കണ്ണൂര്‍: കണ്ണൂര്‍ കാങ്കോല്‍ ഏറ്റുകുടുക്കയില്‍ ബിഎല്‍ഒ അനീഷ് ജോര്‍ജ് ജീവനൊടുക്കിയത് സിപിഎം ഭീഷണിയെ തുടര്‍ന്നാണെന്ന ആരോപണത്തിന് പിന്നാലെ ശബ്ദ സംഭാഷണങ്ങള്‍ പുറത്തുവിട്ട് കോണ്‍ഗ്രസ്. കോണ്‍ഗ്രസിന്റെ ബൂത്ത് ലെവല്‍ ഏജന്റ് വൈശാഖും അനീഷ് ജോര്‍ജും തമ്മിലുള്ള ശബ്ദസംഭാഷണമാണ് കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ് വാര്‍ത്താസമ്മേളനത്തില്‍ പുറത്തുവിട്ടത്. തനിക്ക് സമ്മര്‍ദമുണ്ടെന്ന് ഈ സംഭാഷണത്തില്‍ അനീഷ് ജോര്‍ജ് സഹ ബിഎല്‍ഒ വൈശാഖിനോട് പറയുന്നുണ്ട്.

രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ബൂത്ത് ലെവല്‍ ഏജന്റുമാര്‍ക്ക് പകരം സിപിഎം ബ്രാഞ്ച് ബ്രാഞ്ച് സെക്രട്ടറിയാണ് ഫോം വിതരണത്തിനായി അനീഷിനൊപ്പം പോയതെന്ന് ഡിസിസി പ്രസിഡന്റ് ആരോപിച്ചു. സിപിഎം അതിപ്രസരം ഉള്ള പഞ്ചായത്ത് ആണത്. അവിടെ ഒരു പഞ്ചായത്ത് മെമ്പര്‍ പോലും കോണ്‍ഗ്രസിനില്ല. അവിടെ സിപിഎം ബിഎല്‍ഒ മാരെ നിയന്ത്രിച്ച് കള്ളവോട്ട് ചെയ്യാറുണ്ട്. അതിന് സാഹചര്യം ഒരുക്കാന്‍ ബിഎല്‍ഒ അനീഷ് ജോര്‍ജിനെ അവര്‍ ഭീഷണിപ്പെടുത്തി സമ്മര്‍ദം നല്‍കുകയായിരുന്നു. സിപിഎം ബ്രാഞ്ച് സെക്രട്ടറി ചന്ദ്രന്‍ അനീഷിന് ഒപ്പം വീടുകളില്‍ ഫോം നല്‍കാന്‍ പോയിരുന്നു. രണ്ടാം ദിവസം ഡിവൈഎഫ്‌ഐ നേതാവ് പ്രജോദ് ഒപ്പം പോയി മാര്‍ട്ടിന്‍ ജോര്‍ജ് പറഞ്ഞു.

ജോലി ഭാരമല്ല അനീഷ് ജോര്‍ജിന്റെ ആത്മഹത്യയ്ക്ക് പിന്നില്‍ ' അദ്ദേഹത്തെ സിപിഎം പ്രാദേശികനേതൃത്വം ഭീഷണിപ്പെടുത്തിയത് കാരണമാണ് ആത്മഹത്യ ചെയതത്്. സിപിഎം ബി എല്‍ എ റഫീഖാണ് അനീഷിനെ ഭീഷണിപ്പെടുത്തിയത്. ഇതു കാരണം എസ്.ഐ. ആര്‍ ഫോറം വിതരണത്തിന് കോണ്‍ഗ്രസ് ബിഎല്‍എയായ വൈശാഖ് വരേണ്ടെന്ന് അനീഷ് ജോര്‍ജ് ഫോണില്‍ വിളിച്ചു പറഞ്ഞു. വന്നാല്‍ സി.പി.എം പ്രവര്‍ത്തകര്‍ തടയുമെന്നും അനീഷ്. ബിഎല്‍എ യെ പ്രവര്‍ത്തിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ പരാതി നല്‍കുമെന്ന് വൈശാഖ് മറുപടി പറഞ്ഞു. സി.പി.എം ബി.എല്‍.എ റഫീഖിനെതിരെ ആത്മഹത്യാ പ്രേരണാ കുറ്റത്തിന് കേസെടുക്കണമെന്ന് മാര്‍ട്ടിന്‍ ആവശ്യപ്പെട്ടു.

