കൊച്ചി: തദ്ദേശ തെരഞ്ഞടുപ്പ് പ്രചാരണങ്ങള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇറങ്ങുന്നതുമായി ബന്ധപ്പെട്ട ഫേസ്ബുക്ക് പോസ്റ്റില്‍ പ്രകോപനവും വിവാദനുമായി കമന്റിട്ട സിസ്റ്റര്‍ ടീന ജോസ് വിവാദത്തില്‍. സെല്‍റ്റന്‍ എല്‍ ഡിസൂസ എന്ന വ്യക്തി പോസ്റ്റ് ചെയ്ത കുറിപ്പിലാണ് സിസ്റ്റര്‍ ടീന ജോസ് മുഖ്യമന്ത്രിക്കെതിരെ കൊലവിളി കമന്റ് പോസ്റ്റ് ചെയ്തത്.

'അന്നേരമെങ്കിലും ആരെങ്കിലും ഒരു ബോംബെറിഞ്ഞു തീര്‍ത്തുകളയണം അവനെ. നല്ല മനുഷ്യനായ രാജീല് ഗാന്ധിയെ തീര്‍ത്ത ഈ ലോകത്തിന് അതൊക്കെ പറ്റും'- എന്നായിരുന്നു കമന്റ്. സെല്‍റ്റണ്‍ എല്‍ ഡിസൂസ എന്നയാള്‍ നാളെ മുതല്‍ ക്യാപ്റ്റനും ഇറങ്ങുന്നു എന്ന പോസ്റ്റ് ഫേസ്ബുക്കില്‍ കുറിച്ചത്. പ്രചാരണത്തിന് മുഖ്യമന്ത്രിയും എന്ന ഒരു ടിവി ചാനലിന്റെ സ്‌ക്രീന്‍ ഷോട്ട് പങ്കുവെച്ചായിരുന്നു ഡിസൂസയുടെ കുറിപ്പ്. പിന്നീട് കമന്റ് ഡിലീറ്റ് ചെയ്‌തെങ്കിലും സ്‌ക്രീന്‍ ഷോട്ട് വ്യാപകമായി പ്രചരിച്ചു. ഈ കൊലവിളിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്.

ഫേസ്ബുക്ക് ലോക്ക് ചെയ്ത പ്രൊഫൈലില്‍ നിന്നാണ് ടീന ജോസ് കമന്റ് ചെയ്തിരിക്കുന്നത്. അഡ്വ. മേരി ട്രീസ പി.ജെ എന്നാണ് ഇവര്‍ നല്‍കിയിരിക്കുന്ന പേര്. അഭിഭാഷകയെന്നും എറണാകുളം ലോ കോളജിലാണ് പഠിച്ചതെന്നും കൊച്ചിയിലാണ് താമസം എന്നുമൊക്കെ പ്രൊഫൈല്‍ ഇന്‍ഡ്രോയിലുണ്ട്. ഇവരുടെ ഫേസ്ബുക്ക് പോസ്റ്റഇല്‍ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്.

അതിനിടെ കൊലവിളി ആഹ്വാനം നടത്തിയ സിസ്റ്റര്‍ ടീന ജോസിനെ തള്ളി സി.എം.സി സന്യാസിനി സമൂഹവും രംഗത്തുവന്നു. സന്യാസിനി സമൂഹത്തിലെ മുന്‍ അംഗമായിരുന്നെങ്കിലും ടീന ജോസ് നിലവില്‍ സന്യാസിനി സഭയുടെ ഭാഗമല്ലെന്ന് സന്യാസിനി സമൂഹം വാര്‍ത്ത കുറിപ്പില്‍ അറിയിച്ചു. ടീന ജോസിന്റെ അംഗത്വം സഭയുടെ കനോനിക നടപടി പ്രകാരം 2009 ഏപ്രില്‍ നാലിന് റദ്ദാക്കിയിരുന്നെന്നും നിലവില്‍ അവര്‍ ചെയ്യുന്ന കാര്യങ്ങള്‍ പൂര്‍ണമായും അവരുടെ തീരുമാനത്തിലും ഉത്തരവാദിത്തിലുമാണെന്നും സി.എം.സി സന്യാസിനി സമൂഹം വ്യക്തമാക്കുന്നു.




2009 മുതല്‍ സന്യാസ വസ്ത്രം ധരിക്കുവാന്‍ നിയമപരമായി അനുവാദമോ അവകാശമോ ടീന ജോസിനില്ല. ഇപ്പോള്‍ അവര്‍ നടത്തിയതായി പറയപ്പെടുന്ന പ്രസ്താവനയെ തങ്ങള്‍ അപലപിക്കുന്നുവെന്ന് സന്യാസിനി സമൂഹം വാര്‍ത്ത കുറിപ്പില്‍ അറിയിച്ചു. അതിനിടെ സാമൂഹ്യമാധ്യമം മുഖേന മുഖ്യമന്ത്രി പിണറായി വിജയനെ കൊലപ്പെടുത്താന്‍ ആഹ്വാനം ചെയ്തതിനെതിരെ ഡിജിപിക്ക് പരാതിയും എത്തിയിട്ടുണ്ട്. സുപ്രിംകോടതി അഭിഭാഷകനായ സുഭാഷ് തീക്കാടനാണ് പരാതി നല്‍കിയത്.