- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
'എങ്ങോട്ടും ഒളിച്ചോടിയിട്ടില്ല; രാഹുലിനെതിരെ നിയമപരമായി ഒരു പരാതിയും ഇല്ല; ആരോപണം വന്നയുടനെ രാജി പ്രഖ്യാപിച്ചു; സംഘടന ചുമതല ഒഴിഞ്ഞിട്ടും ധാര്‍മികത പഠിപ്പിക്കുന്നു; വിവാദങ്ങളില്‍ കോണ്‍ഗ്രസ് നിര്‍വീര്യമാകില്ല'; രാഹുല്‍ മാങ്കൂട്ടത്തിലിനെ പ്രതിരോധിച്ച് ഷാഫി പറമ്പില്‍
രാഹുല്‍ മാങ്കൂട്ടത്തിലിനെ പ്രതിരോധിച്ച് ഷാഫി പറമ്പില്‍
വടകര: വിവാദങ്ങളില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ പ്രതിരോധിച്ചും പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും മാധ്യമങ്ങള്‍ക്കും എതിരെ വിമര്‍ശനം ഉന്നയിച്ചും ഷാഫി പറമ്പില്‍. വിവാദത്തിന് പിന്നാലെ എങ്ങോട്ടും ഒളിച്ചോടിയിട്ടില്ലെന്നും മുങ്ങിയെന്ന പരാമര്‍ശം തെറ്റാണെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. ബിഹാറില്‍ പോയത് പാര്‍ട്ടി ഉത്തരവാദിത്തത്തിന്റെ ഭാഗമായിട്ടാണ്. രാഹുലിനെതിരെ നിയമപരമായ ഒരു പരാതിയുമില്ലെന്നും ആരോപണം വന്നയുടന്‍ തന്നെ രാഹുല്‍ രാജി പ്രഖ്യാപിച്ചുവെന്നുമാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെയുള്ള ആരോപണങ്ങളെക്കുറിച്ച് ഷാഫി പ്രതികരിച്ചത്.
രാഹുല്‍ രാജിസന്നദ്ധത സ്വയം പാര്‍ട്ടിയെ അറിയിക്കുകയായിരുന്നെന്നും എന്നിട്ടും കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തുകയാണന്ന് ഷാഫി കൂട്ടിച്ചേര്‍ത്തു. സംഘടന ചുമതല ഒഴിഞ്ഞിട്ടും കോണ്‍ഗ്രസിനെ ധാര്‍മികത പഠിപ്പിക്കുകയാണെന്നും അദ്ദേഹം വടകരയില്‍ പറഞ്ഞു. വിവാദങ്ങളില്‍ കോണ്‍ഗ്രസ് നിര്‍വീര്യമാകില്ലെന്നും ഷാഫി വ്യക്തമാക്കി. രാജി ആവശ്യപ്പെടാന്‍ സിപിഎമ്മിനും ബിജെപിക്കും ധാര്‍മികതയെന്തെന്നും ഷാഫി പറമ്പില്‍ ചോദിച്ചു.
ആരോപണങ്ങളുമായി ബന്ധപ്പെട്ട് രാഹുലിന്റെ രാജി പ്രധാനമായ ചുവട് തന്നെയാണ്. എന്നാല്‍ കോണ്‍ഗ്രസിനെ നിര്‍വീര്യമാക്കാനും സര്‍ക്കാരിന്റെ ചെയ്തികള്‍ ജനങ്ങളുടെ മുന്‍പില്‍ മറച്ചുവയ്ക്കാനുമുള്ള ശ്രമങ്ങളാണോ ഈ ആരോപണങ്ങളും പ്രതിഷേധങ്ങളും കൊണ്ട് പലരും ലക്ഷ്യമിടുന്നതെന്നും ഷാഫി ചോദിച്ചു.
ഷാഫിക്കെതിരെ സിപിഎം പ്രതിഷേധം
രാഹുല്‍ മാങ്കൂട്ടത്തിനെതിരായ ആരോപണങ്ങളില്‍ വടകരയില്‍ ഷാഫി പറമ്പില്‍ പങ്കെടുക്കുന്ന പരിപാടിയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി സിപിഎം പ്രവര്‍ത്തകര്‍. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം.
ദേശീയപാത നിര്‍മാണത്തിലെ അനാസ്ഥയ്‌ക്കെതിരെ സംഘടിപ്പിച്ചിരിക്കുന്ന പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് ഷാഫി പറമ്പിലിനെതിരെ പ്രതിഷേധവുമായി ഇടതുപ്രവര്‍ത്തകര്‍ എത്തിയത്. പ്രതിഷേധം മുന്നില്‍കണ്ട് കനത്ത സുരക്ഷയാണ് പോലീസ് പ്രദേശത്ത് ഒരുക്കിയിട്ടുള്ളത്. പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഉന്തു തള്ളുമുണ്ടായി. പ്രതിഷേധക്കാര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
പ്രതിപക്ഷനേതാവ് വി.ഡി. സതീശനും ഷാഫി പറമ്പില്‍ എംപിയുമാണ് രാഹുലിനെ സംരക്ഷിക്കുന്നതെന്നാണ് പ്രവര്‍ത്തകരുടെ ആരോപണം. സംസ്ഥാനവ്യാപകമായി പ്രതിഷേധം വ്യാപിപ്പിക്കാനുള്ള നീക്കത്തിലാണ് ഇടതുസംഘടനകള്‍.