- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വന്നു... കണ്ടു.. കീഴടക്കി.... എല്ലാം കോപ്ലിമെന്റ്സ്! ഇനി മുഖ്യമന്ത്രിയുമായി കൂടി സംസാരിക്കും; മേലില്‍ സിപിഐ അറിയാതെ നയപരമായ തീരുമാനം എടുക്കില്ലെന്ന് പിണറായിയെ കൊണ്ട് സമ്മതിപ്പിക്കും; എംഎന്‍ സ്മാരകത്തില്‍ എത്തിയ മന്ത്രി ശിവന്‍കുട്ടി മടങ്ങിയത് എല്ലാം സമവായത്തില്‍ എത്തിച്ച്; അനുനയ നീക്കം സക്സസ്; ഇനി എല്ലാം നേരത്തെ സിപിഐ മന്ത്രിമാരെ അറിയിക്കും; ബിനോയ് വിശ്വം-ശിവന്‍കുട്ടി കൂടിക്കാഴ്ചയിലെ പരിഹാര ഫോര്‍മുല ഇങ്ങനെ
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുടെ ധാരണാപത്രത്തില്‍ വിദ്യാഭ്യാസ വകുപ്പ് ഒപ്പിട്ടതിനെ തുടര്‍ന്ന് ഇടഞ്ഞു നില്‍ക്കുന്ന സിപിഐയെ അനുനയിപ്പിക്കാനുള്ള മന്ത്രി വി.ശിവന്‍കുട്ടിയുടെ യാത്ര പകുതി വിജയം. മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിച്ച ശേഷം സിപിഐ പ്രതിഷേധം അവസാനിപ്പിച്ചേക്കും. സിപിഎമ്മും സിപിഐയും തമ്മിലുള്ള ധാരണയുടെ പേരിലാണ് മന്ത്രി ശിവന്‍കുട്ടി എത്തിയത്. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായി ചര്‍ച്ച നടത്തിയ മന്ത്രി, ധാരണാപത്രം ഒപ്പിടാനുള്ള സാഹചര്യങ്ങള്‍ വിശദീകരിച്ചു. കേന്ദ്ര ഫണ്ട് നഷ്ടപ്പെടാതിരിക്കാനാണ് ധാരണാപത്രം ഒപ്പിട്ടതെന്നും വിദ്യാഭ്യാസ നയങ്ങള്‍ മാറില്ലെന്നും സിപിഐയെ ബോധ്യപ്പെടുത്തി. മന്ത്രിയുടെ വാദം മുഖവില്‌ക്കെടുക്കാനാണ് ബിനോയ് വിശ്വത്തിന്റെ തീരുമാനം. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തതിനാല്‍ കടുത്ത തീരുമാനം എടുക്കില്ല. പിണറായി മന്ത്രിസഭയിലെ സിപിഐ മന്ത്രിമാര്‍ക്കും കടുത്ത നിലപാടുകളിലേക്ക് പോകുന്നതില്‍ താല്‍പ്പര്യമില്ല.
ധാരണാപത്രത്തില്‍ ഒപ്പിടുന്നത് സിപിഐ മന്ത്രിമാര്‍ക്കു പുറമേ സിപിഎം മന്ത്രിമാരും അറിഞ്ഞില്ലെന്നാണ് പുറത്തുവരുന്ന വിവരം. പലരും മാധ്യമ വാര്‍ത്തകളിലൂടെയാണ് വിവരം അറിഞ്ഞത്. ഒക്ടോബര്‍ 16നാണ് ധാരണാപത്രം തയാറാക്കിയത്. രഹസ്യമായ നീക്കങ്ങളാണ് ഡല്‍ഹിയില്‍ നടന്നത്. ഉന്നത ഉദ്യോഗസ്ഥരില്‍ ചിലര്‍ക്കും മന്ത്രിയുടെ ഓഫിസിനുമാണ് വിവരം അറിയാമായിരുന്നത്. കഴിഞ്ഞ ബുധനാഴ്ചത്തെ മന്ത്രിസഭാ യോഗത്തില്‍ പദ്ധതിയെ സിപിഐ എതിര്‍ത്തെങ്കിലും ധാരണാപത്രം തയാറാക്കിയ വിവരം വിദ്യാഭ്യാസമന്ത്രി അവരെ അറിയിച്ചില്ല. കൂട്ടുത്തരവാദിത്തം നഷ്ടമായെന്നും, എന്തു സര്‍ക്കാരാണിതെന്നും സിപിഐ രൂക്ഷവിമര്‍ശനം ഉയര്‍ത്തിയതോടെയാണ് വിദ്യാഭ്യാസമന്ത്രി എം.എന്‍.