മണ്ണാര്‍ക്കാട്: തദ്ദേശ തിരഞ്ഞെടുപ്പില്‍ പലവിധത്തിലുള്ള വിചിത്ര വാര്‍ത്തകള്‍ വരാറുണ്ട്. ഒരു വീട്ടില്‍ നിന്നും തന്നെ വ്യത്യസ്ഥ സ്ഥാനാര്‍ഥികളായി മത്സരിക്കുന്നവര്‍ നിരവധി ഉണ്ടാകും. സഹോദരങ്ങള്‍ നേര്‍ക്കുനേര്‍ മത്സരിച്ച സംഭവങ്ങള്‍ അടക്കം ഉണ്ടായിട്ടുണ്ട്. എന്നാല്‍, ഇപ്പോഴത്തെ ന്യൂജെന്‍ സ്ഥാനാര്‍ഥികള്‍ പാര്‍ട്ടികള്‍ക്ക് തലവേദന ഉണ്ടാക്കുന്ന സംഭവങ്ങളാണ് പുറത്തുവരുന്നത്. മണ്ണാര്‍ക്കാട് നഗരസഭയില്‍ തോറ്റ എല്‍ഡിഎഫ് സ്ഥാനാര്‍ഥി നേരെ ബിജെപി സ്ഥാനാര്‍ഥിയുടെ വിജയാഹ്ലാദത്തിന് പോയ നടപടിയാണ് സിപിഎമ്മിനെ വെട്ടിലാക്കിയത്.

ബിജെപി സ്ഥാനാര്‍ഥിയുടെ വിജയാഘോഷത്തിനൊപ്പം ഡാന്‍സ് കളിക്കുന്ന വീഡിയോ പുറത്തുവന്നു. നഗരസഭാ വാര്‍ഡ് 24ല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി ചുറ്റിക അരിവാള്‍ നക്ഷത്രം അടയാളത്തില്‍ മത്സരിച്ച അഞ്ജു സന്ദീപ് ആണ് ബിജെപിയുടെ പ്രകടനത്തിന് പോയത്. കാരാക്കുറിശ്ശി പഞ്ചായത്തില്‍ ആറാം വാര്‍ഡില്‍ വിജയിച്ച ബിജെപി സ്ഥാനാര്‍ഥി സ്നേഹ രാമകൃഷ്ണന്റെ വിജയാഘോഷ റാലിയിലാണ് പങ്കെടുത്തത്.

റാലിയില്‍ പങ്കെടുത്ത അഞ്ജു ചുവടുവയ്ക്കുന്നതിന്റെ വീഡിയോയും പുറത്ത് വന്നു. ഇത് അതിവേഗത്തില്‍ വൈറലായി. ഇതോടെയാണ് പാര്‍ട്ടി വെട്ടിലായത്. 30 വാര്‍ഡുള്ള നഗരസഭയില്‍ എട്ട് ഇടത്ത് മാത്രമാണ് സിപിഎം പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കുന്നത്. അതില്‍ ഒരു വാര്‍ഡാണ് നമ്പിയംപടി. യുഡിഎഫിന്റെ ഷീജ രമേശാണ് നഗരസഭയില്‍ നമ്പിയംപടിയില്‍ വിജയിച്ചത്.

അതേസമയം മത്സരിച്ച് ജയിച്ച സ്നേഹ തന്റെ അടുത്ത സുഹൃത്ത് ആണെന്നും അതിനാലാണ് താന്‍ പോയതെന്നുമാണ് അഞ്ജു പ്രദീപിന്റെ വാദം. താന്‍ ഇപ്പോഴും സിപിഎമ്മാണെന്നും ബിജെപിയില്‍ ചേര്‍ന്നിട്ടില്ലെന്നും അഞ്ജു പറയുന്നു. എന്തായാലും അഞ്ജുവിന്റെ പെരുമാറ്റം സിപിഎമ്മിന് വലിയ തലവേദയാണ് ഉണ്ടാക്കിയത്. ഇവര്‍ക്കെതിരെ പാര്‍ട്ടി നടപടി എടുക്കേക്കുമെന്നാണ് സൂചകള്‍.