തിരുവനന്തപുരം: സിഐടിയു പ്രവർത്തകർ ലോഡിറക്കാൻ അനുവദിക്കാത്തതിനെ തുടർന്ന് ഒരു ലോഡ് ഇൻ്റർലോക്ക് കട്ടകൾ തനിയെ ഇറക്കി അധ്യാപിക. തിരുവനന്തപുരം കല്ലറ തച്ചോണത്ത് പ്രിയ വിനോദ് എന്ന അധ്യാപികയാണ് സിഐടിയു പ്രവർത്തകർക്കെതിരെ ഗുരുതരമായ ആരോപണങ്ങളുമായി രംഗത്തെത്തിയത്. തൊഴിലാളികൾ തന്നെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്ന് പ്രിയ ആരോപിച്ചു.

കെപിസിസി മീഡിയ അംഗം കൂടിയായ പ്രിയ സംഭവത്തിൻ്റെ ദൃശ്യങ്ങൾ സഹിതമാണ് വിവരം പുറത്തുവിട്ടത്. വീട്ടുമുറ്റത്ത് ഇൻ്റർലോക്ക് കട്ടകൾ ഇറക്കുന്നതിനായി എത്തിയ ജോലിക്കാരെ അമ്പതോളം വരുന്ന സിഐടിയു പ്രവർത്തകർ തടയുകയായിരുന്നുവെന്ന് അവർ പറയുന്നു. മദ്യപിച്ചെത്തിയ ഇവർ ലോഡ് ഇറക്കാൻ അനുവദിക്കാതെ ഡ്രൈവറെയും മറ്റു ജീവനക്കാരെയും ഭീഷണിപ്പെടുത്തി. താൻ മുഴുവൻ ലോഡും ഇറക്കിത്തീരും വരെ അവർ അസഭ്യം പറഞ്ഞുകൊണ്ട് നോക്കിനിന്നുവെന്നും പ്രിയ വീഡിയോയിൽ വ്യക്തമാക്കുന്നു.

പോലീസ് എസ്ഐ ആയ ഭർത്താവ് ഐ.ബി. വിനോദ് ജോലിസ്ഥലത്തായിരുന്ന സമയത്താണ് സംഭവം നടന്നത്. മുൻപ് വീട്ടിലേക്ക് ടൈൽ ഇറക്കിയപ്പോൾ തൊഴിലാളികൾ പതിനായിരം രൂപ കൂലി ചോദിച്ചെന്നും പിന്നീട് നാലായിരം രൂപ നൽകിയെന്നും എന്നാൽ അതിന് ബിൽ നൽകിയില്ലെന്നും പ്രിയ വിനോദ് കൂട്ടിച്ചേർത്തു.

അതേസമയം, അധ്യാപികയുടെ ആരോപണങ്ങൾ സിഐടിയു നേതൃത്വം പൂർണ്ണമായും നിഷേധിച്ചു. യൂണിയൻ ആരിൽ നിന്നും അമിതകൂലി ആവശ്യപ്പെടാറില്ലെന്ന് സിഐടിയു നേതാവ് ഹർഷകുമാർ പ്രതികരിച്ചു. ലോഡ് വന്ന വാഹനം വീടിൻ്റെ കോമ്പൗണ്ടിനുള്ളിലായിരുന്നതിനാൽ വീട്ടുകാർ തന്നെ ഇറക്കിക്കൊള്ളാൻ പറയുകയായിരുന്നു. തൊഴിലാളികൾ ആരെയും അസഭ്യം പറഞ്ഞിട്ടില്ലെന്നും മദ്യപിച്ച് പ്രശ്നമുണ്ടാക്കിയെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു. തൊഴിലാളികളെക്കുറിച്ച് നാട്ടുകാരോട് ചോദിച്ചാൽ സത്യാവസ്ഥ മനസ്സിലാക്കാമെന്നും ഹർഷകുമാർ കൂട്ടിച്ചേർത്തു.