വിജയനുമായി വളരെ അടുപ്പത്തിലുമാണ്. അതുകൊണ്ടാണ് കേസില്‍ സര്‍ക്കാരിന് താല്‍പ്പര്യക്കുറവ്.

പ്രോസിക്യൂഷന്‍സ് മേധാവിയുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ ഈ കേസില്‍ സര്‍ക്കാര്‍ തുടര്‍ നടപടി എടുക്കും. അപ്പീല്‍ പോകാനും സാധ്യത കൂടുതലാണ്. സിബിഐയുടെ അനുമതി അപേക്ഷ പുനഃപരിശോധിച്ച് 3 മാസത്തിനകം തീരുമാനമെടുക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. അതുവരെ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയിലെ വിചാരണ നടപടികള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. അപ്പീല്‍ നല്‍കിയാല്‍ വിചാരണ ഇനിയും നീളും. ഇത് പ്രതികള്‍ക്ക് സഹായകമായി മാറും.

2006 2015 കാലത്തെ തോട്ടണ്ടി ഇടപാടുകളില്‍ അഴിമതിയുണ്ടെന്ന കേസ് ഹൈക്കോടതി നിര്‍ദേശപ്രകാരമാണു സിബിഐ ഏറ്റെടുത്തത്. വര്‍ഷത്തോളം അന്വേഷിച്ച സിബിഐ, കോടികളുടെ ക്രമക്കേടു കണ്ടെത്തിയിരുന്നു. അന്തിമ റിപ്പോര്‍ട്ട് നല്‍കിയശേഷം പ്രോസിക്യൂഷന് അനുമതി തേടിയപ്പോഴാണ്, 2020 ഒക്ടോബര്‍ 15നു വ്യവസായ വകുപ്പ് സെക്രട്ടറി അപേക്ഷ തള്ളിയത്. ഇതെല്ലാം ഏറെ രാഷ്ട്രീയ ചര്‍ച്ചായക്കി. ഹൈക്കോടതിയുടെ ഇടപെടല്‍ എല്ലാം മാറ്റി മറിച്ചു.

എന്നാല്‍ സിബിഐയുടെ റിപ്പോര്‍ട്ട് സര്‍ക്കാര്‍ ശരിയായി വിലയിരുത്തിയിട്ടില്ലെന്നും അനുമതി നിഷേധിക്കാന്‍ മതിയായ കാരണം പറഞ്ഞിട്ടില്ലെന്നും വ്യക്തമാക്കിയാണു കോടതി ഇടപെട്ടതും പുനഃപരിശോധനയ്ക്കു നിര്‍ദേശിച്ചതും. കോണ്‍ഗ്രസ് നേതാവ് പ്രതിയായ കേസില്‍ ഇടതു സര്‍ക്കാരിന്റെ ഈ നിലപാടുകള്‍ രാഷ്ട്രീയ കൗതുകമായി മാറിയിരുന്നു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്‌ക്കെതിരെ സോളാറില്‍ ആരോപണം ഉന്നയിക്കുകയും സിബിഐ അന്വേഷണം നടത്താന്‍ വെമ്പല്‍ കാട്ടിയവരുമാണ് ഈ കളികള്‍ നടത്തുന്നത്.