- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജയതിലകിനെതിരെ ഐഎഎസുകാര്‍ക്കിടയില്‍ എതിരഭിപ്രായം ശക്തം; ശാരദാ മുരളീധരന്‍ പിടയിറങ്ങുമ്പോള്‍ ചീഫ് സെക്രട്ടറി പദത്തിലേക്ക് കേരളാ കേഡറിലെ ഏറ്റവും സീനിയര്‍ എത്തുമോ? മനോജ് ജോഷിയും മുഖ്യമന്ത്രിയും തമ്മിലെ ചര്‍ച്ചയ്ക്ക് പല തലങ്ങള്‍; അടുത്ത ചീഫ് സെക്രട്ടറി ആര്?
തിരുവനന്തപുരം: ചീഫ് സെക്രട്ടറിയാകാന്‍ ജയതിലകിന് സാധിക്കില്ലെന്ന് റിപ്പോര്‍ട്ട്. വിവാദങ്ങള്‍ കണക്കിലെടുത്ത് മറ്റൊരു മുഖത്തെ ചീഫ് സെക്രട്ടറിയാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നീക്കം തുടങ്ങി. എല്ലാ വിഭാഗം ഐഎഎസുകാരേയും ചേര്‍ത്ത് നിര്‍ത്താനാണ് ഈ നീക്കം. കേരളത്തിലേക്ക് കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള നിലവിലെ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനായ മനോജ് ജോഷി മടങ്ങിയെത്തിയേക്കും. ഡല്‍ഹിയില്‍നിന്നു കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് എത്തിയ മനോജ് ജോഷി മുഖ്യമന്ത്രി പിണറായി വിജയനെ സെക്രട്ടേറിയറ്റിലെ ഓഫീസിലെത്തി കണ്ടു ചര്‍ച്ച നടത്തിയിരുന്നു. മനോജ് ജോഷി അടുത്ത ചീഫ് സെക്രട്ടറിയാകാനാണ് സാധ്യത. ഐഎഎസുകാരനായ പ്രശാന്ത് ഉന്നയിച്ച ആരോപണങ്ങള്‍ അടക്കം ജയതിലകിനെ പ്രതിസന്ധിയിലാക്കിയിരുന്നു.
കേരള കേഡറിലെ ഇപ്പോഴത്തെ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനായ മനോജ് ജോഷി നിലവില്‍ കേന്ദ്രത്തില്‍ റവന്യു ദുരന്തപ്രതികരണ വകുപ്പിന്റെ ജോയിന്റ് സെക്രട്ടറിയാണ്. ഏപ്രില്‍ 30ന് ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ വിരമിക്കും. ഈ ഒഴിവില്‍ മനോജ് ജോഷി മടങ്ങിയെത്താനാണ് സാധ്യത. ഇതിലൂടെ കേരളത്തിലെ ഐഎഎസുകാര്‍ക്കിടയില്‍ ഐക്യം വരുമെന്നാണ് പ്രതീക്ഷ. മനോജ് ജോഷി എത്തിയാല്‍ നിലവില്‍ ചീഫ് സെക്രട്ടറിയാകുമെന്നു കരുതുന്ന ധന അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിന്റെ സാധ്യതകളാണ് അടയുന്നത്. മനോജ് ജോഷിക്ക് 2027 വരെ സര്‍വീസുണ്ട്; ജയതിലകിന് 2026 ജൂണ്‍ വരെയും. ഡോ വേണുവിനേയും ശാരദാ മുരളീധരനേയുംകാല്‍ സീനിയറാണ് മനോജ് ജോഷി.
1989 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ മനോജ് ജോഷി ഡല്‍ഹിയില്‍ ഡെപ്യൂട്ടേഷനില്‍ തുടരാന്‍ താത്പര്യപ്പെട്ടതിനെത്തുടര്‍ന്നാണ് അദ്ദേഹത്തിന്റെ ജൂനിയര്‍ ആയ ഡോ. വി. വേണുവും പിന്നാലെ ഭാര്യ ശാരദ മുരളീധരനും ചീഫ് സെക്രട്ടറി പദത്തിലെത്തിയത്. ഇരുവരും 1990 ബാച്ച് ഉദ്യോഗസ്ഥരാണ്. ശാരദ മുരളീധരന്‍ വിരമിക്കുന്നതോടെ 1991 ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥനായ ധന അഡീഷണല്‍ ചീഫ് സെക്രട്ടറിയായ എ. ജയതിലക് കേരളത്തിലെ സീനിയറാകും. എന്നാല്‍ ഐഎഎസ് അസോസിയേഷന്‍ നേതൃത്വം പോലും ജയതിലകിന് അനുകൂലമല്ല. നിരവധി ആരോപണവും ഉണ്ട്. ഈ സാഹചര്യത്തിലാണ് പുതിയ നീക്കം പിണറായി നടത്തുന്നത്.
