കോഴിക്കോട്: നടനും മുന്‍ അമ്മ ജനറല്‍ സെക്രട്ടറിയുമായ ഇടവേള ബാബു, നടന്‍ സുധീഷ് എന്നിവര്‍ക്കെതിരായ പരാതിയില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായ യുവതിയില്‍ നിന്ന് പ്രത്യേക അന്വേഷണ സംഘം മൊഴിയെടുക്കും. താരങ്ങള്‍ ലൈംഗിക ചുവയോടെ സംസാരിച്ചുവെന്നായിരുന്നു പരാതി. എആര്‍ ക്യാമ്പില്‍ വച്ചായിരിക്കും മൊഴിയെടുപ്പ്. നിരവധി സിനിമകളില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി വേഷമിട്ടയാളാണ് പരാതിക്കാരി.

അമ്മയില്‍ അംഗത്വം നല്‍കാം, പകരം അഡജസ്റ്റ് ചെയ്യണമെന്നുള്ള കാര്യങ്ങള്‍ ഇടവേള ബാബു തന്നോട് പറഞ്ഞു എന്നായിരുന്നു യുവതിയുടെ പരാതി. സുധീഷും ലൈംഗിക ചുവയോടെ സംസാരിച്ചു എന്നും ആരോപിച്ചു. ഇതിനു പിന്നാലെ ആരോപണം നിഷേധിച്ചുകൊണ്ട് നടന്മാര്‍ രംഗത്തെത്തി.

താരസംഘടനയായ അമ്മയിലെ അംഗത്വ ഫീസിനുപകരം അഡ്ജസ്റ്റ് ചെയ്യാന്‍ ഇടവേള ബാബു പറഞ്ഞുവെന്നാണ് യുവതി മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തിയത്.'അമ്മയില്‍ അംഗത്വ ഫീസിന് പകരം അഡ്ജസ്റ്റ് ചെയ്യാന്‍ പറഞ്ഞു. രണ്ട് ലക്ഷത്തിനുപകരം അഡ്ജസ്റ്റ് ചെയ്യാനാണ് പറഞ്ഞത്. അഡ്ജസ്റ്റ് ചെയ്താല്‍ രണ്ട് ലക്ഷം വേണ്ട, അവസരവും കിട്ടുമെന്ന് പറഞ്ഞു. അഡ്ജസ്റ്റ് ചെയ്താല്‍ സിനിമയില്‍ ഉയരുമെന്നും ഉപദേശിച്ചു. ഹരികുമാര്‍, സുധീഷ് എന്നിവരില്‍ നിന്നും മോശം അനുഭവം ഉണ്ടായി.

ഹരികുമാറിന്റെ സിനിമയില്‍ അഭിനയിച്ചുകഴിഞ്ഞ് തൊട്ടടുത്ത ദിവസം വരാന്‍ പറഞ്ഞു. എന്നാല്‍ ഞാനത് നിരസിച്ചു. ഒരുമിച്ച് യാത്ര ചെയ്യാം, ടൂര്‍ പോകാം എന്നൊക്കെയാണ് സുധീഷ് പറഞ്ഞത്. ഏതൊരു ലൊക്കേഷനില്‍ പോയാലും കുറച്ച് സമയത്തിനുള്ളില്‍ അഡ്ജസ്റ്റുമെന്റിനെക്കുറിച്ച് പറയും. അഡ്ജസ്റ്റ് ചെയ്തുള്ള അവസരങ്ങള്‍ വേണ്ടെന്ന് പറഞ്ഞു. ഇപ്പോള്‍ അവസരങ്ങള്‍ ഇല്ല'- ജൂനിയര്‍ ആര്‍ട്ടിസ്റ്റായ യുവതി വ്യക്തമാക്കി.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ സിനിമയിലെ മോശം അനുഭവങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ് പ്രമുഖ നടിമാരടക്കം രംഗത്തെത്തിയിരുന്നു. തൊഴിലിടത്ത് തനിക്ക് മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്ന് 'അമ്മ' എക്‌സിക്യൂട്ടീവ് അംഗവും നടിയുമായ അന്‍സിബ ഹസനും പറഞ്ഞിരുന്നു.