- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെട്ടിട നിര്‍മാണത്തില്‍ നിയന്ത്രണം വരും; സംസ്ഥാനത്തെ 13 ഗ്രാമങ്ങള്‍ പരിസ്ഥിതി ലോലം; ചൂരല്‍ മലയും മുണ്ടക്കൈയും പുത്തുമലയും കരട് വിജ്ഞാപനത്തില്‍
ന്യൂഡല്‍ഹി: ഉരുള്‍പൊട്ടല്‍ വന്‍ദുരന്തത്തിനിടയാക്കിയ ചൂരല്‍ മലയും മുണ്ടക്കൈയും പൂത്തുമലയും ഉള്‍പ്പെട്ട വനാട്ടിലെ 13 വില്ലേജുകളടക്കം കേരളത്തിലെ 9993.7 ചതുരശ്രകിലോമീറ്റര്‍ പ്രദേശം പരിസ്ഥിതിലോലമേഖലയായി ശുപാര്‍ശചെയ്ത് കേന്ദ്രസര്‍ക്കാര്‍ കരട് വിജ്ഞാപനം പുറത്തിറക്കി. പശ്ചിമഘട്ടം കടന്നുപോകുന്ന കേരളം, ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കര്‍ണാടക, തമിഴ്‌നാട് എന്നീ ആറുസംസ്ഥാനങ്ങളിലെ പരിസ്ഥിതിലോലപ്രദേശങ്ങളെക്കുറിച്ചുള്ള കരട് വിജ്ഞാപനമാണ് ജൂലായ് 31-ന് കേന്ദ്ര വനം-പരിസ്ഥിതിമന്ത്രാലയം പുറത്തിറക്കിയത്.
പാരിസ്ഥിതികമായി പ്രാധാന്യം നല്‍കേണ്ടതായി കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ച ജൈവ മേഖലകളാണ് പരിസ്ഥിതിലോല പ്രദേശം അല്ലെങ്കില്‍ പരിസ്ഥിതി ദുര്‍ബലമായ പ്രദേശങ്ങള്‍ എന്നു പറയപ്പെടുന്നത്. ഇതില്‍ വന്യജീവി സങ്കേതങ്ങള്‍ക്ക് ചുറ്റുമുള്ള പ്രദേശങ്ങള്‍, ദേശീയ പാര്‍ക്കുകള്‍ ഇതെല്ലാം ഉള്‍പ്പെടും. ഇവിടങ്ങളിലെ ജൈവ വൈവിധ്യങ്ങള്‍, സസ്യങ്ങളുടേയും ജന്തുക്കളുടേയും സംരക്ഷണം, ഭൂമിശാസ്ത്ര പരമായ പ്രത്യേകത എന്നിവയെല്ലാം കണക്കാക്കിയാണ് പരിസ്ഥിതി ലോല പ്രദേശങ്ങള്‍ നിര്‍ണയിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്.
എന്തായാലും കേരളത്തിലെ 12 ജില്ലകളിലെ 131 ഗ്രാമങ്ങള്‍ പട്ടികയിലുണ്ട്. വയനാട്ടിലെ മാനന്തവാടി, വൈത്തിരി എന്നീ താലക്കൂകളിലെ 13 വില്ലേജുകള്‍ പട്ടികയില്‍ ഉള്‍പ്പെടുന്നു. ജനങ്ങള്‍ക്ക് 60 ദിവസത്തിനുള്ളില്‍ അഭിപ്രായങ്ങള്‍ അറിയിക്കാം. ഇതുകൂടി കണക്കിലെടുത്തായിരിക്കും അന്തിമവിജ്ഞാപനം.
പശ്ചിമഘട്ടസംരക്ഷണത്തിനായി ഡോ. കസ്തൂരിരംഗന്റെ നേതൃത്വത്തിലുള്ള സമിതിയുടെ ശുപാര്‍ശകളനുസരിച്ച് 2014-ല്‍ പുറത്തിറങ്ങിയ കരട് വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിലാണ് അഞ്ചാംവട്ടം വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്. സംസ്ഥാനങ്ങള്‍ അഭിപ്രായവ്യത്യാസമുയര്‍ത്തിയതിനാലാണ് അന്തിമവിജ്ഞാപനം വൈകുന്നത്.
കേരളത്തിലെ 9993.7 ചതുരശ്രകിലോമീറ്റര്‍ പരിസ്ഥിതിലോലപ്രദേശത്തില്‍ 9107 ചതുരശ്രകിലോമീറ്റര്‍ വനഭൂമിയും 886.7 ചതുരശ്രകിലോമീറ്റര്‍ വനേതരഭൂമിയുമാണ്. ആലപ്പുഴയും കാസര്‍കോടുമൊഴികെ 12 ജില്ലകളിലെ 131 ഗ്രാമങ്ങള്‍ പരിസ്ഥിതിലോലമാണ്. കേരള സ്റ്റേറ്റ് ബയോഡൈവേഴ്സിറ്റി ബോര്‍ഡിന്റെ വെബ്സൈറ്റില്‍ വില്ലേജ്തലത്തിലുള്ള വിവരം ലഭിക്കും.
