പാലക്കാട്: സിപിഐയുടെ പാലക്കാട്ടെ വിമത വിഭാഗമായ സേവ് സിപിഐ ഫോറത്തെ പിന്തുണച്ച മുതിര്‍ന്ന നേതാവ് കെ.ഇ.ഇസ്മായിലിനെതിരെ നടപടി വന്നേക്കും. ഫോറത്തെ അനുകൂലിക്കുന്ന രീതിയിലുള്ള ഇസ്മായിലിന്റെ പ്രസ്താവനയാണ് വിവാദമായത്.

മുന്‍ ദേശീയകൗണ്‍സില്‍ അംഗവും പാലക്കാട് ജില്ലാ കൗണ്‍സിലില്‍ പ്രത്യേക ക്ഷണിതാവുമായ ഇസ്മായിലിനെതിരേ ശക്തമായ നടപടി വേണമെന്ന് ശനിയാഴ്ചത്തെ ജില്ലാകൗണ്‍സില്‍ യോഗത്തില്‍ ആവശ്യം ഉയര്‍ന്നു. സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പി.പി. സുനീറിന്റെ സാന്നിധ്യത്തിലായിരുന്നു യോഗം.

സേവ് സിപിഐ ഫോറം പലകാര്യങ്ങളിലും എടുക്കുന്ന നിലപാട് ശരിയാണെന്ന് ഇസ്മായില്‍ അഭിപ്രായപ്പെട്ടിരുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടി ചിലരുടെ താല്‍പര്യത്തിനു വേണ്ടിയാണോയെന്നും അവര്‍ ഉന്നയിക്കുന്ന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യണ്ടേയെന്നും ഇസ്മായില്‍ ചോദിച്ചിരുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്നു കൊണ്ട് അതിനെ സംരക്ഷിക്കാന്‍ വേണ്ടിയുള്ള ശ്രമങ്ങളാണ് ഫോറം നടത്തുന്നതെന്ന ഇസ്മായിലിന്റെ അഭിപ്രായം സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം തള്ളി കളഞ്ഞിരുന്നു. ഫോറത്തിന്റേതു വിഭാഗീയ പ്രവര്‍ത്തനമാണെന്നാണു നേതൃത്വത്തിന്റെ കാഴ്ചപ്പാട്. സമാന്തര പ്രവര്‍ത്തനം കമ്യൂണിസ്റ്റ് രീതിയല്ലെന്നും പാര്‍ട്ടി വിരുദ്ധമാണെന്നും ബിനോയ് പ്രതികരിച്ചിിരുന്നു. ഇക്കാര്യം ഇസ്മായിലിനും അറിയാമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

നിലവില്‍ ഇസ്മയില്‍ പ്രവര്‍ത്തിക്കുന്ന ഘടകം ജില്ലാകൗണ്‍സില്‍ ആയതിനാല്‍ ഇവിടെ നിന്നുതന്നെ കര്‍ശന നടപടി വേണമെന്നും സ്ഥാനങ്ങളില്‍ നിന്നുള്‍പ്പെടെ നീക്കംചെയ്യണമെന്നുമുള്ള ആവശ്യമാണ് കൗണ്‍സില്‍ യോഗത്തില്‍ ഉയര്‍ന്നത്. വിമതപക്ഷത്തെ ഒളിഞ്ഞും തെളിഞ്ഞും സഹായിക്കുന്ന നിലപാടാണ് മുതിര്‍ന്ന നേതാവായ ഇസ്മയില്‍ സ്വീകരിക്കുന്നതെന്ന ആരോപണവും ഉയര്‍ന്നു. എന്നാല്‍, മുതിര്‍ന്ന നേതാവിനെതിരേ ജില്ലാതലത്തില്‍ നടപടി സ്വീകരിക്കുന്നത് ശരിയല്ലെന്നും നടപടി സംസ്ഥാനനേതൃത്വത്തിന്റെ പരിഗണനയ്ക്ക് വിടാമെന്നുമുള്ള നിലപാടായിരുന്നു ജില്ലാ സെക്രട്ടറി കെ.പി. സുരേഷ്രാജ് സ്വീകരിച്ചതെന്നാണ് സൂചന. തുടര്‍ന്ന്, തീരുമാനം സംസ്ഥാനനേതൃത്വത്തിന് വിട്ടു. ആറ്, ഏഴ് തീയതികളില്‍ സംസ്ഥാന എക്‌സിക്യുട്ടീവ് യോഗം നടക്കുന്നുണ്ട്. സംഘടനാകാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് എക്‌സിക്യുട്ടീവ് യോഗം വിളിച്ചിട്ടുള്ളത്. ജില്ലാ കൗണ്‍സിലില്‍ ഉയര്‍ന്ന വികാരം സംസ്ഥാനനേതൃത്വം അംഗീകരിച്ചാല്‍ കെ.ഇ. ഇസ്മയിലിനെതിരേ നടപടി വന്നേക്കും.

കഴിഞ്ഞ സമ്മേളനകാലത്ത് ജില്ലയില്‍ ഉണ്ടായ വിഭാഗീയ പ്രശ്‌നങ്ങളാണ് പാലക്കാട്ടെ സിപിഐയെ പിന്തുടരുന്നത്. അക്കാര്യങ്ങള്‍ അന്വേഷിച്ച പാര്‍ട്ടി കമ്മീഷന്റെ ശുപാര്‍ശകള്‍ ഏകപക്ഷീയമാണെന്ന് ആരോപിച്ച് വിമതര്‍ സേവ് സിപിഐ ഫോറം രൂപീകരിച്ചു. ഈ നീക്കങ്ങള്‍ക്ക് ഇസ്മായിലിന്റെ പിന്തുണ ഉണ്ടെന്ന സൂചന ശക്തമായിരുന്നു. പരസ്യമായ പിന്തുണ പ്രഖ്യാപിച്ചതോടെ നേതൃത്വം അദ്ദേഹത്തിനെതിരെ തിരിയുകയായിരുന്നു.