പത്തനംതിട്ട: കോട്ടയത്ത് ഒളികാമറയില്‍ കുടുങ്ങിയ സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറിയുടെ ചുമതലയുള്ള സംസ്ഥാന എക്സിക്യുട്ടീവ് അംഗം സി.കെ. ശശിധരനെ ചുമതലകളില്‍ നിന്ന് നീക്കണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു. സ്വാതന്ത്ര്യദിനത്തില്‍ ചേര്‍ന്ന ജില്ലാ എക്സിക്യൂട്ടീവ് യോഗത്തില്‍ ശശിധരന്‍ ജില്ലാ സെക്രട്ടറിയുടെ ചുമതല ഒഴിയണമെന്ന് ആവശ്യം ഉയര്‍ന്നു. ജില്ലാ എക്സിക്യുട്ടീവ് അംഗം കുറുമ്പകര രാമകൃഷ്ണന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സംസ്ഥാന നേതാക്കള്‍ ആരും തന്നെ പങ്കെടുത്തിരുന്നില്ല.

സി.കെ. ശശിധരന്റെ പേരില്‍ ആരോപിക്കുന്ന കുറ്റം ഗൗരവറേിയതാണ്. അത് കണക്കിലെടുത്ത് ആദ്യം തന്നെ അദ്ദേഹത്തെ കോട്ടയത്തിന്റെ സംഘടനാ ചുമതലയില്‍ നിന്നും ഒഴിവാക്കിയിരുന്നു. കഴിഞ്ഞ 13 ന് തിരുവനന്തപുരത്ത് ചേര്‍ന്ന സംസ്ഥാന എക്സിക്യുട്ടീവ് യോഗം ശശിധരനെതിരെയുള്ള പരാതി അന്വേഷിക്കാന്‍ അംഗങ്ങളായ കെ.പി. രാജേന്ദ്രന്‍, കമല സദാനന്ദന്‍ എന്നിവരടങ്ങുന്ന രണ്ടംഗം കമ്മിഷനെ ചുമതലപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തില്‍ ജില്ലാ സെക്രട്ടറിയുടെ ചുമതല വഹിക്കാന്‍ ഇദ്ദേഹത്തിന് ധാര്‍മ്മിക അവകാശം ഇല്ലെന്ന് പത്തനംതിട്ട ജില്ലാ എക്സിക്യുട്ടീവ് വിലയിരുത്തി.

ശശിധരനെതിരെ കടുത്ത ഭാഷയില്‍ എക്സിക്യുട്ടീവില്‍ വിമര്‍ശനമുയര്‍ന്നു. പുതിയ സംഭവ വികാസത്തോടെ ഭൂരിഭാഗം എക്സിക്യുട്ടീവ് അംഗങ്ങളും പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ട് നില്‍ക്കാനാണ് സാദ്ധ്യത. പത്തനംതിട്ട ജില്ലയിലെ വിഭാഗീയതയുടെ ഭാഗമായി മുതിര്‍ന്ന നേതാക്കളെ അപകീര്‍ത്തിപ്പെടുത്തി പുറത്താക്കാനുള്ള ഒരു വലിയ പദ്ധതി സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെ നടപ്പിലാക്കുകയാണെന്നും ഈ നിലപാട് ബന്ധപ്പെട്ടവര്‍ തിരുത്തണമെന്നും ജില്ലാ എക്സിക്യുട്ടീവില്‍ വിമര്‍ശനമുയര്‍ന്നു. കോട്ടയത്തെ ഒളികാമറ വിവാദം മാസങ്ങളായി സംസ്ഥാന നേതൃത്വത്തിന് മുന്നിലുണ്ട്. ഇനിയും നടപടി വൈകിയാല്‍ കാമറ ദൃശ്യങ്ങള്‍ പുറത്തു വിടുമെന്ന് ഒരു വിഭാഗം ഭിഷണി മുഴക്കിയതോടെയാണ് രണ്ടംഗ കമ്മിഷനെ അന്വേഷണത്തിന് നിയോഗിച്ചത്. കടുത്ത കാനം പക്ഷക്കാരനാണ് ആരോപണം നേരിടുന്ന ശശിധരന്‍.

പാര്‍ട്ടി ഓഫീസില്‍ വച്ച് സംഘടന സദാചാരത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങള്‍ ഓഫീസില്‍ മറ്റൊരാളാണ് കാമറയില്‍ പകര്‍ത്തിയത്. പാര്‍ട്ടി വലിയ നാണക്കേടുണ്ടാക്കുമെന്നതിനാല്‍ വിവരം പുറത്തു വരാതിരിക്കാനാണ് സംസ്ഥാന നേതൃത്വം ശ്രമിച്ചത്.

സ്ഥലം മാറ്റത്തിന് കോഴ വാങ്ങി എന്ന സി.പി.ഐ ലോക്കല്‍ സെക്രട്ടറിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പത്തനംതിട്ട ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി സെക്രട്ടറി ഗോപിനാഥിനെതിരേ പാര്‍ട്ടി തല അന്വേഷണത്തിന് സംസ്ഥാന എക്സിക്യൂട്ടീവ് നിര്‍ദേശം നല്‍കിയിരുന്നു. കെ.ആര്‍. ചന്ദ്രമോഹനാണ് അന്വേഷണ ചുമതല. ഏകാംഗ കമ്മിഷന്‍ പരാതി പരിശോധിച്ച് കഴമ്പുണ്ടെന്ന് കണ്ടാല്‍ വിശദമായ അന്വേഷണം നടത്തും.