- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ചൈനയില്‍ മഴ പെയ്താല്‍ ഇന്ത്യയില്‍ കുട പിടിക്കത്തക്ക വിധേയത്വം; എന്നിട്ടും യാതൊരു ഫലവുമില്ല; ഇന്ത്യയിലെത്തിയ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി സംഘം സന്ദര്‍ശിച്ചത് ആര്‍എസ്എസ് നേതാക്കളെ; ചങ്കിലെ ചൈനയെന്ന് പൊക്കിയിട്ടും സിപിഎമ്മിനും സിപിഐക്കും അവഗണന മാത്രം
ചങ്കിലെ ചൈനയെന്ന് പൊക്കിയിട്ടും സിപിഎമ്മിനും സിപിഐക്കും അവഗണന മാത്രം

ന്യൂഡല്‍ഹി: ചൈനയില്‍ മഴ പെയ്താല്‍ ഇന്ത്യയില്‍ കുടപിടിക്കുന്നവര്‍ എന്നാണ്, കമ്യുണിസ്റ്റുകാര്‍ ഒരു കാലത്ത് വിമര്‍ശിക്കപ്പെട്ടത്. ഇന്ത്യ- ചൈന യുദ്ധം നടന്ന സമയത്തുപോലെ, ചൈനയെ പരസ്യമായി തള്ളിപ്പറയാന്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് കഴിഞ്ഞിട്ടില്ല. 'നാം നമ്മുടേത് എന്നും അവര്‍ അവരുടേത് എന്നും വിളിക്കുന്ന ഭൂമി' എന്നാണ്, ഇ എം എസ്, ചൈനയുടെ അതിര്‍ത്തികൈയേറ്റത്തെക്കുറിച്ച് പറഞ്ഞത്. ഇന്ന് ലോക സമാധാനത്തിന് വലിയ ഭീഷണിയായി വളര്‍ന്നിട്ടും, ചൈന കേരളാ കമ്മികള്‍ക്ക് ചങ്കാണ്. 'ചങ്കിലെ ചൈന' എന്ന പേരില്‍ ചിന്ത ജെറോമിനെപ്പോലുള്ള യുവ തലമുറ പോലും പുസ്തകം എഴുതുന്നു. ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ഓരോ റിപ്പോര്‍ട്ടിലും, ചൈനയെ അമേരിക്ക ഒതുക്കുന്നതിനെ പറ്റിയുള്ള നിരന്തരമായ വിമര്‍ശനങ്ങള്‍ കാണാം.
എന്നാല്‍ ആ ഒരുപരിഗണന ഇന്ത്യയിലെ പാര്‍ട്ടിക്ക് ചൈനീസ് പാര്‍ട്ടി കൊടുക്കുന്നുണ്ടോ? ഇല്ല എന്നാണ് കേരളത്തില്‍ ഈയിടെയും നടന്ന സംഭവവികാസങ്ങള്‍ വെളിപ്പെടുത്തുന്നത്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാവ് സുന്‍ ഹൈയാന്‍ ഇന്ത്യയില്‍ എത്തിയപ്പോള്‍ സിപിഎം ജനറല്‍ സെക്രട്ടറി എം.എ. ബേബിയെ അടക്കം ആരെയും കണ്ടില്ല. പകരം ചൈനീസ് സംഘം സന്ദര്‍ശിച്ചത് ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവതിനെയാണ്. ഇത് സിപിഎമ്മിനും വലിയ നാണക്കേടായിരിക്കയാണ്. രാജ്യന്തര മാധ്യമങ്ങള്‍ പോലും ഇക്കാര്യം വാര്‍ത്തയാക്കുകയാണ്.
ചൈന തിരിച്ച് പരിഗണിക്കുന്നില്ല
2025 സെപ്തംബര്‍ 25ന് എം.എ. ബേബി, സുന്‍ ഹൈയാനെ ചൈനയില്‍ പോയി കണ്ടിരുന്നു. എന്നാല്‍ ആ സഖാവ് തിരിച്ച് ഇന്ത്യയില്‍ വന്നപ്പോള്‍ എം.എ. ബേബിയെ കണ്ടില്ല. ഇക്കുറി ചൈനയുടെ ഇന്റര്‍നാഷണല്‍ ലെയ്സന്‍ ഡിപാര്‍ട്മെന്റില്‍ നിന്നുള്ള ആറ് പേരാണ് സുന്‍ ഹൈയാന്റെ നേതൃത്വത്തില്‍ ഇന്ത്യ സന്ദര്‍ശിച്ചത്. ചൈനയുടെ ഇന്റര്‍നാഷണല്‍ ലെയ്സന്‍ ഡിപാര്‍ട്മെന്റിന്റെ വൈസ് മിനിസ്റ്ററാണ് സുന്‍ ഹയാന്‍. അവര്‍ ഇക്കുറി സിപിഎം, സിപിഐ നേതാക്കളെ തിരിഞ്ഞുനോക്കിയതേയില്ല. പകരം അവര്‍ ചര്‍ച്ച ചെയ്തത് ആര്‍എസ് എസ് നേതാക്കളായ മോഹന്‍ ഭാഗവതുമായും ദത്താത്രേയെ ഹൊസബാളെയുമായും ആണ്. സുന്‍ ഹൈയാന്‍ ബിജെപി ആസ്ഥാനവും സന്ദര്‍ശിച്ചു.
