പാലക്കാട്: അഴിമതി വിരുദ്ധ നിലപാടാണ് തനിക്കെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നാഴികയ്ക്ക് നാല്‍പ്പതുവട്ടം പറയുന്നത്. എന്നാല്‍, ഈ നിലപാട് പ്രഹസനമാണെന്ന് എല്ലാവര്‍ക്കും അറിയാം. മകള്‍ വീണ വിജയന്‍ പ്രതിയായ കേസില്‍ നിന്നും തടിയൂരാനുള്ള തത്രപ്പാടിലാണ് മുഖ്യമന്ത്രിയും കുടുംബവും. അതേസമയം തന്നെ പാര്‍ട്ടി സഖാക്കള്‍ക്കും അഴിമതിയും പിടിച്ചുപറിയുമൊക്കെ ആകാം എന്ന് തോന്നിപ്പോയാല്‍ അതില്‍ അത്ഭുതമില്ല. പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാടു നിന്നും പുറത്തുവരുന്ന വാര്‍ത്ത സിപിഎമ്മിനെ ശരിക്കും നാണം കെടുത്തുന്നതാണ്.

പൊതുമരാമത്ത് കരാറുകാരനോട് സംഭാവനയായി സി.പി.എം കരിമ്പ ലോക്കല്‍ സെക്രട്ടറി നാലു ലക്ഷം രൂപ ആവശ്യപ്പെട്ടതായി പരാതി. ഭീഷണിപ്പെടുത്തിയതായി കാണിച്ച് മണ്ണാര്‍ക്കാട് ഏരിയ സെക്രട്ടറിക്കെതിരെയും പരാതി നല്‍കി. റോഡ് പ്രവൃത്തിയിലെ കരാറുകാരനായ കാരാകുര്‍ശി കല്ലാടി നീലാഞ്ചേരി മുഹമ്മദ് റിയാസുദ്ദീനാണ് കരിമ്പ ലോക്കല്‍ സെക്രട്ടറി സജി സി. പീറ്റര്‍, ഏരിയ സെക്രട്ടറി നാരായണന്‍കുട്ടി എന്നിവര്‍ക്കെതിരെ ജില്ല പൊലീസ് സൂപ്രണ്ട് ഓഫിസില്‍ പരാതി നല്‍കിയത്.

കാരാകുര്‍ശി ലോക്കല്‍ കമ്മിറ്റി മുന്‍ അംഗമായ റിയാസുദ്ദീന്‍ 10 ലക്ഷം രൂപയുടെ റോഡ് പ്രവൃത്തിയാണ് നടത്തുന്നത്. 15,000 രൂപ നേരത്തേ നല്‍കിയിരുന്നതായും നാലു ലക്ഷം രൂപ നല്‍കാന്‍ സാധിക്കില്ലെന്ന് പറഞ്ഞപ്പോള്‍ കരിമ്പയില്‍ കാല്‍ കുത്തിയാല്‍ തല്ലിയൊടിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും റിയാസുദ്ദീന്‍ ആരോപിച്ചു.

മണ്ണാര്‍ക്കാട് ഏരിയ സെക്രട്ടറി ഭീഷണിപ്പെടുത്തിയതിന്റെ ഫോണ്‍ സംഭാഷണങ്ങളും മാധ്യമപ്രവര്‍ത്തകരെ കേള്‍പ്പിച്ചു. അതേസമയം, ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്നും കരിമ്പ ലോക്കല്‍ സെക്രട്ടറി സജി സി. പീറ്ററും ലോക്കല്‍ സെക്രട്ടറിയെ കരാറുകാരന്‍ ഭീഷണിപ്പെടുത്തിയത് ചോദിക്കുക മാത്രമാണ് താന്‍ ചെയ്തതെന്ന് ഏരിയ സെക്രട്ടറി നാരായണന്‍കുട്ടിയും പറഞ്ഞു.