ഇടുക്കി: ഭവനരഹിതർക്കായി സർക്കാർ പണിത കരിമണ്ണൂരിലെ ലൈഫ് മിഷൻ ഫ്ലാറ്റ് സമുച്ചയ നിർമാണത്തിൽ നടന്നത് വലിയ അഴിമതിയെന്ന ആരോപണം ശക്തമാവുന്നു. സമുച്ചയത്തിലെ സീലിങ് തിങ്കളാഴ്ചയും അടർന്നുവീണു. ഉച്ചകഴിഞ്ഞ് രണ്ടിനായിരുന്നു അപകടം. ഈസമയം ഫ്‌ളാറ്റുകളിൽ ആരും ഇല്ലായിരുന്നതിനാൽ ദുരന്തം ഒഴിവായി. നിർമാണം പൂർത്തിയായി രണ്ട് വർഷം കഴിയുമ്പോൾ തന്നെ സമുച്ചയും തകർച്ചയുടെ വക്കിലാണ്. 36ഓളം കുടുംബങ്ങളാണ് ഫ്‌ളാറ്റിൽ അന്തേയവാസികളായുള്ളത്. പ്രീ ഫാബ്രിക്കേഷൻ മെത്തഡോളജി എന്ന സംവിധാനത്തിലൂടെയാണ് സമുച്ചയം നിർമിച്ചിരിക്കുന്നത്. ഈ രീതിയിലുള്ള നിർമാണം സർക്കാർ സ്വീകരിച്ചത് തന്നെ വലിയ അഴിമതി ലക്ഷ്യമിട്ടാണെന്നാണ് വിമർശനം.

6 കോടി രൂപ മുതൽമുടക്കിലാണ് കരിമണ്ണൂർ ലൈഫ് മിഷൻ ഫ്ലാറ്റ് നിർമിച്ചിരിക്കുന്നത്. എന്നാൽ ഫ്‌ളാറ്റിന്റെ നിർമാണത്തിൽ വലിയ അഴിമതി നടന്നെന്ന ആരോപണവും ശക്തമാകുകയാണ്. കോടികൾ മുടക്കി പണിത കെട്ടിടത്തിന്റെ ചുമരുകൾ അടക്കം ജീപ്സം ബോർഡ് ഉപയോഗിച്ചാണ് നിർമിച്ചിരിക്കുന്നത്. മുകളിൽ വെള്ളം കെട്ടിനിൽക്കുന്നതാണ് സമുച്ചയത്തിന്റെ തകർച്ചയ്ക്ക് കാരണമാകുന്നത്. പാർട്ടീഷൻ വാളായി ഉപയോഗിക്കേണ്ട ജിപ്സം ബോർഡുകൾ കെട്ടിടത്തിന്റെ പ്രധാന ഘടനയിലാണ് ഉപയോഗിച്ചിരിക്കുന്നത്. ജിപ്സം പ്ലാസ്റ്ററും ജിപ്സം ബോർഡും വാട്ടർപ്രൂഫ് അല്ല, അവ വെള്ളം വലിയ തോതിൽ വലിച്ചെടുക്കും. ഉയർന്ന പോറോസിറ്റിയും ജല ആഗിരണം മൂലവും ഈർപ്പമുള്ള സാഹചര്യങ്ങളിൽ ജിപ്സം പ്ലാസ്റ്ററിന് ശക്തി നഷ്ടപ്പെടുമെന്ന് വിദഗ്‌ധർ തന്നെ വ്യക്തമാക്കുന്നു.

