തിരുവനന്തപുരം: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന് മുന്നറിയിപ്പുമായി മുഖ്യമന്ത്രി. ആരോപണത്തില്‍ നിയമപരമായ നടപടി ഉണ്ടാകുമെന്ന് പിണറായി വിജയന്‍ പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായി ഉയര്‍ന്നുവന്ന ആരോപണം അതീവ ഗൗരവം ഉള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ര്‍ഭം ധരിച്ച സ്ത്രീയെ കൊന്ന് കളയുമെന്ന് പറയുന്നതൊക്കെ വലിയ ക്രിമിനല്‍ രീതി ആണ്. എത്രനാള്‍ രാഹുലിന് പിടിച്ച് നില്‍ക്കാന്‍ കഴിയുമെന്ന് അറിയില്ല. ചില കാര്യങ്ങളൊക്കെ ചില ഘട്ടങ്ങളില്‍ സംഭവിച്ചിട്ടുണ്ട് എന്ന് വ്യക്തമാണ്. ബാക്കി കാര്യങ്ങള്‍ സമൂഹം തീരുമാനിക്കേണ്ടത്. അത്തരം കാര്യങ്ങളില്‍ ഇപ്പോള്‍ അഭിപ്രായം പറയേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

പലരും രാഷ്ട്രീയ ജീവിതം നയിച്ചവരാണ്. രാഷ്ട്രീയ പ്രവര്‍ത്തനത്തിന് മാന്യതയും ധാര്‍മ്മികതയും ഉണ്ട്. അത് നഷ്ടപ്പെടുന്നെന്ന മനോവ്യഥ കോണ്‍ഗ്രസിനകത്ത് ഉണ്ട്. തെറ്റായ നിലയില്‍ പ്രമോട്ട് ചെയ്യാന്‍ ചിലര്‍ ശ്രമിച്ചെന്ന വാദമുണ്ട്. പ്രതിപക്ഷ നേതാവ് പ്രകോപിതനായി എന്തെല്ലാമോ വിളിച്ച് പറയുന്നു. മുതിര്‍ന്ന നേതാക്കളുടെ വരെ അഭിപ്രായം കേട്ട് പ്രതികരിക്കണമായിരുന്നു. രാഷ്ട്രീയത്തിനും പൊതു പ്രവര്‍ത്തനത്തിനും അപമാനം ഉണ്ടാക്കുന്നവരെ സംരക്ഷിക്കുന്ന രീതി ഉണ്ടാകില്ല. രാഹുലിനെതിരായ ആരോപണത്തില്‍ നിയമപരമായ നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ വാക്കുകള്‍ ഇങ്ങനെ:

അത് ഗൗരവമേറിയ വിഷയമായി തന്നെ കേരളീയ സമൂഹം ഏറ്റെടുത്തിരിക്കുന്നു. മാധ്യമങ്ങളും അത് ഏറ്റെടുത്തു. അത്തരമൊരു ആള്‍ ആ സ്ഥാനത്ത് ഇരിക്കരുത് എന്ന പൊതുഅഭിപ്രായം ഉയര്‍ന്നുവന്നു കഴിഞ്ഞു. പക്ഷേ, ആ നിലയല്ല കാണുന്നത്. എത്രത്തോളം പിടിച്ചുനില്‍ക്കാന്‍ കഴിയുമെന്ന് അറിയില്ല. ഏതായാലും സമൂഹത്തില്‍ വലിയ പ്രതികരണം ഉണ്ടാക്കുന്ന തരത്തിലുള്ള സംഭവമായി അത് മാറി. കാരണം, ഒന്നിലധികം സംഭവങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വരുന്നു.

ഒരു സംഭാഷണത്തിന്റെ ഭാഗത്ത് ഗര്‍ഭം അലസിപ്പിക്കുക എന്നത് മാത്രമല്ല, ഗര്‍ഭം ധരിച്ച യുവതിയെ കൊല്ലാന്‍ അധികം സമയം വേണ്ട എന്ന് വരെ പറയുന്നിടത്തേക്ക് എത്തുന്ന അവസ്ഥ. എത്രമാത്രം ക്രിമിനില്‍ രീതിയാണ് വരുന്നത്. സമൂഹത്തില്‍ പൊതുപ്രവര്‍ത്തകര്‍ക്കുണ്ടായിരുന്ന അംഗീകാരമുണ്ട്, അതിന് അപവാദം വരുത്തിവെക്കുന്ന ചില കാര്യങ്ങള്‍ ചില ഘട്ടത്തിലൊക്കെ സംഭവിച്ചിട്ടുണ്ട്. എന്നാല്‍, ഇത്രത്തോളം പോയ ഒരു കാര്യം ഇതേവരെ നമ്മുടെ അനുഭവത്തില്‍ കേട്ടിട്ടില്ല.

കോണ്‍ഗ്രസിനകത്ത് ഇതുമായി ബന്ധപ്പെട്ട് വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉണ്ടായിട്ടുണ്ട്. സാധാരണ അങ്ങോട്ടുമിങ്ങോട്ടും എതിര്‍ക്കുകയൊക്കെ ചെയ്യുമെങ്കിലും ആ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് ഒരു മാന്യതയും ധാര്‍മികതയും ഉണ്ട്. അതെല്ലാം നഷ്ടപ്പെട്ടുപോകുന്നല്ലോ എന്ന മനോവ്യഥ കോണ്‍ഗ്രസില്‍ തന്നെ പലരും പ്രകടിപ്പിച്ചുണ്ട്. ഇത്രെയെല്ലാം കാര്യങ്ങള്‍ വന്നിട്ടും സംരക്ഷിക്കാന്‍ തയാറാകുന്നത് പ്രതിപക്ഷ നേതാവിനെപ്പോലെ ഒരാളുടെ ഭാഗത്തുനിന്ന് ഉണ്ടായിക്കൂടാത്തതാണ്. അദ്ദേഹം പ്രകോപിതനാകുന്നു, പിന്നെ എന്തെല്ലാമോ വിളിച്ചുപറയുന്നു. അങ്ങനെയൊരു നിലയിലേക്ക് അദ്ദേഹത്തെ പോലെ ഒരാള്‍ പോകാന്‍ പാടുണ്ടോ? ശരിയല്ലാത്ത നിലയാണ് ഇക്കാര്യത്തില്‍ സ്വീകരിച്ചത്. രാഷ്ട്രീയത്തിന് അപമാനം വരുത്തിവെച്ചതാണ്, പൊതുപ്രവര്‍ത്തകര്‍ക്ക് അപമാനം വരുത്തിവെക്കുന്നതാണ്. അത്തരമൊരു ആളെ വഴിവിട്ട് ന്യായീകരിക്കാന്‍ പുറപ്പെടുന്നത് ഇത്തരം ആളുകളെ പ്രോത്സാഹിപ്പിക്കുന്ന നിലയാണ് ഉണ്ടാകുക.

നിയമപരമായി സ്വീകരിക്കേണ്ട നടപടികളെല്ലാം സ്വാഭാവികമായും പൊലീസ് സ്വീകരിക്കും. പരാതി നല്‍കാന്‍ ഏതെങ്കിലും തരത്തില്‍ ആശങ്കയുണ്ടാകേണ്ടതില്ല. എല്ലാ സംരക്ഷണവും സര്‍ക്കാര്‍ ഉറപ്പുവരുത്തും -മുഖ്യമന്ത്രി വ്യക്തമാക്കി.