വിജ്ഞാപനത്തില്‍പ്പെട്ട ജില്ലകളും താലൂക്കുകളും ഇങ്ങനെ:
കേരളത്തിലെ 12 ജില്ലകളിലെ 131 ഗ്രാമങ്ങളിലാണ് പരിസ്ഥിതിലോല പ്രദേശങ്ങളുള്ളത്. വയനാട് ജില്ലയിലെ പേരിയ, തിരുനെല്ലി, തോണ്ടര്‍നാട്, തൃശ്ശിലേരി, കിടങ്ങനാട്, നൂല്‍പ്പുഴ, അച്ചൂരാനം, ചുണ്ടേല്‍, കോട്ടപ്പടി, കുന്നത്തിടവക, പൊഴുതന, തരിയോട്, വെള്ളരിമല എന്നീ ഗ്രാമങ്ങള്‍ പട്ടികയിലുണ്ട്.
നിയന്ത്രണങ്ങള്‍
ഖനനത്തിന് സമ്പൂര്‍ണ നിരോധനം: മണല്‍ഖനനം ഉള്‍പ്പടെയുള്ള എല്ലാ ഖനനങ്ങള്‍ക്കും നിരോധനമുണ്ട്. നിലവിലുണ്ടായിരുന്ന ഖനനങ്ങള്‍ അന്തിമവിജ്ഞാപനമിറങ്ങി അഞ്ചുവര്‍ഷത്തിനുള്ളിലോ ഖനനക്കരാര്‍ കാലാവധി അവസാനിക്കുമ്പോഴോ, ഇതിലേതാണോ ആദ്യം വരുന്നത് അതിനനുസരിച്ച് നിര്‍ത്തണം
താപവൈദ്യുതനിലയങ്ങള്‍ പാടില്ല.
മലിനീകരണനിയന്ത്രണ അതോറിറ്റികള്‍ 'ചുവപ്പ്' വിഭാഗത്തില്‍പ്പെടുത്തിയ വ്യവസായങ്ങള്‍ അനുവദിക്കില്ല. 'ഓറഞ്ച് ' വിഭാഗത്തിലെ വ്യവസായങ്ങള്‍ക്ക് നിയന്ത്രണങ്ങളോടെ പ്രവര്‍ത്തിക്കാം
കെട്ടിടനിര്‍മാണം, ടൗണ്‍ഷിപ്പ് വികസനം തുടങ്ങിയവയ്ക്ക് നിയന്ത്രണം. ഇരുപതിനായിരം ചതുരശ്രമീറ്ററോ അതിനുമുകളിലോ വിസ്തീര്‍ണമുള്ള കെട്ടിടങ്ങള്‍, 50 ഹെക്ടറോ അതിനുമുകളിലോ അല്ലെങ്കില്‍ ഒന്നരലക്ഷം ചതുരശ്രമീറ്ററോ നിര്‍മാണസ്ഥലമുള്ള ടൗണ്‍ഷിപ്പുകള്‍ എന്നിവ നിര്‍മിക്കാനാകില്ല
വീടുകളുടെ അറ്റകുറ്റപ്പണി, വിപുലീകരിക്കല്‍, നവീകരണം തുടങ്ങിയവയ്ക്ക് തടസ്സമില്ല
പരിസ്ഥിതി ആഘാതപഠനം അനുസരിച്ചേ പുതിയ ജലവൈദ്യുതപദ്ധതികള്‍ അനുവദിക്കൂ
വസ്തുവില്‍ക്കാന്‍ തടസ്സമില്ല.
ഇടുക്കിയില്‍ 51-ഉം പത്തനംതിട്ടയില്‍ ഏഴും, കോട്ടയത്ത് നാലും വില്ലേജുകള്‍ പരിസ്ഥിതിലോലം
തൊടുപുഴ: പരിസ്ഥിതിലോലപ്രദേശങ്ങളെക്കുറിച്ചുള്ള അഞ്ചാം കരടില്‍ ഇടുക്കിയിലെ 51 വില്ലേജുകള്‍ ഉണ്ട്. മുന്‍ കരട് വിജ്ഞാപനങ്ങളില്‍ 47 വില്ലേജുകളായിരുന്നു ഇ.എസ്.എ.യില്‍ ഉള്‍പ്പെട്ടിരുന്നത്. പിന്നീട് വില്ലേജുകളുടെ വിഭജനമുണ്ടായി. അതിനാലാണ് പുതിയ കരടില്‍ ഇ.എസ്.എ. വില്ലേജുകളുടെ എണ്ണം 51 ആയത്. കേരളത്തിലെ ആകെ ഇ.എസ്.എ. പട്ടികയിലുള്ളത് 131 വില്ലേജുകള്‍. അതില്‍ 51-ഉം ഇടുക്കിയിലാണ്. ഇടുക്കിയിലെ 23 വില്ലേജുകളെ ഇ.എസ്.എയില്‍നിന്ന്് ഒഴിവാക്കണമെന്ന കേരളത്തിന്റെ ആവശ്യം ഈ കരടിലും പരിഗണിച്ചില്ല.
