ബെംഗളൂരു: കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ. റോയിയുടെ മരണം നേരത്തെ ഉറപ്പിച്ച ഒന്നായിരുന്നുവെന്ന സൂചനകളിലേക്ക് വിരല്‍ ചൂണ്ടുന്ന പുതിയ വിവരങ്ങള്‍ പുറത്ത്. ഒമ്പത് പേജുള്ള അദ്ദേഹത്തിന്റെ ആത്മഹത്യാക്കുറിപ്പ് കുടുംബാംഗങ്ങള്‍ക്ക് ലഭിച്ചതായാണ് സൂചന. ഒരു ഡയറിക്കുള്ളിലെ പേജുകളിലായാണ് റോയ് തന്റെ അവസാന മൊഴി എഴുതിവെച്ചിരിക്കുന്നത്. ഇതോടെ, ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യും മുന്‍പേ ജീവിതം അവസാനിപ്പിക്കാന്‍ അദ്ദേഹം ഉറപ്പിച്ചിരുന്നുവെന്ന് വ്യക്തമാകുന്നു.

ദുബായില്‍ നിന്ന് ബെംഗളൂരുവിലേക്ക് എത്തിയത് തന്നെ എല്ലാം തീരുമാനിച്ചുറപ്പിച്ച ശേഷമാണെന്നാണ് കരുതുന്നത്. ജനുവരി 31-ന് സഹോദരനെ വിളിച്ചതും ഇതിന്റെ ഭാഗമാകാമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. മരണത്തിന് മുന്‍പ് റോയ് ആരെയൊക്കെ വിളിച്ചു എന്നതിനെക്കുറിച്ച് പോലീസ് വിശദമായ പരിശോധന നടത്തിവരികയാണ്.

റോയിയുടെ മരണത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയ പ്രത്യേക അന്വേഷണ സംഘം ആദായനികുതി ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അനുമതിയില്ലാതെ ബെംഗളൂരു വിട്ടുപോകരുതെന്നാണ് എസ്ഐടി നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇവരെ വീണ്ടും ചോദ്യം ചെയ്യാനാണ് പോലീസിന്റെ തീരുമാനം. അതേസമയം, സി.ജെ. റോയിയുടെ വിയോഗം കമ്പനിയുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കില്ലെന്ന് സഹോദരന്‍ സി.ജെ. ബാബു വ്യക്തമാക്കി.

നിലവിലുള്ള എല്ലാ പ്രോജക്റ്റുകളും മുന്‍നിശ്ചയിച്ച പ്രകാരം തന്നെ പൂര്‍ത്തിയാക്കും. റോയിയുടെ മകന്‍ രോഹിത്തും കേരളത്തിലെ ചുമതലയുള്ള ജോസഫും ചേര്‍ന്നാകും ഇനി കോണ്‍ഫിഡന്റ് ഗ്രൂപ്പിനെ നയിക്കുക. റോയിക്ക് യാതൊരുവിധ കടബാധ്യതകളോ സാമ്പത്തിക പ്രശ്‌നങ്ങളോ ഉണ്ടായിരുന്നില്ലെന്നും മരണത്തിലെ ആശങ്കകള്‍ പോലീസിനെ അറിയിച്ചിട്ടുണ്ടെന്നും കുടുംബം പറഞ്ഞു. കര്‍ണാടക പോലീസിന്റെ നിലവിലെ അന്വേഷണത്തില്‍ തൃപ്തരാണെന്നും ബാബു അറിയിച്ചു.

റോയിയുടെ ഡയറിക്കുറിപ്പുകളില്‍ ബിസിനസ് തകര്‍ച്ചയെക്കുറിച്ചുള്ള നിര്‍ണ്ണായക വിവരങ്ങള്‍ ഉണ്ടെന്നാണ് സൂചന. ഒമ്പത് പേജുകളിലായി എഴുതിയിരിക്കുന്ന ഈ കുറിപ്പുകള്‍ കുടുംബാംഗങ്ങള്‍ക്ക് ലഭിച്ചതോടെ മരണത്തിന് പിന്നിലെ കാരണങ്ങളെക്കുറിച്ച് കൂടുതല്‍ വ്യക്തത വരികയാണ്. ബിസിനസ് പരാജയത്തെത്തുടര്‍ന്നുള്ള മാനസിക വിഷമത്തിലായിരുന്നു അദ്ദേഹമെന്നാണ് സൂചന. ഇത്തരമൊരു കടുത്ത തീരുമാനമെടുത്തതില്‍ കുടുംബത്തോട് അദ്ദേഹം മാപ്പപേക്ഷിക്കുന്നുണ്ട്.

എന്നാല്‍ താന്‍ പോയാലും തന്റെ കമ്പനിയെ വിശ്വസിച്ച് പണം നിക്ഷേപിച്ചവരെ ഒരു കാരണവശാലും വഞ്ചിക്കരുതെന്ന് റോയി പ്രത്യേകം നിര്‍ദ്ദേശിക്കുന്നു. കാലങ്ങളായി കമ്പനിക്കൊപ്പം നില്‍ക്കുന്ന നിക്ഷേപകരെ സംരക്ഷിക്കണമെന്നും അത് പുതിയ നേതൃത്വത്തിന്റെ ഉത്തരവാദിത്തമാണെന്നും കുറിപ്പിലുണ്ട്. തനിക്ക് പണം നല്‍കാനുള്ളവരുടെ വിവരങ്ങളും കമ്പനി ഇനി എങ്ങനെ മുന്നോട്ട് കൊണ്ടുപോകണമെന്ന കൃത്യമായ പദ്ധതിയും റോയി എഴുതിവെച്ചിട്ടുണ്ട്.

ജനുവരി 31-ന് സഹോദരനെ വിളിച്ച് സംസാരിക്കുന്നതിന് മുന്‍പ് തന്നെ അദ്ദേഹം മരണം ഉറപ്പിച്ചിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ഡയറിക്കുറിപ്പിലെ വിവരങ്ങള്‍ സാമ്പത്തിക രേഖകളുമായി ഒത്തുനോക്കുന്നതോടെ മരണത്തിലേക്ക് നയിച്ച യഥാര്‍ത്ഥ കാരണങ്ങള്‍ പുറത്തുവരുമെന്നാണ് പ്രതീക്ഷ.