- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിനിമയെടുക്കാന്‍ വരുന്ന പട്ടികജാതിക്കാര്‍ക്ക് ആദ്യം പരിശീലനം നല്‍കണം; സ്ത്രീകളായത് കൊണ്ട് മാത്രം അവസരം കൊടുക്കരുത്; പരിശീലനമില്ലാതെ സിനിമയെടുത്താല്‍ ആ പണം നഷ്ടമാകും; സിനിമാ കോണ്‍ക്ലേവ് വേദിയില്‍ അടൂരിന്റെ വിവാദപരാമര്‍ശങ്ങള്‍ അധിക്ഷേപമെന്ന് ആക്ഷേപം; ഡോ.ബിജുവിനെ ചൂണ്ടി കാട്ടി സദസില്‍ പ്രതിഷേധം; അടൂരിന് മറുപടിയുമായി ശ്രീകുമാരന്‍ തമ്പിയും പുഷ്പലതയും
സിനിമാ കോണ്‍ക്ലേവില്‍ അടൂരിന്റെ പരാമര്‍ശങ്ങള്‍ വിവാദമായി
തിരുവനന്തപുരം: തലസ്ഥാനത്ത് സിനിമാ കോണ്‍ക്ലേവിന്റെ സമാപനവേദിയില്‍, സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ ചില പരാമര്‍ശങ്ങള്‍ വിവാദമായി. പട്ടികജാതി വിഭാഗത്തില്‍ നിന്ന് സിനിമയെടുക്കാന്‍ വരുന്നവര്‍ക്ക് ആദ്യം പരിശീലനമാണ് നല്‍കേണ്ടതെന്നാണ് അടൂര്‍ പറഞ്ഞത്. ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ വെറുതേ പണം മുടക്കരുത്. ഒന്നരക്കോടി രൂപ നല്‍കുന്നത് വളരെ കൂടുതലാണ്. പലരും ചെയ്തത് നിലവാരമില്ലാത്ത സിനിമകളാണെന്നും അടൂര്‍ പറഞ്ഞു. സ്ത്രീകളായത് കൊണ്ട് മാത്രം അവസരം കൊടുക്കരുതെന്നും അദ്ദേഹം പറഞഞു. വ്യക്തമായ പരിശീലനം ഇല്ലാതെ സിനിമ എടുത്താല്‍ ആ പണം നഷ്ടം ആകുമെന്നും അടൂര്‍ വിമര്‍ശിച്ചു.
സിനിമ എങ്ങനെയാണ് നിര്‍മിക്കുന്നത് എന്നതില്‍ ഇവര്‍ക്ക് കുറഞ്ഞത് മൂന്ന് മാസത്തെ ഇന്റന്‍സീവ് പരിശീലനമെങ്കിലും നല്‍കണം. ഒരാള്‍ സിനിമയെടുക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച് വരുമ്പോള്‍ തന്നെ 'പോയി സിനിമയെടുത്തോ' എന്ന് പറയുന്നതല്ല പ്രോത്സാഹനം. നിലവില്‍ പുതുമുഖങ്ങള്‍ക്ക് നല്‍കിവരുന്ന ഒന്നരക്കോടി 50 ലക്ഷമായി കുറയ്ക്കണമെന്നും ഈ തുക വാണിജ്യ സിനിമക്ക് വേണ്ടിയല്ല വിനിയോഗിക്കേണ്ടതെന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. നല്ല സിനിമയെടുക്കാന്‍ വേണ്ടിയാണ് ഈ പണം ഉപയോഗപ്പെടുത്തേണ്ടത്. അത് നിര്‍ബന്ധമാണ്. സൂപ്പര്‍ സ്റ്റാറുകളെ വെച്ച് സിനിമയുണ്ടാക്കാനല്ല സര്‍ക്കാര്‍ സഹായിക്കേണ്ടതെന്നും അടൂര്‍ പറഞ്ഞു.
അടൂര്‍ സംസാരിക്കുന്നതിടെ, വേദിയിലുണ്ടായിരുന്ന സിനിമാ പ്രവര്‍ത്തക പ്രതിഷേധമുയര്‍ത്തി. സംവിധായകനായ ഡോ. ബിജുവിനെ ഉള്‍പ്പെടെ ചൂണ്ടിക്കൊണ്ടാണ് അവര്‍ അടൂരിന് മറുപടി പറയാന്‍ ശ്രമിച്ചത്. എന്നാല്‍ അതുവകവയ്ക്കാതെ അടൂര്‍ ഗോപാലകൃഷ്ണന്‍ പ്രസംഗം തുടര്‍ന്നു.
