കല്‍പ്പറ്റ: മുണ്ടക്കൈയിലേയും ചുരല്‍മലയിലേയും കേരള ചരിത്രത്തിലെ ഏറ്റവും വലിയ ഉരുള്‍പൊട്ടല്‍ ദുരന്തം, ഇപ്പോഴും മരണ സംഖ്യ ഉയരുകയാണ്. 264 പേരുടെ മരണം സ്ഥിരീകരിച്ചു. ഇനിയും 240 പേരെ കണ്ടെത്താനുണ്ട്. അതിനായുള്ള പ്രവര്‍ത്തനങ്ങളാണ് ഇന്ന് നടന്നുവരുന്നത്. തകര്‍ന്ന വീടുകള്‍ക്കുള്ളില്‍ ഇനിയും ആളുകള്‍ ഉണ്ടാകാമെന്നാണ് നിഗമനം.

കനത്ത മഴ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കുന്നുണ്ടെങ്കിലും ബെയ്ലി പാലം നിര്‍മാണം പൂര്‍ത്തിയാക്കാനൊരുങ്ങുകയാണ് സൈന്യം. നിലവില്‍ പാല നിര്‍മാണം അവസാനഘട്ടത്തിലാണ്. ഇന്ന് ഉച്ചയ്ക്ക് മുമ്പ് പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കും. പാലം പണി കഴിഞ്ഞാല്‍ ജെസിബികള്‍ അടക്കമുള്ള വാഹനങ്ങള്‍ രക്ഷാ പ്രവര്‍ത്തനത്തിനായി മറുകരയിലേക്ക് എത്തിക്കാനാവും. ജില്ലയില്‍ അതിതീവ്ര മഴ പെയ്യുന്ന സാഹചര്യത്തില്‍ വീണ്ടും ഉരുള്‍പൊട്ടല്‍ സാധ്യയുണ്ടെന്നാണ് ജാഗ്രതാ നിര്‍ദ്ദേശം. ബെയ്ലി പാലത്തിന്റെ നിര്‍മ്മാണം രാത്രിയിലും നടന്നിരുന്നു. കരസേനയാണ് നര്‍മ്മാണത്തിന് പിന്നില്‍.

ജില്ലയില്‍ അതിതീവ്ര മഴ പെയ്യുന്ന സാഹചര്യത്തില്‍ ഉരുള്‍പൊട്ടല്‍ സാധ്യതാ പ്രദേശങ്ങളിലും മുന്‍ വര്‍ഷങ്ങളില്‍ ഉരുള്‍പൊട്ടിയ പ്രദേശങ്ങളിലുമുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് വയനാട് ജില്ലാ കളക്ടര്‍ ഡി.ആര്‍. മേഘശ്രീ അറിയിച്ചു. കുറുമ്പാലക്കോട്ട, ലക്കിടി മണിക്കുന്നു മല, മുട്ടില്‍ കോല്‍പ്പാറ കോളനി,കാപ്പിക്കളീ, സുഗന്ധഗിരി, പൊഴുതന പ്രദേശങ്ങളില്‍ അതീവ ജാഗ്രത പുലര്‍ത്തണം. അപകട ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ക്യാമ്പിലേക്ക് മാറാന്‍ ആവശ്യപ്പെട്ടിട്ടുള്ളവര്‍ എത്രയും വേഗം താമസസ്ഥലത്തു നിന്നും ക്യാമ്പുകളിലേക്ക് മാറണമെന്നും കളക്ടര്‍ അറിയിച്ചു. തദ്ദേശ സ്ഥാപന സെക്രട്ടറിമാരും വില്ലേജ് ഓഫീസര്‍മാരും വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

ചൂരല്‍മലയിലും മുണ്ടക്കൈയിലും പ്രതികൂല കാലാസ്ഥയും പുഴയിലെ ജലനിരപ്പ് ഉയരുന്നതും കടുത്തവെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. ബെയ്ലി പാലം നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ കൂടുതല്‍ യന്ത്രസാമഗ്രികള്‍ മുണ്ടക്കെയിലെത്തിച്ച് രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്. രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കാന്‍ ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. മന്ത്രിമാരുടെ സംഘം നിരന്തരം ക്യാമ്പുകള്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തണമെന്നും നിര്‍ദേശം. ഉരുള്‍പൊട്ടല്‍ നാശം വിതച്ച മുണ്ടക്കൈയിലാണ് പ്രധാനമായും രക്ഷാപ്രവര്‍ത്തനം പുരോ?ഗമിക്കുന്നത്.

ജില്ലയില്‍ 82 ദുരിതാശ്വാസ ക്യാമ്പുകളിലായി 8,304 പേരെ മാറ്റി താമസിപ്പിച്ചിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ജില്ലയിലെ വിവിധ ക്യാമ്പുകളിലായി 3,022 പുരുഷന്മാരും 3,398 സ്ത്രീകളും 1,884 കുട്ടികളും 23 ഗര്‍ഭിണികളുമാണുള്ളത്. ചൂരല്‍മല ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ആരംഭിച്ച എട്ട് ക്യാമ്പുകള്‍ ഉള്‍പ്പെടെയാണിതെന്നും കളക്ടര്‍ അറിയിച്ചു. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ആവശ്യമായിട്ടുള്ള അവശ്യ വസ്തുക്കള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ ഉറപ്പാക്കുന്നുണ്ട്. റേഷന്‍ കടകളിലും സപ്ലൈകോ വില്‍പനശാലകളിലും ഭക്ഷ്യധാന്യങ്ങളുടെ ലഭ്യത ഉറപ്പാക്കിയിട്ടുണ്ട്. ഇടമുറിയാത്ത രക്ഷാദൗത്യത്തിലൂടെ 1,592 പേരെയാണ് രക്ഷിക്കാനായത്.

ഒരു രക്ഷാദൗത്യത്തില്‍ ഇത്രയധികം പേരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ രക്ഷിക്കാനായത് ഏകോപിതവും അതിവിപുലവുമായ ദൗത്യത്തിന്റെ ഫലമാണ്. ആദ്യ ഘട്ടത്തില്‍ തന്നെ ദുരന്തമുണ്ടായതിന്റെ സമീപസ്ഥലങ്ങളിലെ 68 കുടുംബങ്ങളിലെ 206 പേരെ മൂന്ന് ക്യാമ്പുകളിലേക്ക് മാറ്റിയിരുന്നു. ഇതില്‍ 75 പുരുഷന്മാരും 88 സ്ത്രീകളും 43 കുട്ടികളുമാണുള്ളത്. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ഒറ്റപ്പെട്ട് പോയവരും വീടുകളില്‍ കുടുങ്ങി പോയവരുമായ 1,386 പേരെ രണ്ട് ദിവസത്തെ രക്ഷാദൗത്യത്തിന്റെ ഫലമായി രക്ഷിക്കാനായി. 528 പുരുഷന്മാര്‍, 559 സ്ത്രീകള്‍, 299 കുട്ടികള്‍ എന്നിവരെ ഏഴ് ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്. 201 പേരെ രക്ഷിച്ച് ആശുപത്രിയിലെത്തിക്കാനായി. ഇതില്‍ 90 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളതെന്നും കളക്ടര്‍ അറിയിച്ചു.