- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
കെ എം ദിനകരനും ചില സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളും വിട്ടുനിന്നു; വിവാദങ്ങള്‍ക്കിടെ അന്തിമോപചാരം അര്‍പ്പിക്കാനെത്തി ബിനോയ് വിശ്വവും മന്ത്രിമാരും; സിപിഐ നേതാവ് പി രാജുവിന് വിടനല്‍കി ജന്മനാട്; മൃതദേഹം സംസ്കരിച്ചു
സിപിഐ നേതാവ് പി രാജുവിന് വിടനല്‍കി ജന്മനാട്; മൃതദേഹം സംസ്കരിച്ചു
കൊച്ചി: എറണാകുളത്തെ സിപിഐയെ നയിച്ച പി രാജുവിന് ജന്മനാട് വിടനല്‍കി. കെടാമംഗലത്തെ വീട്ടിലായിരുന്നു സംസ്‌കാര ചടങ്ങുകള്‍ നടന്നത്. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, മന്ത്രിമാരായ കെ രാജന്‍, ജി ആര്‍ അനില്‍ എന്നിവര്‍ വീട്ടിലെത്തി അന്തിമോപചാരമര്‍പ്പിച്ചു. എന്നാല്‍ സിപിഐ ജില്ലാ സെക്രട്ടറി കെ എം ദിനകരന്‍ പി രാജുവിന്റെ വീട്ടിലെത്തിയില്ല. ചില സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളും വിട്ടുനിന്നു. പി രാജുവിന്റെ കുടുംബത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്നായിരുന്നു തീരുമാനം.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ വിവാദങ്ങള്‍ ഇല്ല. വിവാദങ്ങള്‍ക്ക് ശ്രമിക്കുന്നവര്‍ക്ക് രാജുവിനോടും പാര്‍ട്ടിയോടും ഉള്ള ബന്ധം എന്തെന്ന് ആലോചിക്കണമെന്നായിരുന്നു ബിനോയ് വിശ്വത്തിന്റെ പ്രതികരണം. സാമ്പത്തിക ക്രമക്കേടിനെ തുടര്‍ന്ന് പി രാജുവിനെ ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയ നടപടി ജില്ലാ നേതൃത്വം പുനഃ പരിശോധക്കാത്തതില്‍ ആയിരുന്നു കുടുംബത്തിന്റെ അതൃപ്തി. ഇതില്‍ പ്രതിഷേധിച്ചാണ് മൃതദേഹം പാര്‍ട്ടി ഓഫീസില്‍ പൊതുദര്‍ശനത്തിന് വെയ്ക്കേണ്ടെന്ന തീരുമാനമെടുത്തത്. പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ ആശുപത്രിയില്‍ എത്തി അന്തിമോപചാരമര്‍പ്പിച്ചു.
രാജുവിന്റെ മൃതദേഹം പാര്‍ട്ടി ഓഫിസില്‍ പൊതുദര്‍ശനത്തിനു വയ്ക്കേണ്ടതില്ലെന്ന് കുടുംബം തീരുമാനിച്ചിരുന്നു. പകരം പറവൂര്‍ മുന്‍സിപ്പല്‍ ടൗണ്‍ഹാളിലായിരുന്നു പൊതുദര്‍ശനം. രാജുവിനെ ദ്രോഹിച്ചവര്‍ സംസ്‌കാരത്തിനു വരേണ്ടതില്ലെന്നാണ് കുടുംബം പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്. അതിനൊപ്പമാണ് പാര്‍ട്ടി ഓഫിസില്‍ പൊതുദര്‍ശനം വേണ്ട എന്ന തീരുമാനവും. സിപിഐ പറവൂര്‍ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം കൂടിയായ ഭാര്യ പറവൂര്‍ സഹകരണ ബാങ്ക് റിട്ട. അസി. സെക്രട്ടറി ലതികയും അധ്യാപികയായ മകള്‍ സിന്ധുവും ഇക്കാര്യം പാര്‍ട്ടി നേതൃത്വത്തെ അറിയിക്കുകയായിരുന്നു എന്നാണ് വിവരം.
അതിനിടെ, ഇല്ലാത്ത ചില പ്രശ്‌നങ്ങളുടെ പേരില്‍ രാജുവിനെ വ്യക്തിഹത്യ നടത്തുകയും ദീര്‍ഘകാലത്തെ പ്രവര്‍ത്തനത്തിലൂടെ നേടിയ സല്‍പ്പേര് കളങ്കപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തത് സഖാവിന് ഏറ്റ വലിയ ആഘാതമായിരുന്നു എന്നാരോപിച്ച് മുതിര്‍ന്ന സിപിഐ നേതാവ് കെ.ഇ. ഇസ്മയിലും രംഗത്തെത്തി. മരണം സംബന്ധിച്ച വിവാദങ്ങള്‍ക്കിടെയാണ് ബിനോയ് വിശ്വം രാജുവിന്റെ വീട്ടിലെത്തിയത്.
അതേ സമയം പി രാജുവിന്റെ മരണത്തില്‍ ചിലര്‍ ബോധപൂര്‍വം വിവാദമുണ്ടാക്കാന്‍ ശ്രമിച്ചെന്ന് സിപിഐ ജില്ലാ കൗണ്‍സില്‍ വിമര്‍ശിച്ചു. രാജുവിന്റെ കുടുംബത്തെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചു. പാര്‍ട്ടിയില്‍ ഭിന്നതയുണ്ടാക്കാനുള്ള ശ്രമമാണ്. കണ്‍ട്രോള്‍ കമ്മീഷന്‍ പി രാജുവിന് എതിരായ റിപ്പോര്‍ട്ട് റദ്ദാക്കിയിട്ടില്ല. വിഷയം ചര്‍ച്ച ചെയ്യുമെന്നും സിപിഐ ജില്ലാ കൗണ്‍സില്‍ വ്യക്തമാക്കി.