മലപ്പുറം: സ്ത്രീകള്‍ക്കെതിരെ അശ്ലീല പ്രസംഗവുമായി സിപിഎം നേതാവ്. മലപ്പറം തെന്നല സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും കൊടക്കല്‍ വാര്‍ഡില്‍നിന്ന് പഞ്ചായത്തംഗമായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്ത സയ്യിദ് അലി മജീദാണ് സ്ത്രീകളെ അധിക്ഷേപിക്കുന്ന പ്രസംഗം നടത്തിയത്. സയ്യിദ് അലി മജീദിനെ തോല്‍പിക്കാന്‍ വേണ്ടി കെട്ടിക്കൊണ്ടുവന്ന പെണ്ണുങ്ങളെ മറ്റുള്ളവരുടെ മുന്നില്‍ കാഴ്ചവെച്ചു എന്നടക്കമാണ് ഇയാള്‍ സ്വീകരണയോഗത്തില്‍ പ്രസംഗിച്ചത്. വനിതാ ലീഗുകാര്‍ പ്രചരണ രംഗത്ത് ഇറങ്ങിയതാണ് മജീദിനെ ചൊടിപ്പിച്ചത്.

'വനിതാ ലീഗിനെ പറയാന്‍ പാടില്ല, ജമീലത്താത്ത മാസ്‌ക് വെച്ച് ഇറങ്ങിക്കഴിഞ്ഞാല്‍ ജമീലത്താത്താനെ മാത്രമല്ല, പാണക്കാട്ടെ തങ്ങന്‍മാരെ വരെ പറഞ്ഞിട്ടുണ്ട്. ഇനിയും പറയും. അത് കേള്‍ക്കാന്‍ ആണത്തവും ഉളുപ്പും ഉള്ളവന്‍ മാത്രം ഈ പരിപാടിക്കിറങ്ങിയാല്‍ മതി. അല്ലെങ്കില്‍ വീട്ടുമ്മയായി കഴിഞ്ഞാല്‍ മതി. അന്യ ആണുങ്ങളുടെ മുന്നില്‍ പോയി നിസ്സാരമായ ഒരു വോട്ടിനുവേണ്ടി, സെയ്തലവി മജീദിനെ തോല്‍പിക്കാന്‍ വേണ്ടി, കെട്ടിക്കൊണ്ടുവന്ന പെണ്ണുങ്ങളെ മറ്റുള്ളവരുടെ മുന്നില്‍ കാഴ്ചവെക്കാനല്ല എന്ന് ഇവര്‍ മനസ്സിലാക്കണം. ഞങ്ങളൊക്കെ മക്കളെ കൊണ്ട് കല്യാണം കഴിപ്പിച്ചിട്ടുണ്ട്. ഞങ്ങള്‍ക്കൊക്കെ പ്രായപൂര്‍ത്തിയായ മക്കള്‍ വീട്ടിലുണ്ട്. അതൊക്കെ ഞങ്ങളുടെ മക്കളുടെ കൂടെ അന്തിയുറങ്ങാനും ഭര്‍ത്താക്കന്‍മാരുടെ കൂടെ അന്തിയുറങ്ങാനുമാണ്' -എന്നിങ്ങനെയാണ് പ്രസംഗം.

പാര്‍ട്ടി ചുമതല താല്‍ക്കാലികമായി മറ്റൊരാള്‍ക്ക് കൈമാറിയാണ് സയ്യിദ് അലി തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇറങ്ങിയത്. ഈ വാര്‍ഡില്‍ 20 ഓളം വനിതാലീഗ് പ്രവര്‍ത്തകരുടെ കൂട്ടായ്മ വോട്ട് തേടി രംഗത്തിറങ്ങിയിരുന്നു. ഇതാണ് സി.പി.എം നേതാവിനെ പ്രകോപിപ്പിച്ചത്. അന്യപുരുഷന്‍മാര്‍ക്ക് മുന്നില്‍ സ്ത്രീകളെ ഇറക്കി വോട്ടുതേടിയതിനെയാണ് താന്‍ വിമര്‍ശിച്ചത് എന്നാണ് സയ്യിദ് അലിയുടെ ന്യായീകരണം.

താന്‍ ഈ പറഞ്ഞതിനെതിരെ കേസ് വേണമെങ്കില്‍ കൊടുത്തോളുവെന്നും നേരിടാന്‍ അറിയാമെന്നും സെയ്തലവി മജീദ് വെല്ലുവിളിച്ചു. പഞ്ചായത്ത് അംഗമായി തെരെഞ്ഞെടുത്തതിന്റെ സ്വീകരണത്തിലാണ് വിവാദ പ്രസംഗം. സിപിഎം ലോക്കല്‍ സെക്രട്ടറിയായിരുന്ന സെയ്തലവി മജീദ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനായി പാര്‍ട്ടി ചുമതല മറ്റൊരാള്‍ക്ക് താല്‍ക്കാലികമായി കൈമാറിയിരുന്നു.

സെയ്തലവിയുടെ അധിക്ഷേപ പ്രസംഗത്തിന് അവിടെയുണ്ടായിരുന്നവര്‍ കയ്യടിച്ചുകൊണ്ടാണ് സ്വീകരിക്കുന്നത്. അധിക്ഷേപ പ്രസംഗത്തിനെതിരെ പരാതി നല്‍കാനാണ് മുസ്ലീം ലീഗിന്റെ തീരുമാനം. ഇതിനെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് മുസ്‌ലിം ലീഗ് നേതൃത്വം അറിയിച്ചു.