കൊച്ചി: മലപ്പുറത്തെ സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ 'ദി ഹിന്ദു' ദിനപത്രത്തിലെ അഭിമുഖത്തിലെ പുലിവാല് തീരുന്നില്ല. മുഖ്യമന്ത്രിയുടെ വിശദീകരണം വന്നതിന് ശേഷവും വിവാദം കത്തി നില്‍ക്കുകയാണ്. വിവാദ അഭിമുഖവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവര്‍ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഹരജി എത്തി. മുഖ്യമന്ത്രിയെ കൂടാതെ അഭിമുഖം പ്രസിദ്ധീകരിച്ച പത്രത്തിനും ലേഖികക്കും എതിരെ കേസെടുക്കണമെന്നാണ് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ നല്‍കിയ ഹരജിയില്‍ ആവശ്യപ്പെടുന്നത്. അഭിഭാഷകനായ എം. ബൈജു നോയല്‍ ആണ് പരാതിക്കാരന്‍. പരാതിയില്‍ കോടതി എടുക്കുന്ന നടപടി മുഖ്യമന്ത്രിക്കും നിര്‍ണായകമാകും.

എറണാകുളം സെന്‍ട്രല്‍ പൊലീസിനെയും സിറ്റി പൊലീസ് കമീഷണറെയും സമീപിച്ചിട്ടും പരാതിയില്‍ നടപടി സ്വീകരിക്കാത്ത സാഹചര്യത്തിലാണ് ഹരജിക്കാരന്‍ കോടതിയെ സമീപിച്ചത്. മത വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്താന്‍ പ്രേരിപ്പിക്കുന്നതാണ് അഭിമുഖത്തിലെ പരാമര്‍ശങ്ങളെന്നാണ് ഹരജിക്കാരന്‍ പറയുന്നത്. പത്രത്തില്‍ വന്ന അഭിമുഖത്തിലെ പരാമര്‍ശങ്ങള്‍ വിവിധ മത, ജാതി വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത ഉണ്ടാക്കുന്നതാണെന്നും ഭാരതീയ ന്യായ സംഹിതയിലെ 196, 3(5) വകുപ്പുകള്‍ പ്രകാരം കുറ്റകരമാണെന്നും ഹരജിക്കാരന്‍ ചൂണ്ടിക്കാട്ടുന്നു.

സ്വര്‍ണക്കടത്തിലൂടെ മലപ്പുറത്ത് എത്തുന്ന പണം രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ വിവാദ അഭിമുഖമാണ് 'ദ ഹിന്ദു' ദിനപത്രം കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചത്. എന്നാല്‍, മുഖ്യമന്ത്രിയുടെ അഭിമുഖം സംഘടിപ്പിച്ച കൈസന്‍ എന്ന പി.ആര്‍ ഏജന്‍സിയാണ് പ്രസ്തുത പരാമര്‍ശം ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് തങ്ങളെ സമീപിച്ചതെന്ന് 'ദ ഹിന്ദു' പത്രം വിശദീകരണത്തില്‍ വ്യക്തമാക്കി.

നേരത്തെ 'ദ ഹിന്ദു' പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ എ.ഡി.ജി.പി അജിത്കുമാര്‍ ആര്‍.എസ്.എസ് നേതാക്കളെ രഹസ്യമായി കണ്ടത് സംബന്ധിച്ച ചോദ്യത്തിനാണ് മലപ്പുറത്തിനെതിരായ വിവാദ പരാമര്‍ശം നടത്തിയത്. ''നാളുകളായി യു.ഡി.എഫിനൊപ്പം നിന്ന ന്യൂനപക്ഷം ഇപ്പോള്‍ എല്‍.ഡി.എഫിനെ പിന്തുണക്കുന്നുണ്ട്. അത് യു.ഡി.എഫിന് നഷ്ടമുണ്ടാക്കുമെന്ന് മനസ്സിലാക്കി, ആശയക്കുഴപ്പം ഉണ്ടാക്കുന്നതിനായി ആര്‍.എസ്.എസിനെതിരെ, സി.പി.എം മൃദുസമീപനം സ്വീകരിക്കുന്നെന്ന് വരുത്തിതീര്‍ക്കുകയാണ് ചെയ്യുന്നത്.

അതിന് കൂട്ടുനിന്ന് വര്‍ഗീയ വിഭജനം നടത്താന്‍വേണ്ടി ചില തീവ്രവാദ പ്രസ്ഥാനങ്ങളും പണിയെടുക്കുന്നു. മുസ്‌ലിം തീവ്രവാദ ശക്തികള്‍ക്കെതിരെ ഞങ്ങളുടെ സര്‍ക്കാര്‍ നീങ്ങുമ്പോള്‍ ഞങ്ങള്‍ മുസ്‌ലിംകള്‍ക്ക് എതിരാണ് എന്ന് വരുത്താന്‍ അവര്‍ ശ്രമിക്കുകയാണ്. ഉദാഹരണത്തിന്, കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ, മലപ്പുറം ജില്ലയില്‍നിന്ന് കേരള പൊലീസ് 150 കിലോ സ്വര്‍ണവും 123 കോടിയുടെ ഹവാലപ്പണവും പിടികൂടിയിട്ടുണ്ട്.

ഈ പണമത്രയും കേരളത്തിലേക്ക് വരുന്നത് ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടിയാണ്. ആര്‍.എസ്.എസിനോട് സി.പി.എമ്മിന് മൃദുസമീപനം എന്നത് സ്വര്‍ണവും ഹവാലയും പിടികൂടിയ ഞങ്ങളുടെ സര്‍ക്കാറിനെതിരായ പ്രതികരണം മാത്രമാണ്.'' ഈ പരാമര്‍ശത്തിനെതിരെ പ്രതിപക്ഷം രംഗത്തുവന്നതോടയാണ് സര്‍്ക്കാര്‍ വെട്ടിലായത്.