ഇടുക്കി ജില്ലയിലെ ഇ.എസ്.എ. വില്ലേജുകള്‍
ദേവികുളം താലൂക്കിലെ ആനവിരട്ടി, ഇടമലക്കുടി, കാന്തല്ലൂര്‍, കെ.ഡി.എച്ച്., കീഴാന്തൂര്‍, കൊട്ടക്കമ്പൂര്‍, കുഞ്ചിത്തണ്ണി, മാങ്കുളം, മന്നാംകണ്ടം, മറയൂര്‍, മൂന്നാര്‍, പള്ളിവാസല്‍, വട്ടവട, വെള്ളത്തൂവല്‍
ഇടുക്കി താലൂക്കിലെ അയ്യപ്പന്‍കോവില്‍, ഇടുക്കി, കാഞ്ചിയാര്‍, കഞ്ഞിക്കുഴി, കട്ടപ്പന, കൊന്നത്തടി, തങ്കമണി, ഉപ്പുതോട്, വാത്തിക്കുടി
പീരുമേട് താലൂക്കിലെ കൊക്കയാര്‍, കുമളി, മഞ്ചുമല, മ്ലാപ്പാറ, പീരുമേട്, പെരിയാര്‍, പെരുവന്താനം, ഉപ്പുതറ
തൊടുപുഴ താലൂക്കിലെ അറക്കുളം, ഉടുമ്പന്നൂര്‍
ഉടുമ്പന്‍ചോല താലൂക്കിലെ അണക്കര, ആനവിലാസം, ബൈസണ്‍വാലി, ചക്കുപള്ളം, ചതുരംഗപ്പാറ, ചിന്നക്കനാല്‍, ഇരട്ടയാര്‍, കല്‍ക്കൂന്തല്‍, കാന്തിപ്പാറ, കരുണാപുരം, പാമ്പാടുംപാറ, പാറത്തോട്, പൂപ്പാറ, രാജാക്കാട്, രാജകുമാരി, ശാന്തന്‍പാറ, ഉടുമ്പന്‍ചോല, വണ്ടന്‍മേട്.
പത്തനംതിട്ടയിലെവില്ലേജുകള്‍
കോന്നി താലൂക്കിലെ അരുവാപ്പുലം, ചിറ്റാര്‍, സീതത്തോട്, തണ്ണിത്തോട്. റാന്നി താലൂക്കിലെ കൊല്ലമുള, പെരുനാട്, വടശ്ശേരിക്കര
കോട്ടയം ജില്ലയിലെവില്ലേജുകള്‍
കൂട്ടിക്കല്‍, മേലുകാവ്, പൂഞ്ഞാര്‍ തെക്കേക്കര, തീക്കോയി.
ലോലമേഖലകള്‍ സംബന്ധിച്ച സംവാദങ്ങള്‍ ഗാഡ്ഗില്‍-കസ്തൂരിരംഗന്‍ സമിതികളുടെ ശുപാര്‍ശകളുമായി ബന്ധപ്പെട്ട് തുടങ്ങിയതാണ്. 2014-ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് 121 വില്ലേജുകളില്‍ വിദഗ്ധസമിതി പഠനം നടത്തി കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇത് മാറ്റി ഇടതുസര്‍ക്കാര്‍ 2018-ല്‍ പി.എച്ച്. കുര്യന്‍ സമിതിയെ നിയോഗിച്ച് പുതിയൊരു റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.
32 വില്ലേജുകളെ ഒഴിവാക്കിയാണ് റിപ്പോര്‍ട്ട് നല്‍കിയത്. ഇതില്‍ ലോലമേഖലയില്‍ 1307 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതി കുറവായിരുന്നു. 9107 ചതുരശ്ര കിലോമീറ്ററാണ് കേരളത്തിന്റെ വനവിസ്തൃതി. ജനവാസമേഖലകള്‍ ഒഴിവാക്കിയുള്ള കേരളത്തിന്റെ നിര്‍ദേശം അംഗീകരിക്കപ്പെടുമെന്ന നിലയാണുണ്ടായിരുന്നത്.