സ്മാരകത്തില്‍ എത്തിയത്. സൗഹൃദ സംഭാഷണത്തിനാണ് എത്തിയതെന്നായിരുന്നു മന്ത്രിയുടെ മറുപടി. തീര്‍ത്തും വിജയകരമായിരുന്നു സന്ദര്‍ശനമെന്നാണ് എംഎന്‍ സ്മാരകത്തില്‍ നിന്നു ലഭിക്കുന്ന സൂചന. പിഎം ശ്രീയില്‍ ഒപ്പിട്ടതിലെ എതിര്‍പ്പ് മന്ത്രിയെ ബിനോയ് വിശ്വം അറിയിച്ചു. അതിന്റെ സാങ്കേതികത്വം മന്ത്രി വിശദീകരിച്ചു. വിദ്യാഭ്യാസ വകുപ്പിലെ നയപരമായ തീരുമാനമെല്ലാം സിപിഐ മന്ത്രിമാരുടെ ശ്രദ്ധയില്‍ ഇനി നേരത്തെ കൊണ്ടു വരുമെന്നും മന്ത്രി വിശദീകരിച്ചു. അറിയാത പറ്റപ്പോയ പിഴവാണ് നേരത്തെ അറിയിക്കാന്‍ കഴിയാത്തതിന് ന്യായീകരണമായി മന്ത്രി പറഞ്ഞത്. ഇതെല്ലാം സിപിഐ സെക്രട്ടറി ഉള്‍ക്കൊണ്ടുവെന്നാണ് സൂചന. മേലില്‍ ഇത്തരം പിഴവ് ആവര്‍ത്തിക്കില്ലെന്ന ഉറപ്പ് മുഖ്യമന്ത്രി ഇനി സിപിഐയ്ക്ക് നല്‍കും. ഇതോടെ ഈ വിഷയം ഇടതില്‍ കെട്ടടങ്ങും.
പിഎം ശ്രീ പദ്ധതിയില്‍ ഒപ്പിടാനുണ്ടായ സാഹചര്യം വിശദീകരിച്ച് സിപിഐയെ അനുനയിപ്പിക്കാനായിരുന്നു നീക്കം. പ്രതിഷേധത്തില്‍ നിന്നും പിന്മാറാനും ആവശ്യപ്പെട്ടുവെന്നാണ് വിവരം. കൂടിക്കാഴ്ചയെക്കുറിച്ച് പ്രതികരിക്കാന്‍ മന്ത്രി തയ്യാറായില്ല. എല്ലാ പ്രശ്നങ്ങളും തീരും എന്ന് മാത്രമാണ് മന്ത്രി പറഞ്ഞ്. ചര്‍ച്ചയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുന്നില്ലെന്നും മന്ത്രി പറഞ്ഞു. എംഎന്‍ സ്മാരകത്തില്‍ കൂടിക്കാഴ്ച്ചയ്ക്കെത്തിയപ്പോഴും മാധ്യമങ്ങളോട് പ്രതികരിക്കാന്‍ മന്ത്രി വി ശിവന്‍കുട്ടി തയ്യാറായിരുന്നില്ല. മന്ത്രി ജി ആര്‍ അനിലും കൂടിക്കാഴ്ചയില്‍ പങ്കെടുത്തിരുന്നു. നിലപാടില്‍ നിന്നും ഒരിഞ്ച് പിന്നോട്ടില്ലെന്ന നിലപാടിലാണ് സിപിഐ. ഒപ്പിട്ട ധാരണാപത്രം പിന്‍വലിക്കണമെന്നാണ് മുതിര്‍ന്ന സിപിഐ നേതാവ് പ്രകാശ് ബാബു ഇന്ന് രാവിലെ പ്രതികരിച്ചത്. സിപിഐ മുഖപത്രം ജനയുഗത്തിലും വിദ്യാഭ്യാസ വകുപ്പിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ത്തിയിരുന്നു. ബംഗാളിലെ വീഴ്ച ആവര്‍ത്തിക്കരുതെന്നാണ് സിപിഐ കേന്ദ്രസെക്രട്ടറിയേറ്റിന്റെ മുന്നറിയിപ്പ്. സിപിഐയുടെ ആശങ്ക സിപിഎം പരിഗണിച്ചേ മതിയാകൂവെന്നാണ് മന്ത്രി ചിഞ്ചുറാണിയുടെ വാക്കുകള്‍. എന്നാല്‍ പ്രശ്‌നം ഏതാണ്ട് പരിഹരിച്ചുവെന്നാണ് മന്ത്രി ശിവന്‍കുട്ടി നല്‍കുന്ന സൂചന. ഇതെന്തൊരു സര്‍ക്കാരെന്ന് ചോദിച്ചായിരുന്നു മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വമില്ലായ്മയെ കഴിഞ്ഞ ദിവസം ബിനോയ് വിശ്വം വിമര്‍ശിച്ചത്. എല്‍ഡിഎഫ് ഈ രീതിയില്‍ മുന്നോട്ട് പോവുകയാണെങ്കില്‍ അപ്പോള്‍ കാണാമെന്ന വെല്ലുവിളിയും ബിനോയ് വിശ്വം നടത്തിയിരുന്നു. തിങ്കളാഴ്ച ചേരുന്ന സംസ്ഥാന എക്സിക്യൂട്ടിവ് യോഗം തുടര്‍നീക്കങ്ങള്‍ എങ്ങനെ വേണമെന്ന് തീരുമാനിക്കും. അതില്‍ കടുത്ത നിലപാടിലേക്ക് പോകേണ്ടെന്ന ആവശ്യം ബിനോയ് വിശ്വം തന്നെ മുമ്പോട്ട് വയ്ക്കും.
