കൊച്ചി: കോഴിക്കോട്ടെ ഡിഎംഒമാരും കസേര കളിയില്‍ വീണ്ടും ട്വിസ്റ്റ്!. കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആയി ഡോ. രാജേന്ദ്രന് തുടരാന്‍ ഹൈക്കോടതിയുടെ അനുമതി. ജനുവരി ഒമ്പത് വരെ തുടരാനാണ് ഹൈക്കോടതി അനുമതി നല്‍കിയിരിക്കുന്നത്. ഒമ്പതിന് ഹരജി വീണ്ടും പരിഗണിക്കും.

കോഴിക്കോട് ഡിഎംഒ ആയിരുന്ന ഡോ. രാജേന്ദ്രനെ ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റില്‍ അഡീഷണല്‍ ഡയറക്ടറായും, എറണാകുളം ഡിഎംഒ ആയിരുന്ന ഡോ. ആശാദേവിയെ കോഴിക്കോട് ഡിഎംഒ ആയി സ്ഥലം മാറ്റിയുമാണ് ആരോഗ്യവകുപ്പ് ഉത്തരവിറക്കിയിരുന്നത്. ഈ ഉത്തരവിനെതിരെ കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്രൂണലിനെ സമീപിച്ചു സ്റ്റേ വാങ്ങിയ ഡോ. രാജേന്ദ്രന്‍ ഡിഎംഒ ആയി തുടര്‍ന്നു.

അവധിയില്‍ പ്രവേശിച്ച ആശാദേവി സ്ഥലംമാറ്റ ഉത്തരവ് സ്റ്റേ ചെയ്ത നടപടി ട്രൈബ്യൂണല്‍ പിന്‍വലിച്ചെന്നറിഞ്ഞ് ഓഫീസിലെത്തിയതോടെയാണ് കസേരകളി തര്‍ക്കത്തിലെത്തിയത്. ജോലിയില്‍നിന്ന് മാറണം എന്ന ഉത്തരവ് കിട്ടിയില്ലെന്നു പറഞ്ഞ് ഡോ. രാജേന്ദ്രന്‍ സ്ഥാനത്ത് തുടര്‍ന്നു. മാറാന്‍ തയ്യാറല്ലെന്ന് ഡോ. രാജേന്ദ്രന്‍ നിലപാട് സ്വീകരിച്ചതോടെ കോഴിക്കോട് ഡിഎംഒ ഓഫീസിലെ കാബിനില്‍ രണ്ട് പേര്‍ ഒന്നിച്ചിരിക്കുന്ന സ്ഥിതിയിലേക്കെത്തി.

ഇതേത്തുടര്‍ന്ന് കോഴിക്കോട് ഡിഎംഒ ആയി ഡോ. ആശാദേവിയെ നിയമിച്ച് ആരോഗ്യവകുപ്പ് പുതിയ ഉത്തരവ് പുറത്തിറക്കുകയും ചെയ്തു. ഈ ഉത്തരവ് ചോദ്യം ചെയ്താണ് ഡോ. രാജേന്ദ്രന്‍ ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതി വിധി വന്നതിന് പിന്നാലെ നിലവിലെ ഡിഎംഒമാരുടെ സ്ഥലംമാറ്റ ഉത്തരവ് സ്റ്റേ ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഉത്തരവ് പുറത്തിറങ്ങുന്നതിന് മുമ്പ് ഉണ്ടായിരുന്നത് പോലെ ഉദ്യോഗസ്ഥര്‍ തുടരാനാണ് സര്‍ക്കാര്‍ നിര്‍ദേശം. ഒരു മാസത്തിനകം ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയ ശേഷം അന്തിമ തീരുമാനമെടുക്കും.

കോഴിക്കോട് ഡി.എം.ഒ ആയ ഡോക്ടര്‍ രാജേന്ദ്രനെ ആരോഗ്യ വകുപ്പ് ഡയറക്ടേററ്റില്‍ അഡീഷണല്‍ ഡയറക്ടറായാണ് ഡിസംബര്‍ ആദ്യം സ്ഥലം മാറ്റിയത്. ഈ മാസം പത്തിന് ഡോക്ടര്‍ ആശാദേവി കോഴിക്കോട് ഡി.എം.ഒയായി ചുമതലയേറ്റു. എന്നാല്‍ രണ്ട് ദിവസത്തിന് ശേഷം കേരളാ അഡ്മിനിസ്‌ട്രേറ്റിവ് ട്രിബ്യൂണലില്‍ നിന്നും സ്ഥലം മാറ്റത്തില്‍ സ്റ്റേ വാങ്ങിയ രാജേന്ദ്രന്‍ ഡി.എം.ഒയായി ചാര്‍ജെടുത്തു. പിന്നീട് അവധിയില്‍ പ്രവേശിച്ച ആശാദേവി സ്ഥലം മാറ്റ ഉത്തരവ് സ്റ്റേ ചെയ്ത നടപടി ട്രിബ്യൂണല്‍ പിന്‍വലിച്ചെന്നറിഞ്ഞാണ് കഴിഞ്ഞ ദിവസം ഉച്ചയോടെ ഓഫീസിലെത്തിയത്.