2000 മുതല്‍ ചൈനീസ് ലെയ്സന്‍ കമ്മിറ്റി രൂപീകരിച്ച ശേഷം അവര്‍ ഇടയ്ക്കിടെ ഇന്ത്യ സന്ദര്‍ശിക്കാറുണ്ട്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേന്ദ്രകമ്മിറ്റിയുടെ കീഴിലാണ് ചൈനീസ് ലെയ്സന്‍ കമ്മിറ്റി. ചൈനയുടെ നയതന്ത്രവിഭാഗമാണ് ലെയ്സന്‍ കമ്മിറ്റി. പക്ഷെ 2020ല്‍ ഗാല്‍വാന്‍ സംഘര്‍ഷത്തിന് ശേഷം അവര്‍ അധികമായി ഇന്ത്യ സന്ദര്‍ശിക്കാറില്ല. 2024ല്‍ ബ്രിക്സ് ഉച്ചകോടിയ്ക്കിടയില്‍ മോദിയും ഷീ ജിന്‍ പിങ്ങും തമ്മില്‍ കണ്ടിരുന്നു. ആ കൂടിക്കാഴ്ചയ്ക്ക് ശേഷം യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ നിന്നും പട്ടാളക്കാരെ ചൈന പിന്‍വലിച്ചു. കൈലാസ് മാനസസരോവര്‍ യാത്ര പുനരാരംഭിച്ചു. വിമാന സര്‍വ്വീസുകള്‍ പുനരാരംഭിച്ചു. ഇന്ത്യയും ചൈനയും തമ്മിലുണ്ടായ വിസാ നിയന്ത്രണം എടുത്തുകളഞ്ഞു. ഇന്ത്യയും ചൈനയും മേഖലകളില്‍ അടുത്തുകൊണ്ടിരിക്കുന്നതിനിടയിലാണ് സുന്‍ ഹൈയാന്റെ ഇന്ത്യാ സന്ദര്‍ശം.
സിപിഎമ്മിനെ പരിഗണിക്കുന്നില്ല
മറ്റു രാജ്യങ്ങളിലെ രാഷ്ട്രീയ പാര്‍ട്ടികളുമായുള്ള ചൈനയുടെ ബന്ധം മെച്ചപ്പെടുത്തുന്നതിലാണ് ലെയ്സണ്‍ കമ്മറ്റി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഈ പദവിയിലേക്ക് വരുന്നതിന് മുന്‍പ്, 2022 മെയ് മുതല്‍ 2023 ജൂലൈ വരെ സുന്‍ ഹൈയാനെ, സിംഗപ്പൂരിലെ ചൈനീസ് അംബാസഡര്‍ ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്. 1997-ലാണ് ഇവര്‍ ഈ വകുപ്പില്‍ ഔദ്യോഗിക ജീവിതം ആരംഭിച്ചത്.
പീക്കിംഗ് സര്‍വകലാശാലയില്‍ നിന്ന് നിയമത്തില്‍ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. കൂടാതെ ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ വിസിറ്റിംഗ് സ്‌കോളര്‍ ആയിരുന്നിട്ടുണ്ട്. 2026 ജനുവരി 12 മുതല്‍ 14 വരെ സുന്‍ ഹയ്യന്റെ നേതൃത്വത്തിലുള്ള ചൈനീസ് പ്രതിനിധി സംഘം ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. ഈ സന്ദര്‍ശനത്തില്‍ അവര്‍ ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി, ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി അരുണ്‍ സിംഗ് തുടങ്ങിയവരുമായും സന്ദര്‍ശനം നടത്തിയിരുന്നു. ഇന്ത്യയും ചൈനയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനും ബിസിനസ്, സാംസ്‌കാരിക വിനിമയങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനുമാണ് ഈ സന്ദര്‍ശനത്തിലൂടെ ലക്ഷ്യമിട്ടതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
പക്ഷേ ഡല്‍ഹിയിലുള്ള ഏതാനും സിപിഎം- സിപിഐ നേതാക്കള്‍, സുന്‍ ഹൈയാനെ സന്ദര്‍ശിച്ചതായി പറയുന്നു. എന്നാല്‍ അവര്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റ് നേതാക്കള്‍ ആരെയും അങ്ങോട്ട് പോയി കണ്ടിട്ടില്ല. ഇന്ത്യയില്‍ സിപിഎമ്മും സിപിഐയും അടക്കമുള്ള ഇടതുപാര്‍ട്ടികള്‍ക്ക് യാതൊരു പ്രസക്തിയും ചൈനീസ് പാര്‍ട്ടി കാണുന്നില്ലെന്നും, അതുകൊണ്ടാണ് ഈ അവഗണനയെന്നുമുള്ള രീതിയിലാണ് വാര്‍ത്തകള്‍ വരുന്നത്.