പിഎം ശ്രീ പദ്ധതിയുടെ പേരില്‍ ഇടതു മുന്നണിയില്‍ വലിയ ഭിന്നതയാണ് ഉണ്ടായിരിക്കുന്നത്. മുന്നണിയുടെ കൂട്ടുത്തരവാദിത്തം നഷ്ടമായതായി സിപിഐ വിമര്‍ശിക്കുന്നു. സാമാന്യ മര്യാദ സിപിഎം പാലിച്ചില്ലെന്നും നേതൃത്വം പറയുന്നു. മുന്നണിയില്‍ അപമാനിതരായ സാഹചര്യമാണ് സിപിഐക്ക് ഉണ്ടായത്. 27ലെ നിര്‍വാഹക സമിതിയില്‍ അന്തിമ നിലപാട് സ്വീകരിക്കും. ഇന്നലെ ചേര്‍ന്ന സിപിഐ സെക്രട്ടേറിയറ്റ് യോഗത്തില്‍ രൂക്ഷ വിമര്‍ശനമാണ് ഉണ്ടായത്. എന്നാല്‍ കടുത്ത നിലപാട് എടുക്കാന്‍ ബിനോയ് വിശ്വത്തിന് താല്‍പ്പര്യമില്ല. മുന്നണി മാറ്റം ആത്മഹത്യാ പരമായിരിക്കുമെന്നാണ് വിലയിരുത്തല്‍. തദ്ദേശ തിരഞ്ഞെടുപ്പില്‍ അടക്കം ഇടതില്‍ സമ്മര്‍ദ്ദ ശക്തിയായി നിന്ന് കൂടുതല്‍ സീറ്റ് വാങ്ങാനാകും ശ്രമിക്കുക. പിഎംശ്രീ പദ്ധതിക്കുള്ള ധാരണാപത്രത്തില്‍നിന്ന് കേരളത്തിലെ ഇടതുസര്‍ക്കാര്‍ പിന്മാറണമെന്നാവശ്യപ്പെട്ട് സിപിഎം ജനറല്‍ സെക്രട്ടറിക്ക് സിപിഐ കത്തയച്ചിട്ടുണ്ട്. ഇതിലെ മറുപടിയും സിപിഐ കാക്കുന്നുണ്ട്. ഇതിനിടെയാണ് മന്ത്രി ശിവന്‍കുട്ടി അനുനയ നീക്കവുമായി എത്തിയത്.