നിർമാണത്തിനായി സ്റ്റീൽ കൂടി ഉപയോഗിച്ചിരിക്കുന്നതിനാൽ കെട്ടിടം പൂർണമായും തകർന്നു വീഴില്ലെങ്കിലും ജനവാസത്തിന് ഉതകുന്ന രീതിയിലല്ല കെട്ടിടത്തിന്റെ നിർമാണമെന്നാണ് വിദഗ്ധർ പറയുന്നത്. മുകളിൽ നിന്നുള്ള വെള്ളം ചുമരുകളിലേക്കിറങ്ങിയതോടെയാണ് സീലിങ് അടർന്ന് വീണു തുടങ്ങിയത്. ഫ്‌ളാറ്റിൽ ലിഫ്റ്റ് സംവിധാനമില്ല. അടിയന്തര സാഹചര്യങ്ങൾ ഉണ്ടായാൽ ആംബുലൻസോ, ഫയർ സർവീസോ അടക്കമുള്ളവ എത്തുന്നതിനായുള്ള റോഡ് പോലും ഇല്ലെന്നതാണ് വാസ്തവം.

കരിമണ്ണൂരിലെ ലൈഫ് മിഷൻ ഫ്ലാറ്റ് സമുച്ചയത്തിൽ ചോർച്ചയുണ്ടെന്ന വാർത്തകൾ കുറച്ച് ദിവസങ്ങൾക്ക് മുന്നേ പുറത്ത് വന്നിരുന്നു. മുകൾനിലയിലെ രണ്ട് ഫ്ലാറ്റിലും പടിക്കെട്ടിന്റെ ഭാഗത്തുമായിരുന്നു ചോർച്ച. പണി പൂർത്തിയായി രണ്ട് വർഷം മാത്രമായ ഫ്ലാറ്റ് ചോരുന്നത് വലിയ വിമർശനത്തിനാണ് വഴിവെച്ചിരിക്കുന്നു. ഇതിനിടെയാണ് ഫ്ലാറ്റ് സമുച്ചയത്തിന്റെ സീലിങ് തിങ്കളാഴ്ചയും അടർന്നുവീണത്. ചോർച്ചയുള്ള ഫ്ലാറ്റുകളിലൊന്നിൽ താമസക്കാരില്ല. രണ്ടാമത്തെ ഫ്ലാറ്റിലുണ്ടായിരുന്ന കുടുംബത്തെ ചോർച്ചയില്ലാത്ത മറ്റൊരു ഫ്ലാറ്റിലേക്ക് മാറ്റിയിരുന്നു. ഫ്ളാറ്റിന്റെ ഉദ്ഘാടനം 2023 ഏപ്രിലിലാണ് നടന്നത്.

44 ഫ്ലാറ്റാണ് സമുച്ചയത്തിലുള്ളത്. രണ്ടുമുറിയും അടുക്കളയും ഹാളും വർക്ക് ഏരിയയും ശൗചാലയങ്ങളുമുള്ള ഒരു ഫ്ലാറ്റിന് 18 ലക്ഷം രൂപയാണ് ചെലവ്. അഞ്ചുവർഷംവരെ അറ്റകുറ്റപ്പണികൾ കരാറുകാരൻതന്നെ നടത്തണമെന്നാണ് ഉടമ്പടിയിലുള്ളത്. താത്കാലികാശ്വാസത്തിന് എന്തെങ്കിലും ചെയ്യുന്നതല്ലാതെ ചോർച്ചയ്ക്ക് ശാശ്വത പരിഹാരമുണ്ടാക്കുന്നില്ലെന്നാണ് ഫ്ലാറ്റിൽ താമസിക്കുന്നവർ പറയുന്നത്. ഫ്ലാറ്റിലേക്കുള്ള റോഡ് പൂർണമായും നന്നാക്കിയിട്ടില്ല. പ്രധാന റോഡിൽനിന്ന് രണ്ടുകിലോമീറ്റർ ഉള്ളിലാണ് ഫ്ലാറ്റ് സമുച്ചയം. റോഡിന്റെ കുറച്ചുഭാഗം കോൺക്രീറ്റ് ചെയ്തിട്ടുണ്ട്. ബാക്കി പൊട്ടിപ്പൊളിഞ്ഞുകിടക്കുകയാണ്. ഫ്ലാറ്റ് നിർമാണത്തിലെ അപാകവും അഴിമതിയും അന്വേഷിക്കണമെന്ന ആവശ്യം ശക്തമാവുകയാണ്.