നേരത്തെ അനീഷ് ജോര്‍ജ്ജിന്റെ ആത്മഹത്യ വേദനാജനകമാണെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫും പ്രതികരിച്ചിരുന്നു. സംഭവത്തില്‍ സിപിഎമ്മിനെതിരെ ഗുരുതര ആരോപണമാണ് സണ്ണി ജോസഫ് ഉന്നയിച്ചത്. 'കോണ്‍ഗ്രസ് ബൂത്ത് ഏജന്റിനെ കൂടെ കൂട്ടിയതിന് സിപിഐഎം ബിഎല്‍ഒയെ ഭീഷണിപ്പെടുത്തി. കള്ളപരാതി നല്‍കി ജോലി കളയുമെന്ന് ഭീഷണിപ്പെടുത്തി. ഇതിന്റെ ഫോണ്‍ സംഭാഷണമുണ്ട്. ജോലി ഭാരവും സിപിഎമ്മിന്റെ ഭീഷണിയുമാണ് ആത്മഹത്യക്ക് കാരണം', അദ്ദേഹം പറഞ്ഞു.

നിഷ്പക്ഷ അന്വേഷണം വേണമെന്നും തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനൊപ്പം എസ്ഐആര്‍ കൊണ്ടുപോകുന്നത് ദുരൂഹമാണെന്നും സണ്ണി ജോസഫ് കൂട്ടിച്ചേര്‍ത്തു. ബിഎല്‍ഒമാര്‍ക്ക് രാഷ്ട്രീയ സമ്മര്‍ദ്ദമുണ്ട്. ബിഎല്‍ഒമാരുടെ സമരത്തിന് പൂര്‍ണ പിന്തുണ നല്‍കുന്നു. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ കണ്ണ് തുറക്കാന്‍ ഈ പ്രതിഷേധം കാരണമാകുമെന്നും സണ്ണി ജോസഫ് പറഞ്ഞു.

ബിഎല്‍ഒയുടെ ആത്മഹത്യയില്‍ ഗൗരവമായ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും പറഞ്ഞു. മരണത്തില്‍ സിപിഐഎം പ്രവര്‍ത്തകര്‍ക്ക് പങ്കുണ്ടെന്നും നേതാക്കള്‍ അടക്കമുള്ളവരുടെ ഭീഷണിയുണ്ടായിട്ടുണ്ടെന്നും വി ഡി സതീശന്‍ ആരോപിച്ചു. ജോലി ഭാരവും ഉണ്ട്. ജോലി ചെയ്തു തീര്‍ക്കാന്‍ കഴിയുന്നില്ല. ബിജെപിയും സിപിഐഎമ്മും ദുരുപയോഗം ചെയ്യുന്നു. കോണ്‍ഗ്രസ് വോട്ടുകള്‍ ചേര്‍ക്കാതിരിക്കാന്‍ നീക്കം നടക്കുന്നുവെന്നും ബിജെപിയില്‍ രണ്ട് ആത്മഹത്യകള്‍ നടന്നെന്നും വി ഡി സതീശന്‍ ആരോപിച്ചു.