നയപരമായവിഷയത്തില്‍ ഒരു ചര്‍ച്ചയുമില്ലാതെ ധാരണാപത്രത്തില്‍ ഒപ്പുവെച്ചത് മുന്നണിമര്യാദയുടെ ലംഘനമാണെന്നും കൂട്ടുത്തരവാദിത്വത്തിന് നിരക്കാത്തതാണെന്നും സിപിഐ ജനറല്‍ സെക്രട്ടറി ഡി. രാജയുടെ കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ചെന്നൈയിലുള്ള എം.എ. ബേബി ശനിയാഴ്ച ഡല്‍ഹിയിലെത്തിയശേഷം രാജ അദ്ദേഹത്തെ നേരില്‍ക്കാണും. വെള്ളിയാഴ്ച ചേര്‍ന്ന പാര്‍ട്ടി കേന്ദ്ര സെക്രട്ടേറിയറ്റ് യോഗത്തില്‍ കേരളത്തില്‍നിന്നുള്ള കെ. പ്രകാശ് ബാബുവാണ് വിഷയം ഉയര്‍ത്തിയത്. ഇടതുപക്ഷത്തിന്റെ പൊതുനയത്തിനും കാഴ്ചപ്പാടിനും വിരുദ്ധമായ നീക്കമാണ് കേരളത്തില്‍ ഉണ്ടായിരിക്കുന്നതെന്നും പാര്‍ട്ടി കേന്ദ്രനേതൃത്വം അതിനാല്‍ വിഷയത്തില്‍ ഇടപെടണമെന്നും പ്രകാശ് ബാബു ചൂണ്ടിക്കാട്ടി. ഇടതുപക്ഷത്തിന്റെ നയം ദുര്‍ബലപ്പെടുത്തി വിട്ടുവീഴ്ചചെയ്യുമ്പോള്‍ അത് രാഷ്ട്രീയമായി തിരിച്ചടിക്കുമെന്നും ബിഹാര്‍ തിരഞ്ഞെടുപ്പിലും അടുത്തവര്‍ഷം നടക്കാനിരിക്കുന്ന കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളിലും അതിന്റെ പ്രതിഫലനമുണ്ടാകുമെന്നും അദ്ദേഹം യോഗത്തില്‍ പറഞ്ഞു.
2007-ല്‍ ബംഗാളിലെ നന്ദിഗ്രാം, സിംഗൂര്‍ കലാപത്തിലേക്ക് നയിച്ച അനുഭവങ്ങള്‍, നയതീരുമാനങ്ങളെടുക്കുന്നതില്‍ പാര്‍ട്ടിക്ക് പാഠമാകണമെന്ന് ചര്‍ച്ചയിലിടപെട്ട അമര്‍ജിത് കൗര്‍ അഭിപ്രായപ്പെട്ടു. അന്ന് ഇടതുനയവ്യതിയാനം സിപിഐ ആഭ്യന്തരയോഗങ്ങളില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഭൂമിയേറ്റെടുക്കലിനോട് പാര്‍ട്ടി യോജിച്ചിരുന്നില്ല. എന്നാല്‍, മുന്നണിമര്യാദ കണക്കിലെടുത്ത് നിലപാട് പരസ്യമാക്കിയില്ല. ഫലത്തില്‍ അത് സിപിഎമ്മിന്റെ തകര്‍ച്ചയിലേക്കാണ് കാര്യങ്ങളെത്തിച്ചത്. ഒപ്പം സിപിഐയെയും ബാധിച്ചു. ഈയൊരു അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ നയവ്യതിയാനം പരസ്യമായി തുറന്നുകാട്ടി തിരുത്തിക്കേണ്ടതുണ്ടെന്ന് അമര്‍ജിത് പറഞ്ഞു.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പരസ്പരധാരണയോടെ ഒപ്പിട്ട ധാരണാപത്രമായതിനാല്‍ സംസ്ഥാനസര്‍ക്കാരിന് ഏകപക്ഷീയമായി പിന്മാറുക എളുപ്പമാവില്ല. എന്നാല്‍, രാഷ്ട്രീയനിലപാട് പ്രഖ്യാപിക്കാന്‍ ഏകപക്ഷീയ പിന്മാറ്റത്തിലൂടെ ഇടതുപക്ഷത്തിന് സാധിക്കുമെന്നതാണ് സിപിഐയുടെ നിലപാട്. പിഎംശ്രീ പദ്ധതിയില്‍ ഒപ്പിടാതിരുന്നതുകൊണ്ട് കേരളസര്‍ക്കാര്‍ അവകാശപ്പെടുന്നതുപോലെയുള്ള സാമ്പത്തികനഷ്ടമുണ്ടാകില്ലെന്നും സിപിഐ ചൂണ്ടിക്കാട്ടി. പദ്ധതിയില്‍ 60 ശതമാനമാണ് കേന്ദ്രവിഹിതം. ഇപ്പോള്‍ ഒപ്പിട്ടതിനാല്‍ ഒരു അക്കാദമികവര്‍ഷത്തെ തുകമാത്രമേ ലഭിക്കാനിടയുള്ളൂ. നാമമാത്രമായ തുകയ്ക്കായി പ്രത്യയശാസ്ത്രനിലപാട് അടിയറവെക്കുന്നത് ഇടതുപക്ഷത്തിന്റെ വിശ്വാസ്യത തകര്‍ക്കുമെന്നും സിപിഐ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി.