മനോജ് ജോഷി കേരളത്തിലേക്കു മടങ്ങിയെത്തില്ലെന്നായിരുന്നു എല്ലാവരുടെയും നിഗമനം. ഇതിനിടെയാണ് അപ്രതീക്ഷിതമായി ഡല്‍ഹിയില്‍നിന്നു തിരുവനന്തപുരത്ത് എത്തിയ മനോജ് ജോഷി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. വയനാട് പുനര്‍നിര്‍മാണത്തിന് കേരളത്തിനുള്ള കാപ്പക്‌സ് വായ്പ അടക്കം ലഭ്യമാക്കുന്നതില്‍ കേന്ദ്ര സര്‍വീസിലുള്ള മനോജ് ജോഷി, സംസ്ഥാനത്തെ ഏറെ സഹായം നല്‍കിയെന്നാണ് വിലയിരുത്തല്‍. ധന അഡീഷണല്‍ ചീഫ് സെക്രട്ടറിയായിരുന്ന മനോജ് ജോഷി ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്താണ് കേന്ദ്ര ഡെപ്യൂട്ടേഷനിലേക്കു പോയത്.
രാജസ്ഥാന്‍ സ്വദേശിയായ മനോജ് ജോഷി മടങ്ങിയെത്താന്‍ താല്‍പര്യപ്പെടുന്നുണ്ടോ എന്നതില്‍ വ്യക്തത വരുത്തലാണ് പുതിയ ചീഫ് സെക്രട്ടറിയെ കണ്ടെത്തുന്നതില്‍ ആദ്യപടി. ജയതിലക്, പാര്‍ലമെന്ററികാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജു നാരായണസ്വാമി, ഉന്നതവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇഷിത റോയ്, രചന ഷാ എന്നിവര്‍ 1991 ബാച്ചുകാരാണ്. ഇഷിത മാര്‍ച്ച് 31നു വിരമിക്കും. കേന്ദ്ര ടെക്‌സ്‌റ്റൈല്‍ മന്ത്രാലയത്തില്‍ സെക്രട്ടറിയായ രചന ഷാ കേരളത്തിലേക്കു മടങ്ങാന്‍ താല്‍പര്യപ്പെടുന്നില്ലെന്നാണു വിവരം. അഡിഷനല്‍ ചീഫ് സെക്രട്ടറിയുടെ ഗ്രേഡ് ഇല്ലാത്തതിനാല്‍ രാജു നാരായണസ്വാമിക്കു സാധ്യത കുറവാണ്. ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കിടയിലെ പരസ്യ ചേരിതിരിവാണ് ജയതിലകിന് വിനയാകുന്നത്.
രണ്ടു പിണറായി സര്‍ക്കാരുകളുടെ 9 വര്‍ഷത്തിനിടെ 9 ചീഫ് സെക്രട്ടറിമാരുണ്ടായിരുന്നതില്‍ 8 പേരും മലയാളികളാണ്. 2020-21 ല്‍ 9 മാസം ഈ പദവിയിലിരുന്ന ഡോ.വിശ്വാസ് മേത്ത മാത്രമാണു മലയാളിയല്ലാത്തയാള്‍. 20 വര്‍ഷത്തിനിടെ മേത്ത, മുഹമ്മദ് റിയാസുദ്ദീന്‍, പി.കെ.മൊഹന്തി എന്നിവര്‍ മാത്രമേ മലയാളിയല്ലാത്ത ചീഫ് സെക്രട്ടറിയായി വന്നിട്ടുള്ളൂ. ശാരദയ്ക്കും ഇഷിതയ്ക്കും പുറമേ 2 ഐഎഎസുകാര്‍ കൂടി ഈ വര്‍ഷം വിരമിക്കും. കെഎസ്ഇബി ചെയര്‍മാന്‍ ബിജു പ്രഭാകര്‍ ഏപ്രില്‍ 30നും പൊതുവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ് മേയ് 31നും വിരമിക്കും.