അതേസമയം അനീഷ് ജോര്‍ജിന്റെ ആത്മഹത്യക്ക് കാരണം സി.പി.എം ഭീഷണിയാണെന്ന കോണ്‍ഗ്രസ് ആരോപണം തള്ളി സിപിഎം സംസ്ഥാന സെക്രട്ടി എം വി ഗോവിന്ദന്‍. ആരോപണം അസംബന്ധമെന്ന് എം വി ഗോവിന്ദന്‍ പ്രതികരിച്ചു. കാര്യങ്ങള്‍ അനീഷിന്റെ പിതാവ് തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ ബി.ജെ.പിക്ക് സഹായകരമായ നിലപാടാണ് യു.ഡി.എഫ് സ്വീകരിക്കുന്നത്. കള്ളത്തരം പ്രചരിപ്പിച്ചാലാണ് ചിലയാളുകള്‍ക്ക് സമാധാനം ഉണ്ടാവുക. സി.പി.എം ഒരു കാരണവശാലും പാവപ്പെട്ട ബി.എല്‍.ഒമാരുടെ മേല്‍ സമ്മര്‍ദം ചെലുത്തില്ല. അതിന്റെ ഒരാവശ്യവുമില്ലെന്നു അദ്ദേഹം പ്രതികരിച്ചു.

അതേസമയം, എന്യൂമറേഷന്‍ ഫോമുകളില്‍ 22% ജോലി മാത്രമായിരുന്നു അനീഷിന് തീര്‍ക്കാനുണ്ടായതെന്നാണ് ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ടിലുള്ളത്. ഇന്നലെ രാവിലെ ബൂത്ത് ലെവല്‍ സൂപ്പര്‍വൈസര്‍, അനീഷ് ജോര്‍ജിനെ ഫോണില്‍ ബന്ധപ്പെടുകയും സഹായം ആവശ്യമുണ്ടോയെന്ന് ചോദിച്ചിരുന്നു. എന്നാല്‍ ഇനി 50 ഫോമുകള്‍ മാത്രമേ വിതരണം ചെയ്യാന്‍ ബാക്കിയുള്ളൂ എന്നും അത് തനിച്ച് ചെയ്‌തോളാമെന്നുമായിരുന്നു മറുപടി. ജോലിയുമായി ബന്ധപ്പെട്ട് സമ്മര്‍ദം ഉണ്ടായിരുന്നില്ലെന്നും ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ജില്ലാ കളക്ടറുടെ വാദം അനീഷിന്റെ കുടുംബം തള്ളി.

അനീഷ് ജോര്‍ജിന്റെ മൃതദേഹം ഇന്ന് വൈകുന്നേരത്തോടെ സംസ്‌ക്കരിച്ചു. പള്ളിമുക്ക് ലൂര്‍ദ് മാതാ കത്തോലിക്കാ പള്ളി സെമിത്തേരിയില്‍ ആയിരുന്നു ചടങ്ങുകള്‍. ജീവിതത്തിലെ നാനാതുറകളില്‍ ഉള്ളവര്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ വീട്ടിലും പള്ളിയിലും എത്തിയിരുന്നു. രാജ് മോഹന്‍ ഉണ്ണിത്താന്‍ എംപി, പയ്യന്നൂര്‍ എംഎല്‍എ മധുസൂദനന്‍, സിപിഎം നേതാവ് ഇ പി ജയരാജന്‍, സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്, ഡിസിസി പ്രസിഡണ്ട് മാര്‍ട്ടിന്‍ ജോര്‍ജ് തുടങ്ങിയവര്‍ വീട്ടിലെത്തി അന്തിമോപചാരമര്‍പ്പിച്ചു.

ബൂത്ത് ലെവല്‍ ഓഫീസറായി ജോലി ചെയ്യുന്നതിന്റെ സമ്മര്‍ദ്ദം അനീഷിനുണ്ടായിരുന്നു എന്ന് കുടുംബം ആരോപിക്കുന്നുണ്ട്. വ്യക്തിപരമായ മറ്റു കാരണങ്ങളൊന്നുമില്ലെന്നും കഴിഞ്ഞ ദിവസവും വോട്ടര്‍ പട്ടികയുമായി ബന്ധപ്പെട്ട തിരക്കിലായിരുന്നുവെന്നും കുടുംബം പറയുന്നു. അതിനിടെയാണ് ഇന്ന് അനീഷിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്.