കെ ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്നത് വൃത്തികെട്ട സമരമാണെന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ വിമര്‍ശിച്ചു. അച്ചടക്കം കൊണ്ടുവരാന്‍ ശ്രമിച്ചതിനാണ് സമരം നടന്നത്. ഇന്ത്യയിലെ ഒന്നാം നമ്പര്‍ സ്ഥാപനമായി മാറുന്നതിനിടെയായിരുന്നു സമരം. തങ്ങള്‍ ചുമതലയേല്‍ക്കുന്നത് ഇന്‍സ്റ്റിറ്റ്യൂട്ട് നശിച്ചുകിടന്ന സമയത്താണ്. ആ സ്ഥാപനത്തെ ഇപ്പോള്‍ ഒന്നും അല്ലാതാക്കി.
ടെലിവിഷന്‍ മേഖല നശിച്ച അവസ്ഥയിലാണ്. കൊള്ളാവുന്ന ഒരു പരിപാടി പോലുമില്ലെന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ വിമര്‍ശിച്ചു. വേദിയില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രേംകുമാര്‍ അടക്കം ഇരിക്കെയാണ് അടൂര്‍ ഗോപാലകൃഷ്ണന്റെ വിമര്‍ശനം. ചാലയിലെ തൊഴിലാളികളെയും ഐഎഫ്എഫ്‌കെയ്ക്ക് എത്തുന്നവരെയും അടൂര്‍ പ്രസംഗത്തില്‍ അധിക്ഷേപിച്ചു. സെക്‌സ് സീന്‍ കാണാന്‍ വേണ്ടി മാത്രം തീയേറ്ററിലേക്ക് ഇടച്ചു കയറിയെന്നായിരുന്നു അടൂര്‍ ഗോപാലകൃഷ്ണന്റെ പരാമര്‍ശം.
ഉള്ളൊഴുക്കിനെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ പരിഗണിക്കാത്തതിലും അടൂര്‍ വിമര്‍ശനമറിയിച്ചു. ഉള്ളൊഴുക്ക് മികച്ച സിനിമയാണ്. എട്ട് വര്‍ഷം ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിച്ചു വന്ന ആളാണ് സംവിധായകന്‍. അത്തരക്കാര്‍ക്ക് സംസ്ഥാന തലത്തില്‍ പ്രോത്സാഹനം നല്‍കേണ്ടതായിരുന്നു. ഡല്‍ഹിയില്‍ നിന്ന് ലഭിച്ച അംഗീകാരം അവര്‍ക്ക് സന്തോഷം നല്‍കിയെന്നും അടൂര്‍ പറഞ്ഞു.
അടൂരിന്റെ പരാമര്‍ശങ്ങള്‍ക്ക് വേദിയിലുളളവര്‍ തന്നെ മറുപടി നല്‍കി. സിനിമയെടുത്താണ് പഠിക്കുന്നതെന്നാണ് ഗായിക പുഷ്പലത പറഞ്ഞത്.
കവിയും സംവിധായകനും നിര്‍മാതാവുമായ ശ്രീകുമാരന്‍ തമ്പിയും അടൂരിനെ വിമര്‍ശിച്ചു. താന്‍ വ്യവസായ സിനിമയുടെ ആളാണ്. സിനിമ പഠിച്ചത് സിനിമ നിര്‍മിച്ചാണ്. പാട്ട് എഴുതിയ പണവും സംവിധാനം ചെയ്ത പണവും സിനിമയ്ക്ക് നല്‍കി. മലയാള സിനിമയെ കണ്ട് മറ്റ് ഇന്‍ട്രന്‍സ്ട്രി പഠിക്കണം എന്നത് അടൂര്‍ പറഞ്ഞത് പൂര്‍ണമായും ശരിയല്ല. മറ്റ് ഭാഷകളില്‍ അതത് ഭാഷയ്ക്ക് നികുതി ഇല്ല. എന്നാല്‍ മറ്റ് ഭാഷകള്‍ക്ക് നികുതി ഉണ്ട്. ഭാഷയെ വളര്‍ത്താന്‍ നമ്മുടെ സര്‍ക്കാര്‍ ഇനിയും തീരുമാനങ്ങള്‍ എടുക്കും. സര്‍ക്കാരിന്റെ അധികാരങ്ങള്‍ സിനിമയെ സഹായിക്കാനും കൂടി ഉപയോഗിക്കണമെന്നും ശ്രീകുമാരന്‍ തമ്പി പ്രതികരിച്ചു. ഹേമ കമ്മിറ്റിയ്ക്ക് അവസാനം എന്ത് സംഭവിച്ചുവെന്നും ശ്രീകുമാരന്‍ തമ്പി ചോദിച്ചു. പരാതി പറഞ്ഞവര്‍ തന്നെ പരാതി പിന്‍വലിച്ചു. കമ്മിറ്റിയ്ക്ക് വേണ്ടി വിനിയോഗിച്ച പണം എവിടെ പോയിയെന്നും ശ്രീകുമാരന്‍ തമ്പി ചോദിച്ചു.