പത്തനംതിട്ട: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാരും സിപിഎമ്മും യുവജന സംഘടനകളും അടക്കം സകലമനുഷ്യരും ദുഖം ആചരിക്കുന്ന വേളയില്‍ പുതുതായി പാര്‍ട്ടിയിലേക്ക് വന്ന് വിവാദ നായകനായി മാറിയ കാപ്പ കേസ് പ്രതിയുടെ പിറന്നാള്‍ ആഘോഷം ഗംഭീരമാക്കി മലയാലപ്പുഴയിലെ സിപിഎം നേതൃത്വം. അനവസരത്തിലുള്ള ആഘോഷത്തിന്റെ വീഡിയോകള്‍ എടുത്ത റീലാക്കി പ്രചരിപ്പിക്കുക കൂടി ചെയ്തതോടെ മുതിര്‍ന്ന നേതാക്കള്‍ വിമര്‍ശനവുമായി രംഗത്തു വന്നു.

മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ കുമ്പഴ ലിജോ ഓഡിറ്റോറിയത്തില്‍ ബിജെപിയില്‍ നിന്ന് സിപിഎമ്മിലേക്ക് മാലയിട്ട് സ്വീകരിച്ച കാപ്പ കേസ് പ്രതി ഇഡലി എന്നു വിളിക്കുന്ന ശരണ്‍ ചന്ദ്രന്റെ പിറന്നാള്‍ ആഘോഷമാണ് വിവാദമായിരിക്കുന്നത്. കാപ്പ എന്നെഴുതിയ കേക്ക് മുറിച്ചാണ് പിറന്നാള്‍ ഗംഭീരമാക്കിയിരിക്കുന്നത്. ഈ നാട് തോല്‍ക്കില്ല ഡിവൈഎഫ്ഐ എന്ന അടിക്കുറിപ്പോടെയാണ് കാപ്പ കേക്കിന്റെ പടം ഷെയര്‍ ചെയ്യുന്നത്.

ശനിയാഴ്ച രാത്രി മലയാലപ്പുഴയില്‍ നടുറോഡില്‍ വാഹനം നിര്‍ത്തിയിട്ട് അതിന്റെ ബോണറ്റില്‍ കേക്കുകള്‍ നിരത്തി വച്ചായിരുന്നു ആഘോഷം. വിവിധ തരത്തിലുള്ള അഞ്ച് കേക്കുകളാണ് ബോണറ്റില്‍ നിരന്നത്. സിപിഎം-ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണ് ആഘോഷം സംഘടിപ്പിച്ചത്. കാപ്പ കേസ് പ്രതി ശരണ്‍ ഉള്‍പ്പെടെ 62 പേരെയാണ് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്, സിപിഎം ജില്ലാ സെക്രട്ടറി കെപി ഉദയഭാനു, പത്തനംതിട്ട ഏരിയ സെക്രട്ടറി എം.വി. സഞ്ചു എന്നിവരുടെ നേതൃത്വത്തില്‍ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്. ശരണിന്റെ കാപ്പ കേസ് പുറത്തു വന്നതോടെ സിപിഎം പ്രതിരോധത്തിലായി. ന്യായീകരിച്ച് മെഴുകിയെങ്കിലും പേരുദോഷം മാറിയില്ല.

തൊട്ടു പിന്നാലെ ഈ സംഘത്തിലെ തന്നെ യദുവെന്ന ചെറുപ്പക്കാരനെ കഞ്ചാവുമായി എക്സൈസ് സംഘം പിടികൂടിയത് പാര്‍ട്ടിക്ക് വീണ്ടും തിരിച്ചടിയായി. അതിന് ശേഷമാണ് മന്ത്രി മാലയിട്ടവരില്‍ സിപിഎം ഡിവൈഎഫ്ഐ നേതാക്കളെ കൊല്ലാന്‍ ശ്രമിച്ച കേസില്‍ അകത്തു പോയ സുധീഷിന്റെ കാര്യം പൊങ്ങി വന്നത്. ഇതെല്ലാം സിപിഎമ്മിനും ആരോഗ്യമന്ത്രിക്കും തലവേദന സൃഷ്ടിച്ച ഇഡലിയുടെ പിറന്നാള്‍ ആഘോഷം കൊണ്ടാടിയിരിക്കുന്നത്.

പോലീസിനെയും സകലമാന നിയമ സംവിധാനത്തെയും പരിഹസിച്ചും വെല്ലുവിളിച്ചുമായിരുന്നു ആഘോഷം. ആഘോഷത്തോട് സിപിഎം നേതാക്കള്‍ക്ക് എതിര്‍പ്പില്ല. പക്ഷേ, അതിന് തെരഞ്ഞെടുത്ത സമയമാണ് മുതിര്‍ന്ന നേതാക്കളില്‍ അസംതൃപ്തി ഉണ്ടാക്കിയിരിക്കുന്നത്. വ്യാപകമായി റീലുകള്‍ പ്രചരിപ്പിക്കുകയാണ്. മാധ്യമങ്ങള്‍ ഇതും വാര്‍ത്തയാക്കട്ടെ എന്നാണ് ഇവരുടെ വെല്ലുവിളി.