കല്‍പ്പറ്റ: വയനാട് മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളില്‍ ഉരുള്‍പൊട്ടിയ മേഖലകളില്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കാന്‍ അഞ്ചംഗ മന്ത്രിതല സംഘം. പ്രതിപക്ഷ നേതാവ് വിഡി സതീശനും വയനാട്ടില്‍ ഉടനെത്തും. മുണ്ടക്കൈയില്‍ ആര്‍ക്കും എത്താന്‍ കഴിഞ്ഞിട്ടില്ല. ഉപഗ്രഹ ചിത്രങ്ങള്‍ അടക്കം ലഭ്യമാക്കിയാകും സൈന്യം രക്ഷാപ്രവര്‍ത്തനം നടത്തുക. ഇതിനെല്ലാം മന്ത്രിമാര്‍ ഏകോപനമൊരുക്കും.

മന്ത്രി എ. കെ ശശീന്ദ്രനും മന്ത്രി കടന്നപ്പള്ളി രാമചമന്ദ്രനും സംഭവ സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി മുഹമമദ് റിയാസ് അറിയിച്ചു. സാധ്യമായ എല്ലാ സഹായങ്ങളും തേടി രക്ഷാ പ്രവര്‍ത്തനം തുടരുമെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. മന്ത്രിമാരായ കെ രാജന്‍, മുഹമ്മദ് റിയാസ്, ഓ.ആര്‍. കേളു എന്നിവരും ഉടനെ തിരിക്കും. മരണ സംഖ്യ ഇനിയും ഉയരുമെന്ന ഭീതിയുണ്ട്. കേരളത്തിന്റെ പല ഭാഗത്തും മഴ ശക്തമാണ്. ഈ സാഹചര്യത്തില്‍ കേരളത്തിലുടനീളം ജാഗ്രത തുടരേണ്ട സാഹചര്യമുണ്ട്.

എയര്‍ ലിഫ്റ്റിങ് അടക്കമുള്ള രക്ഷാപ്രവര്‍ത്തനങ്ങളിലേക്കാണ് നീങ്ങുന്നതെന്ന് മന്ത്രി കെ രാജന്‍ അറിയിച്ചു. എയര്‍ഫോഴ്‌സിന്റെ എ.എല്‍.എച്ച്, എം.ഐ17 ഹോലികോപ്റ്ററുകള്‍ പുറപ്പെട്ടിട്ടിട്ടുണ്ട്. അധികം വൈകാതെ കല്‍പറ്റ എസ്.കെ.എം.ജെ. സ്‌കൂള്‍ ഗ്രൗണ്ടിലെത്തും. എരിയല്‍ വ്യൂ ലഭ്യമാക്കി, എയര്‍ ലിഫ്റ്റിങ് സാധ്യമായ എല്ലാ ഭാഗത്തുനിന്നും പ്രവര്‍ത്തനങ്ങള്‍ നടത്തും. എന്‍ഡിആര്‍എഫിന്റെ ഒരു സംഘം ദുരന്ത ഭൂമിയിലുണ്ട്. രണ്ട് സംഘം കൂടി തിരിച്ചിട്ടുണ്ട്. ഡിഫന്‍സ് സെക്യൂരിറ്റി ടീമിന്റെ രണ്ട് സംഘവും പ്രദേശത്തേക്ക് തിരിച്ചിട്ടുണ്ട്. ഫയര്‍ഫോഴ്‌സിന്റെ ടീമുകളും എത്തുമെന്നും മന്ത്രി അറിയിച്ചു. കണ്ണൂര്‍ കന്റോണ്‍മെന്റില്‍ നിന്ന് കരസേനയുടെ രണ്ട് സംഘം കൂടി വയനാട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ട്.

ദുരന്ത സ്ഥലത്തേക്ക് എത്തന്‍ സാധിക്കാത്ത് സ്ഥിതിയാണ് നിലവിലുള്ളതെന്ന് മന്ത്രി ഒ.ആര്‍ കേളു പറഞ്ഞു. ഒരു പാലം ഒലിച്ചുപോയത് രക്ഷാദൗത്യത്തിന് വെല്ലുവിളിയാവുകയാണ്. ജില്ലാ കളക്ടറടക്കം ഹെലികോപ്റ്റര്‍ സഹായം ആവശ്യപ്പെട്ടിട്ടുണ്ട്. സൈന്യവുമായി ബന്ധപ്പെട്ടു വരുകയാണ്. രക്ഷാപ്രവര്‍ത്തനം സംബന്ധിച്ച് എല്ലാ ശ്രമങ്ങളും അവംലംബിച്ചുവരികയാണെന്നും മന്ത്രി പറഞ്ഞു. ദുരന്തത്തിന്റെ വ്യാപ്തി വ്യക്തമല്ലെന്നും സൈന്യത്തിന്റെയും എന്‍ഡിആര്‍എഫിന്റെയുമടക്കം സഹായം ആവശ്യമായി വരുമെന്നും മന്ത്രി എകെ ശശീന്ദ്രന്‍ പറഞ്ഞു

കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്.കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. 9656938689, 8086010833 നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്. പുലര്‍ച്ചെ രണ്ട് മണിയോടെ ആയിരുന്നു ആദ്യം ഉരുള്‍പൊട്ടിയത്. പിന്നീട് 4.10-ഓടെ വീണ്ടും ഉരുള്‍പൊട്ടി. പ്രദേശത്തുനിന്ന് മൃതദേഹങ്ങള്‍ കണ്ടെത്തിയതായാണ് വിവരം. ചാലിയാറിലും മൃതദേഹങ്ങള്‍ ഒഴുകിയെത്തുന്നുണ്ട്.