കല്ലറ: നിയമ ലംഘനങ്ങൾ തുടർക്കഥയാക്കി തിരുവനന്തപുരത്തെ ഗ്രാമീണ മേഖലയായ കല്ലറയിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിനെതിരെ പരാതിയുമായി നാട്ടുകാർ. പെർമിറ്റ് പ്രകാരമുള്ള റൂട്ടിൽ പോലും സർവീസ് നടത്താതെ ഓടുന്ന ചന്ദന എന്ന സ്വകാര്യ ബസിനെതിരെ പരാതികൾ ദിനംപ്രതി ഉയർന്ന് വരികെയാണ്. ചെറുവാളം-കല്ലറ-പാലോട് റൂട്ടിൽ പെർമിറ്റ്‌ ഉള്ള ബസ് ചെറുവാളത്തേക്കുള്ള ട്രിപ്പുകൾ മുടക്കുന്നതായാണ് നാട്ടുകാർ ജില്ല ട്രാൻസ്‌പോർട്ട് ഓഫീസർക്ക് നൽകിയ പരാതിയിൽ പറയുന്നത്.

മാത്രമല്ല കെഎസ്ആർടിസി ബസുകളുടെ സമയത്തും ചന്ദന സർവീസ് നടത്തുന്നതായും കല്ലറ ബസ് സ്റ്റാന്റിൽ ഉള്ള കെഎസ്ആർടിസി സ്റ്റേഷൻ മാസ്റ്റർമാരുടെ മൗനാനുവാദം ഉണ്ടെന്നും നാട്ടുകാർ ആരോപിക്കുന്നു. ഇതുമായി ബദ്ധപ്പെട്ട് നിരവധി പരാതികൾ നൽകിയിട്ടും നടപടി ഒന്നും ഉണ്ടായിട്ടില്ല എന്നാണ് വിവരം.

കല്ലറ ഗ്രാമപഞ്ചായത്തിലെ പകുതിയിൽ അധികം വരുന്ന വാർഡുകളിലൂടെയും, പാങ്ങോട്, നന്ദിയോട് പഞ്ചായത്തുകളിലെ ജനങ്ങൾക്ക് ആശ്രയമായ പ്രധാന പാതയാണ് കല്ലറ - ചെറുവാളം റൂട്ട്. എന്നാൽ കോവിഡ് കാലത്തിനു ശേഷം കെഎസ്ആർടിസി ബസുകളുടെ പിന്മാറ്റത്താൽ വളരെ അധികം യാത്രാക്ലേശം അനുഭവിക്കുകയാണ് പ്രദേശവാസികൾ. ആയിരക്കണക്കിന് വിദ്യാർത്ഥികളും തൊഴിലാളികളും, ജനങ്ങൾക്കും, മറ്റു സർക്കാർ ഉദ്യോഗസ്ഥരും അടുത്ത പട്ടണമായ കല്ലറയിലേക്ക് പോകാൻ ഈ റൂട്ട് മാത്രമാണുള്ളത്.

ഈ റൂട്ടിൽ സർക്കാർ നിയമപരമായി പെർമിറ്റ് കൊടുത്തിട്ടുള്ള സ്വകാര്യ ബസായ ചന്ദന ചെറുവാളത്തേക്ക് സർവീസുകൾ നടത്താറില്ല. ചെറുവാളം-കല്ലറ-പാലോട് റൂട്ടിൽ ഓടേണ്ടതുമായ ബസ് ആണ് KL17E2139 നമ്പറിലുള്ള ചന്ദന ചെറുവാളം റൂട്ടിൽ ഓടാതെ കല്ലറയിൽ വന്ന് സർവ്വീസ് അവസാനിപ്പിക്കുകയാണ് ചെയ്യുന്നത്. ഇങ്ങനെ ഓടാതെ പാലോട് കല്ലറ റൂട്ടിൽ ഓടുന്ന കെഎസ്ആർടിസി ബസുകളുടെ സമയം കൂടി അപഹരിച്ചു കൊണ്ടാണ് ഈ ബസ് സർവ്വീസ് നടത്തുന്നത് എന്ന ഗുരുതരമായ ആരോപണങ്ങളാണ് പരാതിയിൽ പറയുന്നത്.

ഈ പരാതികൾ ഉയർന്നു വരുന്നതിനിടെയാണ് ഇന്നലെ വൈകുന്നേരം 52കാരി ഈ ബസ്സിൽ നിന്ന് റോഡിലേക്ക് തെറിച്ചു വീണ് പരിക്കേറ്റത്. ബസ്സിന്റെ പിൻവശത്ത് ഡോറിൽ നിൽക്കുകയായിരുന്നു ഷൈലജ. വളവ് കഴിഞ്ഞപ്പോൾ ഇവർ റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. മത്സരഓട്ടത്തിനിടെയാണ് അപകടമുണ്ടായത്. ഈ സമയത്ത് ബസിന്റെ വാതിലുകൾ തുറന്ന് കിടക്കുകയായിരുന്നു. വാഹനത്തിന്റെ അമിത വേഗതയാണ് അപകടത്തിന് കാരണമായതെന്നാണ് നാട്ടുകാർ പറയുന്നത്.